ബഹ്റൈന്റെ പ്രധാന സാമ്പത്തിക മേഖലകളെ ലക്ഷ്യമിട്ട് ഹാക്കർമാർ


മനാമ : കഴിഞ്ഞ ഏതാനും മാസങ്ങളായി ബഹ്റൈനിൽ തുടർച്ചയായ സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നതായി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ബഹ്റൈൻ സർക്കാരിനും സ്വകാര്യ സ്ഥാപനങ്ങൾക്കും നേരെയുള്ള സൈബർ ആക്രമണങ്ങളിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് ഇൻഫർമേഷൻ ആൻറ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ) ചീഫ് എക്സിക്യുട്ടീവ് മുഹമ്മദ് അലി അൽഖയീദ് പറഞ്ഞു. ആക്രമണങ്ങളെ കൈകാര്യം ചെയ്യുന്നതിൽ ഐ.ജി.എക്ക് സാധിക്കുന്നുണ്ടെന്നും സർക്കാരിനോ സ്വകാര്യസ്ഥാപനങ്ങൾക്കോ ഇത്തരം ആക്രമണങ്ങൾ യാതൊരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏതാനും വർഷങ്ങളായി മേഖലയിൽ അടിക്കടി ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത്തരം അക്രമങ്ങൾക്കെതിരെ ആവശ്യമായ രീതിൽ ഞങ്ങൾ ഇടപെടുന്നുണ്ട്. ഈ ആക്രമണങ്ങൾ വെല്ലുവിളികൾ ഉണ്ടാക്കിയിട്ടില്ല. ആക്രമണങ്ങളുടെ പേരിൽ ഓർഗനൈസേഷനുകളോ വ്യവസായങ്ങളോ അടച്ചിടേണ്ടതില്ല. തുടർച്ചയായുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടും രാജ്യത്തുടനീളമുള്ള പ്രവർത്തനങ്ങൾ സാധാരണ രീതിയിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി, ബാങ്കിങ് മേഖലകൾ തുടങ്ങിയ വൻകിട മേഖലകളാണ് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നേരിടുന്നതെന്നും മുഹമ്മദ് അലി അൽഖയീദ് പറഞ്ഞു. ബഹ്റൈനിൽ വലിയ ഇവന്റുകൾ നടക്കുമ്പോൾ ഇത്തരത്തിലുള്ള ആക്രമണങ്ങൾ പെരുകാറുണ്ട്. അവധി ദിനങ്ങളിലും സൈബർ ആക്രമണങ്ങൾ വർദ്ധിക്കും. ലീഫ് മൈനർ പോലുള്ള പുതിയ സൈബർ ഭീഷണികൾ ബഹ്റൈനെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ ആസ്ഥാനമായുള്ള സൈബർ സ്പേസ് ഗ്രൂപ്പായ ലീഫ് മൈനർ ലക്ഷ്യമിടുന്ന രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈൻ. യുഎസ് സൈബർ സെക്യൂരിറ്റി കമ്പനിയായ സിമാൻടെക് ആണ് ഇക്കാര്യം പുറത്തുവിട്ടത്.

ടെലികമ്യൂണിക്കേഷൻ മേഖല, ഊർജ്ജ മേഖല, സാമ്പത്തിക സേവനങ്ങൾ, ഗതാഗത മേഖല, ഗവൺമെന്റ് സ്ഥാപനങ്ങൾ എന്നിവയാണ് സൈബർ ഭീകര സംഘങ്ങൾ ലക്ഷ്യമിട്ടിരുന്ന മേഖലകൾ. ബഹ്റൈനിൽ ലീഫ് മൈനർ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അൽഖയീദ് സ്ഥിരീകരിച്ചു. ജപ്പാനിലെ ട്രെൻഡ് മൈക്രോ ഇൻകോർപറേറ്റ് നടത്തിയ പഠനത്തിൽ ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ ബഹ്റൈനിൽ ലക്ഷക്കണക്കിന് റാൻസംവെയർ ആക്രമണങ്ങൾ ലക്ഷ്യംവച്ചതായി കണ്ടെത്തിയിരുന്നു. ആഗോളതലത്തിൽ കണ്ടെത്തിയ 1.7 ബില്ല്യൺ റാൻസംവെയർ ആക്രമണങ്ങളുടെ ഭാഗമാണിത്. ട്രെൻഡ് മൈക്രോയുടെ കണക്കനുസരിച്ച്, ആദ്യപാദത്തിൽ ബഹ്റിനിൽ 26,860 മാൽവെയറുകളും 202,241 മാൽവെയർ ആക്രമണങ്ങളും കണ്ടെത്തിയിരുന്നു.

You might also like

Most Viewed