സഹായധനം കൈമാറി


മനാമ : ബഹ്റൈനിൽ ജോലി ചെയ്യുന്നതിനിടെ മരണമടഞ്ഞ ആലപ്പുഴ, നൂറനാട് സ്വദേശി നാസറിന്റെ കുടുംബത്തിന് അദ്ദേഹത്തിന്റെ നാട്ടുകാരായ ബഹ്റൈൻ പ്രവാസികൾ സമാഹരിച്ച സഹായ ധനം നാട്ടിൽ വച്ച് കൈമാറി. ബഹ്റൈനിലെ നൂറനാട്, പാലമേൽ, താമരക്കുളം, ചുനക്കര പഞ്ചായത്തു നിവാസികൾ ചേർന്ന് സ്വരൂ­പിച്ച 2,20,135 രൂ­പയാണ് കുടുംബത്തിന് കൈമാറിയത്. ആലപ്പുഴ ജില്ല പഞ്ചായത്ത് മെന്പർ വിശ്വൻ പടനിലം, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മെന്പർ പി.പി കോശി, സാമൂഹിക പ്രവർത്തകൻ കെ.ആർ നായർ, സുരേഷ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നൂറനാട് സബ് ഇൻസ്പെക്ടർ വി. ബിജു, കെ.ഇ സലിം റാവുത്തർ എന്നിവർ ചേർന്നാണ് നാസറിന്റെ കുടുംബത്തിന് സഹായധനം കൈമാറിയത്.

മുന്ന് ലക്ഷത്തോളം രൂ­പയുടെ കടബാധ്യത തീർക്കാനും മുന്ന് പെണ്മക്കളുടെ നല്ല ഭാവിയും സ്വപ്നം കണ്ടാണ് നാസർ രണ്ട് വർഷം മുന്പ് ബഹ്റൈനിലെ ഒരു ക്ലീനിങ് കന്പനിയിൽ ജോലി ആരംഭിച്ചത്. എന്നാൽ പ്രതീക്ഷകളെ തകിടം മറിച്ചു­കൊ­ണ്ട്, കഴിഞ്ഞ മാസമാണ് അദ്ദേഹം ബഹ്റൈനിൽ വെച്ച് മരണപ്പെട്ടത്. പഠനത്തിൽ മിടുക്കരായ മക്കളുടെ തുടർ­പഠനം പോലും അനിശ്ചിതാവസ്ഥയിൽ ആയതറിഞ്ഞ ബഹ്റൈനിലെ സുമനസ്സുകൾ ആയ പ്രദേശവാസികൾ പ്രാദേശിക കൂട്ടായ്മ രൂ­പീകരിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാൻ മുന്നിട്ടിറങ്ങുകയുമായിരുന്നു.

തുടർന്നും ഇതേ കൂട്ടായ്മ തുടർന്ന് കൊണ്ട് പോകുവാനും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുവാനുമാണ് തീരുമാനിച്ചിരിക്കുന്നതെന്നും കൂട്ടായ്മയ്ക്ക് നേതൃത്വം കൊ­ടുത്ത, അശോകൻ താമരക്കുളം, സിബിൻ സലിം, സുഭാഷ്, എബി ജോർജ്, ഗിരീഷ്, പ്രദീ­പ്, പ്രകാശ്, പ്രമോദ്, സന്തോഷ് വർഗീസ് എന്നിവർ അറിയിച്ചു.

You might also like

Most Viewed