വേനലവധി കഴിഞ്ഞിട്ടും വിപണിയിൽ പതിവ് ഉണർവ്വില്ലെന്ന് വ്യാപാരികൾ


മനാമ : വേനലവധി കഴിഞ്ഞിട്ടും വിപണിയിൽ പതിവിലുള്ള ഉണർവ്വില്ലെന്ന് വ്യാപാരികൾ പറയുന്നു.വേനൽ അവധിക്കു പ്രവാസികൾ എല്ലാം നാട്ടിലേയ്ക്ക് പോയി മടങ്ങിവന്നിട്ടും വിപണിയിൽ മാന്ദ്യം മലയാളികളുടെ ആഘോഷങ്ങൾ ഇല്ലാതായതാണെന്ന് വ്യാപാരികൾ പറയുന്നു. വേനലവധി കഴിഞ്ഞാൽ സ്‌കൂളുകൾ തുറക്കുന്നതോടെ സാധാരണയായി സൂപ്പർ മാർക്കറ്റുകളിൽ അടക്കമുള്ള വ്യാപാര സ്‌ഥാപനങ്ങളിൽ നല്ല തിരക്കാണ് അനുഭവപ്പെടാറുള്ളത്.എന്നാൽ ഇത്തവണ കേരളത്തിൽ ഉണ്ടായ പ്രളയം പ്രവാസി മലയാളി കളുടെ ആഘോഷങ്ങളെ തല്ലിക്കെടുക്കുകയും പരമാവധി പർച്ചേയ്‌സിംഗുകൾ ഒഴിവാക്കുകയും ചെയ്തതോടെ വിപണിയിൽ വലിയ തോതിൽ പ്രതിഫലിച്ചതായി വ്യാപാരികൾ പറയുന്നു.

സാധാരണയായി സ്‌കൂൾ തുറക്കുന്നതോടെ സ്‌കൂൾ സ്റ്റേഷനറി വ്യാപാരം സജീവമാകാറുണ്ട്. ഇത്തവണ ആ മേഖലയും കടുത്ത പ്രതിസന്ധിയിലാണ്. സ്‌കൂൾ വിദ്യാർഥികൾ പരമാവധി ചെലവ് ചുരുക്കുന്നുണ്ട്. സാധാരണയായി വേനലവധി കഴിഞ്ഞു സ്‌കൂൾ തുറക്കുമ്പോൾ പുതിയ യൂണിഫോമുകളും മട്ടും വാങ്ങുകയാണ് പതിവ്. ഇക്കുറി പലരും പഴയ യൂണിഫോം തന്നെ ഉപയോഗിക്കാനാണ് കൂടുതൽ രക്ഷിതാക്കളും കുട്ടികളെ നിര്ബന്ധിക്കുന്നതും .ഓണാഘോഷങ്ങൾ ഇല്ലാതായത് വസ്ത്ര വിപണിയെ ഇത്തവണ വലിയ തോതിലാണ് ബാധിച്ചത്.ബഹ്‌റൈൻ കേരളീയ സമാജ്‌ഞം അടക്കമുള്ള സ്‌ഥലങ്ങളിൽ നടക്കുന്ന ഓണാഘോഷങ്ങളിൽ സംബന്ധിക്കുന്ന മലയാളികൾ വൈവിധ്യങ്ങളായ ഉടുപ്പുകളാണ് ഓണത്തിനും ഓണ സദ്യയ്ക്കും അണിഞ്ഞു വരാറുള്ളത്.

പ്രളയവുമായി ബന്ധപ്പെട്ട് ഓണാഘോഷങ്ങൾ നിർത്തലാക്കിയതോടെ മലയാളികൾ ജൗളിക്കടകളിലെ പർച്ചേയ്‌സിംഗ് മുഴുവനായും മാറ്റിവെച്ചു. അതോടെ കേരളത്തിൽ നിന്ന് അടക്കമുള്ള കൈത്തറി ശാലകളിൽ നിന്നും മുംബൈ,ബംഗളൂരു തുടങ്ങിയ വൻ നഗരങ്ങളിൽ നിന്നുമായി വസ്ത്രങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്ത പല കടക്കാരുടെയും ബിസിനസ് കുത്തനെ ഇടിഞ്ഞു.ബാക്ക് റ്റു സ്‌കൂൾ പ്രമോഷൻ പല സൂപ്പര്മാര്ക്കറ്റുകളിലും ആരംഭിച്ചു കൊണ്ട് സ്‌കൂൾ വിപണിയെ സജീവമാകാനുള്ള നടപടികൾ വ്യാപാരികൾ ആരംഭിച്ചിട്ടുണ്ട്.അവധി ദിവസങ്ങളിൽ സൂപ്പർമാർക്കറ്റിൽ സാമാന്യം ഭേദപ്പെട്ട തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും മറ്റു ദിവസങ്ങളിൽ വലിയ മാന്ദ്യം തന്നെയാണെന്ന് വ്യാപാരികൾ സമ്മതിക്കുന്നു.കേരളത്തിലെ പ്രളയത്തെ തുടർന്ന് നിർത്തിവച്ച ഓണാഘോഷങ്ങൾ വീണ്ടും നടത്താനുള്ള ആലോചനകൾ സംഘടനകൾ എല്ലാം നടത്തുമ്പോൾ അത് വിപണിയിൽ വലിയ തോതിലുള്ള ചലനങ്ങൾ ഉണ്ടാക്കപ്പെടുമെന്നാണ് വ്യാപാരി സമൂഹം കരുതുന്നത്.

You might also like

Most Viewed