കേരളത്തിലെ പ്രളയബാധിതർക്ക് ക്ലൗഡ് ഓഫ് ഹോപ്പിന്റെ വൈദ്യ സഹായം


മനാമ : അറേബ്യൻ ഗൾഫ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ക്ലൗഡ് ഓഫ് ഹോപ്പ്' സംഘവും ജി.സി.സിയിൽ നിന്നുള്ള സന്നദ്ധസേവകരും കേരളത്തിലെ പ്രളയബാധിതർക്ക് നല്കിവന്നിരുന്ന സൗജന്യ വൈദ്യ സഹായവും രക്ഷാപ്രവർത്തനങ്ങളും അവസാനിപ്പിച്ചു. തങ്ങളുടെ പ്രവർത്തങ്ങൾ തൃപ്തികരവും വിജയകരവുമായിരുന്നതായും അവർ വ്യക്തമാക്കി. വിജയകരമായ തങ്ങളുടെ മുൻ ദൗത്യങ്ങൾക്കൊപ്പം സംഘത്തിന്റെ ഈ വിജയവും ചേർക്കുന്നതായും അവർ വ്യക്തമാക്കി. കഴിഞ്ഞ വർഷം ടാൻസാനിയയിലെ സാൻസിബാർ ദ്വീപിൽ നടത്തിയ ആദ്യ ദൗത്യത്തിന്റെ വിജയത്തിനു ശേഷം, കേരളത്തിലെ മഴയും പ്രളയവും മൂലം ദുരിതമനുഭവിച്ച നൂറുകണക്കിന് കുട്ടികൾക്കും, സ്ത്രീകൾക്കും, മുതിർന്നവർക്കും, അനാഥർക്കും വൈദ്യസഹായം നൽകാനായതായി 'ക്ലൗഡ് ഓഫ് ഹോപ്പ്' വ്യക്തമാക്കി.

അസാധാരണമായ സാഹചര്യത്തിൽ പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും രോഗപ്രതിരോധ മാർഗങ്ങളും ദുരിത ബാധിതർക്ക് 'ക്ലൗഡ് ഓഫ് ഹോപ്പ്' സംഘം നൽകി. ഇതോടൊപ്പം ബോധവത്കരണത്തിനായി ചില മെഡിക്കൽ സെന്ററുകളും അനാഥാലയങ്ങളും പ്രവർത്തകർ സന്ദർശിച്ചു. കൂടാതെ കേരളത്തിലെ ഗ്രാമീണ മേഖലകളിലെ പാവപ്പെട്ടവരും അനാഥരും ആയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ പിന്തുണയും സംഘം നൽകും. പ്രഥമ ശിശ്രൂഷക്ക് ആവശ്യമായ മരുന്നുകളും ഇതിന് ആവശ്യമായ പരിശീലനങ്ങളും 'ക്ലൗഡ് ഓഫ് ഹോപ്പ്' സംഘം നൽകി. വിദ്യാർത്ഥികൾക്ക് മരുന്നുകൾ, സ്കൂൾ ബാഗുകൾ എന്നിവ നൽകുമെന്നും അവർ അറിയിച്ചു.

മെഡിക്കൽ വിദ്യാർത്ഥികളും അനേകം യുവ വോളണ്ടിയർമാരും ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമുള്ള സഹായങ്ങൾ ലഭ്യമാക്കുന്നതിൽ മുന്നിട്ടിറങ്ങിയത് അതുല്യമായ അനുഭവമായിരുന്നുവെന്ന് എജിയു ഫിസിയോളജി വിഭാഗം തലവൻ ഡോ. ആമെർ അൽ അൻസാരി പറഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ സാധാരണ ലഭ്യമല്ലാത്ത തരത്തിലുള്ള ബുദ്ധിമുട്ടേറിയതും അസാധാരണവുമായ സാഹചര്യങ്ങളിൽ ഇത് പ്രായോഗിക പരിശീലനമായിരുന്നു എന്നതിനാൽ ഈ അനുഭവം അവർക്ക് മുതൽക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.

പ്രൊഫസർമാരും അധ്യാപകരും എന്ന നിലയിൽ ഡോക്ടർമാരോട് അവരുടെ പ്രൊഫഷന്റെയും മനുഷ്യത്വത്തിൻറെയും പരിപൂർണതയെ കുറിച്ച് ബോധവത്കരിക്കാൻ തങ്ങൾക്ക് കഴിഞ്ഞു. ഈ സംരംഭം ആവശ്യക്കാർക്ക് ആശ്വാസം നൽകുകയും മനുഷ്യത്വവും സ്വമേധാ സേവനത്തെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. എല്ലായിടത്തും പ്രത്യാശ നൽകുന്ന സന്നദ്ധപ്രവർത്തനത്തിന് മുൻകൈയെടുക്കുക എന്നാണ് ഈ സംരംഭം ആരംഭിച്ച യൂസുഫ് അൽ തണ്ടീൽ പറഞ്ഞത്.

You might also like

Most Viewed