വാറ്റ് : അക്കൗണ്ടിംഗ് മേഖലയിൽ തൊഴിലവസരങ്ങൾ വർധിക്കും


മനാമ : രാജ്യത്ത് വാല്യൂ ആഡഡ് ടാക്സ് (മൂല്യ വർദ്ധിത നികുതി സമ്പ്രദായം) നടപ്പിൽ വരുന്നതോടു കൂടി അക്കൗണ്ടിംഗ് മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. പ്രത്യേകിച്ച് ബഹറിനിൽ നിരവധി പ്രവാസികളുടെ സംരംഭങ്ങൾ ഉള്ളത് കൊണ്ട് തന്നെ വാറ്റ് നടപ്പിലാക്കുമ്പോൾ ഈ സമ്പ്രദായത്തിലേക്ക് എല്ലാവരും നീങ്ങേണ്ടി വരും. അത് കൊണ്ട് തന്നെ വാറ്റ് ഉൾപ്പെടുത്തിയിട്ടുള്ള അക്കൗണ്ടിംഗ് സോഫ്റ്റ് വെയർ ആയിരിക്കും മിക്ക കമ്പനികളും ഉപയോഗിക്കുക. ഇപ്പോൾ തന്നെ നിരവധി സോഫ്റ്റ് വെയർ കമ്പനികളും വാറ്റുമായി ബന്ധപ്പെട്ട പരിജ്ഞാനം ഉള്ള നിരവധി കമ്പനികളും രാജ്യത്തു തുടങ്ങിക്കഴിഞ്ഞു.

വാറ്റ് ഫയലിംഗ്, പ്രോസസിംഗ് തുടങ്ങിയവ പരിശീലിപ്പിക്കുന്നതിനും ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനും വേണ്ടി പ്രമുഖ കന്പനികൾ രാജ്യത്ത് പ്രവർത്തിച്ചു തുടങ്ങിയതായാണു റിപ്പോർട്ട്. അക്കൗണ്ടിംഗ്, ചാർട്ടേർഡ് അക്കൗണ്ടന്റ് രംഗത്തുള്ളവർക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശം നൽകുകയും മൂല്യവർദ്ധിത നികുതി ഓരോ കന്പനികൾക്കും ആവശ്യമായ രീതിയിൽ ക്രമീകരിക്കുന്നതിനുള്ള വിവിധ സോഫ്റ്റ്വെയറുകളും ഇതോടെ കന്പനികൾ പുറത്തിറക്കുകയും വൻകിട കാമോണികളുമായി ആശയവിനിമയം നടത്തുകയും ചെയ്തുകഴിഞ്ഞു. കോമേഴ്‌സ് ബിരുദ ധാരികൾക്കും അക്കൗണ്ടിംഗ്, ഇ ആർ പി കോഴ്‌സുകൾ ചെയ്തവർക്കും അടുത്ത വർഷം ഗൾഫിൽ മികച്ച തൊഴിലവസരങ്ങളുണ്ടാകുമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കണക്കുകൂട്ടൽ.

എന്നാൽ വാറ്റ് ഇന്ത്യയിൽ നടപ്പിലായപ്പോൾ വിലക്കയറ്റം ഉണ്ടായത് പോലെ രാജ്യത്തും വില വർദ്ധനവ് ഉണ്ടാകുമോ എന്നുള്ള ഭീതി ആസ്‌ഥാനത്താണെന്ന് വിദഗ്ധരുടെ അഭിപ്രായം. ഇന്ത്യ പോലുള്ള വലിയ ഒരു രാജ്യത്ത് ഇത് നടപ്പിലാക്കുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കാത്തത് കൊണ്ടും ഉദ്യോഗസ്‌ഥ തലത്തിൽ പല മേഖളകിലും ഇത് നടപ്പിലാക്കുമ്പോൾ ഉണ്ടായ വീഴ്ചയും കാരണം പലരും പല തരത്തിൽ ജനങ്ങളെ ഈ നികുതിയുടെ പേരിൽ ചൂഷണം ചെയ്തുവെന്നും അത് കൊണ്ട് തന്നെ ഗുണത്തിന് പകരം ദോഷമാണ് ഉണ്ടായതെന്നും ഇവർ പറയുന്നു. യഥാർത്ഥത്തിൽ വാറ്റ് നടപ്പിലാക്കുമ്പോൾ വില കുറയുകയാണ് വേണ്ടതെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു. ബഹറിനിൽ നിലവിൽ എന്തെങ്കിലും തരത്തിലുള്ള നികുതി ഉൾപ്പെടുത്തുന്നുണ്ടോ എന്നുള്ള കാര്യം വ്യക്തമല്ലെന്നും അങ്ങിനെയെങ്കിൽ വാറ്റ് നടപ്പിലാക്കുമ്പോൾ അത് വില കൂടുതൽ ആകുമെന്നും അവർ പറയുന്നു. ജനറൽ ടാക്സ് നിലവിൽ ഉള്ള രാജ്യങ്ങളിൽ വാറ്റ് നടപ്പിലാക്കുമ്പോൾ വില കുറയുകയാണ് വേണ്ടതെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

2019 ജനുവരിയിൽ ബഹ്‌റൈനിലും വാറ്റ് സമ്പ്രദായം നടപ്പാക്കാൻ തന്നെയാണ് തീരുമാനമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.അതോടെ നിത്യോപയോഗ സാധനങ്ങൾ അടക്കമുള്ള മിക്ക സാധനങ്ങൾക്കും സേവനങ്ങൾക്കും 5 ശതമാനം നികുതി ഏർപ്പെടുത്തും. ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, തുടങ്ങിയ മേഖലകളിലാണ് ആദ്യം വാറ്റ് നടപ്പിൽ വരുത്തുന്നതെങ്കിലും വൈകാതെ തന്നെ മറ്റു മേഖലകളിലും വാറ്റ് സമ്പ്രദായം നടപ്പിൽ വരാനാണ് സാധ്യത. ടെലി കമ്മ്യൂണിക്കേഷൻ, ജല വൈദ്യുതി വകുപ്പുകൾ, ട്രാഫിക്, ലൈസൻസ് ഡിപ്പാർട്ട്മെന്റ്, റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ, ഓയിൽ, ആധുനിക കാറുകൾ, വാഹനങ്ങൾ, മൊബൈൽ ഫോൺ, വാച്ചുകൾ, വസ്ത്രങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലും വാറ്റ് സമ്പ്രദായം വൈകാതെ തന്നെ നടപ്പിൽ വരും. ഒരു വര്ഷം തന്നെ രാജ്യത്ത് വാറ്റിലൂടെ വർഷത്തിൽ 1 .3 ബില്യൺ ദിനാർ വരുമാനത്തിൽ വര്ധനവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ജി സി സി രാജ്യങ്ങളിൽ എല്ലാം തന്നെ മൂല്യവർധിത നികുതി സമ്പ്രദായം നടപ്പിലാക്കുന്നതിനെപ്പറ്റി രണ്ടു വര്ഷങ്ങള്ക്കു മുൻപേ തന്നെ ചർച്ചകൾ ആരംഭിച്ചിരുന്നുവെങ്കിലും 2018 ആദ്യമാണ് ഭരണഘടനാ പരമായും നിയമപരവുമായ തീരുമാനം നടപ്പിലാക്കാനുള്ള കരാറിൽ ധനമന്ത്രി ഒപ്പുവച്ചത്. അടിസ്‌ഥാന ഭക്ഷണ സാധനങ്ങൾ,മരുന്നുകൾ അനുബന്ധ സാധനങ്ങൾ എന്നിവയ്ക്ക് ഈ നികുതി ചുമത്തില്ലെന്നാണ് അറിയുന്നത്. ഇതിനായി പാർലമെന്റും ശൂറാ കൗൺസിലും പ്രത്യേകം നിയമം പാസ്സ്‌ക്കിയ ശേഷം നടപടികൾ ആരംഭിക്കുമെന്ന് ധനമന്ത്രി പറയുകയുണ്ടായി. എന്നാൽ പുതിയ പരിഷ്‌കാരങ്ങൾ ആദായ നികുതി അല്ലെന്നും മന്ത്രി വ്യക്തമാക്കി. 90 ശതമാനത്തോളം ഉൽപ്പന്നങ്ങളും ഈ നികുതിക്ക് പുറത്തായതിനാൽ പുതിയ പരിഷ്‌ക്കാരം കുറഞ്ഞ വരുമാനക്കാരായ പൗരന്മാരെ ബാധിക്കില്ലെന്നാണ് മന്ത്രാലയം പറയുന്നതെങ്കിലും പരോക്ഷമായി ഇത് സാധാരണക്കാരെയും ബാധിക്കുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

You might also like

Most Viewed