പ്രിയേഷിന് പ്രവാസത്തിൽ നിന്ന് തിരികെ മടങ്ങാൻ ഇനി വീടില്ല

മനാമ : തിരികെ വരുമെന്ന വാർത്ത കേൾക്കാൻ കാത്തിരിക്കുന്ന വീട്ടുകാർ ഉണ്ടെങ്കിലും പ്രവാസലോകത്തു നിന്നും മടങ്ങിയാൽ കയറിച്ചെല്ലാൻ വീടില്ലാതായിരിയ്ക്കുകയാണ് ബഹ്റൈൻ പ്രവാസിയായ വയനാട് സ്വദേശി പ്രിയേഷിന്. കേരളത്തിൽ ഉണ്ടായ കാലവർഷക്കെടുതിയിൽ ഉരുൾ പൊട്ടലിൽ ആകെയുണ്ടായ കിടപ്പാടം തകർന്നതോടെയാണ് ഇനി എങ്ങിനെ നാട്ടിലേയ്ക്ക് പോകും എന്ന ചിന്തയിൽ പ്രിയേഷ് പകച്ചു നിൽക്കുന്നത്. ഉരുൾപൊട്ടലിൽ മല അടർന്നു വീടിനു മേൽ പതിച്ചപ്പോൾ അന്നേരം വീട്ടിൽ ഉണ്ടായിരുന്ന മാതാപിതാക്കൾക്ക് യാതൊരു അപകടവും സംഭവിച്ചില്ലാ എന്നത് മാത്രമാണ് വീട് നഷ്ടപ്പെട്ട വേദനയിലും പ്രിയേഷിന് ആശ്വാസമാകുന്നത്. സർക്കാർ ഇപ്പോൾ താൽക്കാലികമായി എടുത്തു നൽകിയ വാടക വീട്ടിൽ സമാനമായ വീട് നഷ്ടപ്പെട്ട മറ്റൊരു കുടുംബത്തോടൊപ്പം കഴിയുകയാണ് പ്രിയേഷിന്റെ മാതാപിതാക്കൾ ഇപ്പോൾ. അസൗകര്യങ്ങൾക്കിടയിൽ ഇനി താൻ കൂടി എങ്ങിനെ കയറിച്ചെല്ലും എന്നതുകൊണ്ട് അപകടം നടന്ന വാർത്ത അറിഞ്ഞിട്ടും നാട്ടിലേയ്ക്ക് പോയില്ലെന്ന് പ്രിയേഷ് പറയുന്നു.
വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലി സ്വദേശിയായ പ്രിയേഷ് കുടുംബത്തിലെ ഏക ആൺ തരിയാണ്. രണ്ടു സഹോദരിമാരുടെ വിവാഹം കഴിച്ചയച്ച ബാധ്യതകളും മറ്റും വീട്ടാൻ വേണ്ടിയാണ് 3 വര്ഷം മുൻപ് ബഹ്റൈനിൽ എത്തിയത്. ഇവിടെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഡെലിവറി ജീവനക്കാരനായാണ് ജോലി ചെയ്യുന്നത്. കാര്യമായ സമ്പാദ്യം ഒന്നും ഇല്ലെങ്കിലും കഷ്ടപ്പെട്ട് ജോലി ചെയ്യുന്നതിനിടയിലും വീട് പുതുക്കി പണിയണമെന്നും ചെറുതായി സമ്പാദിക്കണം എന്നൊക്കെയുള്ള ആഗ്രഹത്തോടെയാണ് കൊടിയ ചൂടും സഹിച്ചു ഡെലിവറി ജോലി തുടർന്നത്. വയനാട് മച്ചിമലയുടെ ചുവട്ടിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ വീടിനു പിറകിലേക്ക് മലയുടെ കൂമ്പാരം വന്നടിയുകയും വീടിന്റെ ഒരു ഭാഗം തന്നെ തകരുകയും ചെയ്യുകയായിരുന്നു. നിലവിലുള്ള ബാക്കി വീട് താമസയോഗ്യവുമല്ലാതായിരിക്കുകയാണ്. മാത്രമല്ല വീട് ഇരിക്കുന്ന പ്രദേശം പൂർണ്ണമായും താമസയോഗ്യമല്ലാതാവുകയും ചെയ്തു. ഇവിടെ ഒരു നിർമ്മാണവും പറ്റില്ലെന്ന നിലപാടിലാണ് സർക്കാർ അധികൃതരെന്ന് പ്രിയേഷ് പറഞ്ഞു.
പ്രിയേഷിന്റെ വീടിനോടു ചേർന്നുള്ള 20 ഓളം വീടുകളും ഈ ഉരുൾ പൊട്ടലിൽ തകർന്നടിഞ്ഞിട്ടുണ്ട്. പ്രായമായ മാതാപിതാക്കൾ സർക്കാരിന്റെ കാരുണ്യത്തിൽ എത്ര നാൾ കഴിയുമെന്ന ആശങ്കയിലാണ് പ്രിയേഷിപ്പോൾ. വീട് തകർന്നപ്പോൾ വീട്ടിലുണ്ടായിരുന്ന എല്ലാ ഗൃഹോപകരണങ്ങളും തകർന്നു തരിപ്പണമായി. ഇനി സർക്കാർ വീട് കെട്ടാനുള്ള ഭൂമിയും പണവും നൽകിയാൽ മാത്രമേ എല്ലാം ഒന്നിൽ നിന്ന് തുടങ്ങാനാകൂ എന്നും പ്രിയേഷ് പറഞ്ഞു. ഭൂമി നഷ്ടപ്പെട്ടവർക്ക് 6 ലക്ഷം രൂപയും വീടും ഭൂമിയും നഷ്ടമായവർക്ക് 10 ലക്ഷവും ലഭിക്കുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. ആ പ്രതീക്ഷയിലാണ് പ്രിയേഷ് തന്റെ പ്രവാസം തുടരുന്നത്.
നാട്ടിലേയ്ക്ക് പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും നിലവിലെ അവസ്ഥയിൽ അവധി എടുക്കുകയും വിമാനടിക്കറ്റിനു അടക്കം ഭീമമായ പണവും വേണ്ടി വരുമെന്നതിനാൽ തൽക്കാലം അതേപ്പറ്റി ആലോചിക്കുന്നില്ലെന്നും പ്രിയേഷ് പറഞ്ഞു. സർക്കാരിൽ നിന്ന് എത്രയും പെട്ടെന്ന് തന്നെ ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ ബന്ധപ്പെട്ടവർ കൈക്കൊള്ളുമെന്നാണ് വിശ്വാസമെന്നും പ്രിയേഷ് പറഞ്ഞു. എങ്കിലും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പ്രവാസികളുടെ കൂടി സഹായമുണ്ടെങ്കിൽ നിറവേറ്റാൻ കഴിയുമെന്ന പ്രതീക്ഷയുമുണ്ട്. സർക്കാരിന്റെ സഹായത്തോടൊപ്പം സുമനസ്സുകൾ ആരെങ്കിലും സഹായിക്കുകയാണെങ്കിൽ പ്രായമായ മാതാപിതാക്കൾ അടങ്ങുന്ന തന്റെ കുടുംബത്തിന് ഒരു കൈത്താങ്ങാകുമെന്ന് പ്രിയേഷ് കരുതുന്നു. പ്രിയേഷിനെ ബന്ധപ്പെടേണ്ട മൊബൈൽ നമ്പർ 38832469.