സമാധാന നൊബേൽ സമ്മാന ജേതാക്കളുമായി ബഹ്‌റൈൻ പ്രധാനമന്ത്രി ചർച്ച നടത്തി


മനാമ : സമാധാന നൊബേൽ സമ്മാനജേതാക്കളുമായി പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ചർച്ച നടത്തി. സമാധാന നൊബേൽ ജേതാക്കളെ സ്വാഗതം ചെയ്യുന്നതായും രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ചും രാജ്യത്തിന്റെ നിയമങ്ങൾക്കനുസൃതമായ സ്വാതന്ത്ര്യ അന്തരീക്ഷത്തെക്കുറിച്ചും പ്രധാനമന്ത്രി വ്യക്തമാക്കി. ലോകം പ്രയാസകരമായ കാലഘട്ടങ്ങളിലൂടെ കടന്നുപോകുകയാണ്. മനുഷ്യർ നേരിടുന്ന പ്രശ്നങ്ങളേക്കുറിച്ചും യുദ്ധങ്ങളും ഭീതികളേക്കുറിച്ചും സമാധാനവും സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള പരിശ്രമങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സമാധാന ശ്രമങ്ങളെ ഉത്തേജിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന അവസരങ്ങൾ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി വിശദമാക്കി. ഗൾഫ് മേഖലയും ഏതാനും നാളുകൾക്കുമുമ്പ് അസ്ഥിരതയുടെ കയ്പേറിയ അനുഭവങ്ങളിലൂടെ കടന്നുപോയി. എന്നാൽ ഗൾഫ് കോപ്പറേഷൻ കൗൺസിൽ (ജിസിസി) നേതാക്കളുടെ നേതൃപാടവത്തിൽ മേഖല ശക്തമായ തിരിച്ചുവരവ് നടത്തിയതായും അദ്ദേഹം പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. നമുക്ക് പരസ്പരം സഹകരിച്ചേ മുന്നോട്ട് പോകാൻ സാധിക്കൂ. അതിനാൽ ഈ മേഖലയിലും ലോകത്തിലും സമാധാനം നിലനിൽക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ പറഞ്ഞു.

മൂന്നു മുൻ പ്രസിഡന്റുമാരുൾപ്പെടുന്ന സമാധാന നൊബേൽ സമ്മാനജേതാക്കൾ അവരുടെ മാതൃരാജ്യങ്ങളിൽ നിർണായക ഘട്ടങ്ങളിൽ സമാധാനവും സ്ഥിരതയും സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക്കിന്റെ മുൻ പ്രസിഡന്റ് ഫ്രെഡറിക് വില്യം ഡി ക്ലെർക്ക് (1989- 1994), പോളണ്ട് റിപ്പബ്ലിക്കിന്റെ മുൻ പ്രസിഡന്റ് ലെച്ച് വെലെസ (1990-1995), ഈസ്റ്റ് ടിമോർ മുൻ പ്രസിഡന്റ് ജോസ് റാമോസ് ഹോർട്ട, (2007-2012) എന്നിവരാണ് പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയ സംഘത്തിലെ സമാധാന നൊബേൽ നേടിയ പ്രസിഡന്റുമാർ. 2016 സുസ്ഥിര വികസന അവാർഡും ഗുട്ടൻബർഗ് പരിസ്ഥിതി അവാർഡ് (പരിസ്ഥിതിക്കുള്ള നോബൽ സമ്മാനം) ജേതാവുമായ അന്ന ടിബജുക്കയാണ് സംഘത്തിലുള്ള മറ്റൊരു വ്യക്തി. അണ്ടർ സെക്രട്ടറി ജനറലും, യുഎൻ ഹ്യൂമൻ സെറ്റിൽമെന്റ് പ്രോഗ്രാമിന്റെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു അന്ന ടിബജുക്ക.

ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഗവൺമെന്റ് കൈവരിച്ച നേട്ടങ്ങളെ പ്രശംസിച്ച പ്രതിനിധി സംഘം, ആധുനികവും വികസിതവുമായ രാജ്യമാണ് ബഹ്‌റൈൻ എന്നും വ്യക്തമാക്കി. സുരക്ഷിതവും സുസ്ഥിരവുമായ ലോകത്തിന് വേണ്ടിയുള്ള ആഹ്വാനത്തിന്റെ പ്രാധാന്യം നോബൽ സമ്മാനജേതാക്കൾ അടിവരയിട്ടു വ്യക്തമാക്കുന്നു. സുരക്ഷ, സ്ഥിരത, സമാധാനം, വികസനം എന്നീ കാര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്ക് വ്യക്തമായ കാഴ്ചപ്പാടുകളാണുള്ളത്. ബഹ്റൈൻ സമൂഹത്തിന്റെ വൈവിധ്യവും, സാംസ്കാരവും പ്രത്യയശാസ്ത്രപരവുമായ സഹവർത്തിത്വവും ബഹ്റൈന്റെ പുരോഗതിക്ക് കാരണമാകുന്നു. സുരക്ഷിതത്വത്തിനും സുസ്ഥിരതക്കുമുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനും ആഗോളതലത്തിൽ സമാധാനം നേടുന്നതിനും ശ്രമിക്കുന്നതോടൊപ്പം, സമാധാനത്തിനായുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുകായും ചെയ്യുന്ന ബഹ്റൈന്റെ ശ്രമങ്ങളെ സമാധാന നൊബേൽ സമ്മാന ജേതാക്കൾ പ്രശംസിച്ചു.

You might also like

Most Viewed