രാഷ്ട്രീയ-ജനാധിപത്യ സാഹചര്യങ്ങളുടെ വികസനത്തിന് മുൻഗണന നൽകണമെന്ന് ഹമദ് രാജാവ്


മനാമ : ഇന്നലെ അൽ സഖീർ കൊട്ടാരത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് പങ്കെടുത്തു. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ, കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപ പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രിസഭായോഗം. ബഹ്റൈനിലെ രാഷ്ട്രീയ-ജനാധിപത്യ സാഹചര്യങ്ങൾ വികസിപ്പിക്കുന്നതിന് മുൻഗണന നൽകണമെന്ന് ഹമദ് രാജാവ് വ്യക്തമാക്കി. അഞ്ചാം പ്രതിനിധിസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് രാജ്യം സാക്ഷ്യം വഹിക്കും. വരാനിരിക്കുന്ന പാർലമെൻറ് തെരഞ്ഞെടുപ്പ് ജനാധിപത്യ പ്രക്രിയയിൽ ഒരു പുതിയ അദ്ധ്യായമാകുമെന്ന് കാബിനറ്റ് സെക്രട്ടറി ജനറൽ ഡോ. യാസർ അൽ നാസർ പറഞ്ഞു.

ദേശീയ ജനാധിപത്യ നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും, ഭരണഘടനക്കു കീഴിൽ കൈവരിച്ച നേട്ടങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഹമദ് രാജാവ് നിർദേശം നൽകി. രാജ്യത്തിന്റെ സമഗ്ര വികസനത്തിന് പാർലമെന്റ് നൽകിവരുന്ന സംഭാവനകൾക്ക് രാജാവ് നന്ദി പ്രകടിപ്പിച്ചു. 16 വർഷം കൊണ്ട് ജനാധിപത്യപരമായ നടപടികൾ മെച്ചപ്പെടുത്തുന്നതിനും ജനകീയ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന് സാധിച്ചു.

തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാൻ ജനങ്ങൾ കാണിക്കുന്ന താല്പര്യം, ജനാധിപത്യ ഭരണകൂടങ്ങളിലും ഔദ്യോഗിക സ്ഥാപനങ്ങളിലും ഉള്ള അവരുടെ ഉയർന്ന ആത്മവിശ്വാസവും പാർലമെന്ററി പ്രവർത്തനത്തിൽ രാജ്യത്തിന്റെ നേട്ടങ്ങളിലുള്ള സംതൃപ്തിയും പ്രകടമാക്കുന്നതാണെന്ന് ഹമദ് രാജാവ് പറഞ്ഞു. രാജ്യത്തിനും പൗരൻമാർക്കും ഗുണകരമായ രീതിയിൽ രാജ്യത്ത് സമഗ്ര വികസ പദ്ധതികൾ തുടരേണ്ടത് ആവശ്യമാണെന്നും അദ്ദേഹം ഓർപ്പിച്ചു.

സ്വദേശീയ വിഭവങ്ങളുടെ ഉചിതമായ ഉപയോഗത്തിലൂടെ ഗവൺമെന്റിന്റെ പ്രവർത്തന ചെലവ് കുറയ്ക്കുക, എണ്ണ-ഇതര വരുമാനം വർദ്ധിപ്പിക്കുക, എന്നിവയിലൂടെ രാജ്യത്തിന്റെ തുടർച്ചയായ സാമ്പത്തിക വളർച്ചയുമായി മുന്നോട്ടു പോകാൻ രാജാവ് നിർദേശം നൽകി. വികസന പ്രക്രിയയുടെ ഭാഗമായി നിക്ഷേപം വർദ്ധിപ്പിക്കൽ, നിക്ഷേപ അവസരങ്ങൾ ഏകീകരിക്കൽ, ഗവൺമെൻറ് നടപടികൾ സുഗമമാക്കുന്നതിന് പൗരന്മാർക്ക് അവസരങ്ങൾ സൃഷ്ടിക്കുക എന്നിങ്ങനെയുള്ള പദ്ധതികൾ വർധിപ്പിക്കുവാനും അദ്ദേഹം നിർദ്ദേശം നൽകി.

You might also like

Most Viewed