നൊബേൽ പുരസ്‌കാര ജേതാക്കൾക്ക് പ്രധാനമന്ത്രി സ്വീകരണം നൽകി


മനാമ : സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ രാജ്യ നേതാക്കൾക്ക് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്വീകരണം നൽകി. ചരിത്ര പ്രാധാന്യമുള്ള സന്ദർശനമാണിതെന്നും രാജ്യങ്ങൾ തമ്മിലുള്ള സമാധാനപരമായ ബന്ധങ്ങൾ നിയലനിർത്തുന്നതിനും ലോകമെങ്ങും സമാധാനം നേടിയെടുക്കുന്നതിനും പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാധാന നൊബേൽ സമ്മാനം നേടുകയും ലോകമെമ്പാടും സമാധാനം ഉറപ്പുവരുത്തുന്നതിനുള്ള ശക്തമായ പരിശ്രമങ്ങൾ നടത്തുകയും ചെയ്യുന്ന ഇവർ, രാജ്യം സന്ദർശിക്കുന്നതിനുള്ള ക്ഷണം സ്വീകരിച്ചതിനും പ്രധാനമന്ത്രി നന്ദി അറിയിച്ചു.

ഈ സന്ദർശനം ആഗോള സമാധാനത്തിന് വേണ്ടിയുള്ള ബഹ്റൈന്റെ പങ്കിന്റെ ഒരു അന്തർദേശീയ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം സ്വീകരിച്ച നേതാക്കളോടുള്ള ബഹുമാനാർത്ഥം റിറ്റ്സ് കാൾട്ടണിൽ നടത്തിയ അത്താഴ വിരുന്നിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക്കിന്റെ മുൻ പ്രസിഡന്റ് ഫ്രെഡറിക് വില്യം ഡി ക്ലെർക്ക് (1989- 1994), പോളണ്ട് റിപ്പബ്ലിക്കിന്റെ മുൻ പ്രസിഡന്റ് ലെച്ച് വെലെസ (1990-1995), ഈസ്റ്റ് ടിമോർ മുൻ പ്രസിഡന്റ് ജോസ് റാമോസ് ഹോർട്ട, (2007-2012) 2016 സുസ്ഥിര വികസന അവാർഡും ഗുട്ടൻബർഗ് പരിസ്ഥിതി അവാർഡ് (പരിസ്ഥിതിക്കുള്ള നോബൽ സമ്മാനം) ജേതാവുമായ അന്ന ടിബജുക്ക, 2014 ലെ സമാധാന നൊബേൽ നേടിയ കൈലാഷ് സത്യാർത്ഥി എന്നിവരാണ് സംഘത്തിലുള്ളത്. സുസ്ഥിരമായ വികസനത്തിനും കൂടുതൽ സമ്പന്നമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനും സമാധാനം നിലനിർത്തുന്നതിനും അന്താരാഷ്ട്രതലത്തിൽ പല നടപടികളും അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബഹ്റൈന്റെ വികസന വളർച്ചയെ പ്രശംസിച്ച പ്രതിനിധി സംഘത്തിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. സമാധാനം ഉണ്ടാക്കുക, ലോകത്ത് സമാധാനവും വികസനവും നിലനിർത്തുക എന്നീ മേഖലകളിൽ ബഹ്റൈനിന്റെ സാന്നിദ്ധ്യം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ ഹ്യൂമൻ സെറ്റിൽമെന്റ് പ്രോഗ്രാമിന്റെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു അന്ന ടിബജുക്ക, സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ, കിരീടാവകാശിയും ഡെപ്യുട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ എന്നിവരുടെ നേതൃത്വത്തിൽ രാജ്യം എല്ലാ വെല്ലുവിളികളെയും തരണം ചെയ്യുന്നതിൽ വിജയിച്ചതായും അവർ പറഞ്ഞു. സുസ്ഥിര വികസന പദ്ധതികളിൽ ബഹ്റൈൻ മുൻപന്തിയിലാണെന്നും അത് രാജ്യത്തെ ഒരു പരിഷ്കൃത-വികസിത രാജ്യമാക്കി മാറ്റിയതായും അന്ന ടിബജുക്ക പറഞ്ഞു.

You might also like

Most Viewed