പണത്തിന് ഡോക്ടറേറ്റ്..!


രാജീവ് വെള്ളിക്കോത്ത്

മനാമ : പേരിനു മുന്നിൽ ഒരു ഡോക്ടറേറ്റോ പദവിയോ ഉണ്ടെങ്കിൽ ആർക്കാണ് അതിഷ്ടപ്പെടാതിരിക്കുക? സമൂഹത്തിൽ ഉയർന്ന സ്ഥാനവും ഉയർന്ന തസ്തികയിൽ ജോലിയും ഉറപ്പെന്ന് മാത്രമല്ല ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കിൽ മാത്രം ലഭിക്കാവുന്ന പദവികളും സ്ഥാനമാനങ്ങളും അതിലൂടെ ലഭിക്കുന്ന സാന്പത്തിക ലാഭവും ഒട്ടും ചെറുതല്ല. പണ്ടൊക്കെ അത്തരം പദവി ലഭിക്കുന്നത് ഉറക്കമിരുന്നു പഠിച്ചവർക്കും അതിബുദ്ധിമാന്മാർക്കും മാത്രം, എന്നാൽ ഇതൊന്നും ഇല്ലെങ്കിലും പ്രാഥമിക വിവരങ്ങൾ ഉള്ള ആർക്കും ഇത്തരം പദവികളിൽ എത്താം. കുറച്ചു ‘ചില്ലറ’ ചിലവാക്കണമെന്ന് മാത്രം. ഭാവിയിൽ ലഭിക്കാവുന്ന വലിയ വരുമാനത്തിന് ഇപ്പോൾ ചിലവാക്കേണ്ടത് 1000 ദിനാറിൽ താഴെ മാത്രം. യോഗ്യതയ്ക്കനുസരിച്ച് തുകയുടെ കാര്യത്തിലും ഏറ്റക്കുറച്ചിലുണ്ട്. ഇത് നടക്കുന്നത് ഇപ്പോൾ ഇന്ത്യയിലൊന്നുമല്ല. ബഹ്‌റൈനിൽ തന്നെ ഇന്ത്യൻ എംബസിയുടെ മൂക്കിന് താഴെയും എന്നതാണ് സത്യം.

ഇന്ത്യയിലെ നിരവധി യൂണിവേഴ്‌സിറ്റികളുടെ അംഗീകാരം ഉണ്ടെന്ന വ്യാജേനയാണ് ബഹ്‌റൈനിലെ സ്ഥാപനം വ്യാജ സർട്ടിഫിക്കറ്റുകൾ വ്യാപകമായി നൽകുന്നുവെന്ന പരാതി ഉയർന്നിരിക്കുന്നത്. ഇത് കാരണം ഇന്ത്യൻ എംബസിയുടെ അംഗീകാരത്തോടെ ഇന്ത്യൻ യൂണിവേഴ്‌സിറ്റിയുടെ പരീക്ഷകൾ നടത്തി സർട്ടിഫിക്കറ്റുകൾ നടത്തുന്ന ചില സ്ഥാപനങ്ങൾക്കും പേര് ദോഷം ഉണ്ടാകുന്നു. ബഹ്‌റൈനിലെ സെഗയ്യയിലെ ചില വില്ലകൾ കേന്ദ്രീകരിച്ചാണ് ഇത്തരം വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ നൽകി വരുന്നത്. ഇന്ത്യയിലെ വിരലിൽ എണ്ണാവുന്ന ഏതാനും ചില സർവ്വകലാശാലകൾ ഒഴികെ നിലവിൽ വിദൂര വിദ്യാഭ്യാസ കാന്പസുകൾ ഇല്ലെന്നിരിക്കെ ബഹ്‌റൈനിലെ ചില വില്ലകളെ ‘വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കി’ നടത്തുന്ന വ്യാജ ബിരുദ ലോബികൾ പൊതു സമൂഹത്തെ ശരിക്കും കബളിപ്പിക്കുകയാണ്.പത്താം തരം സർട്ടിഫിക്കറ്റ് മുതൽ പിഎച്ച്ഡി വരെയുള്ള ഏതു സർട്ടിഫിക്കറ്റുകളും ഇന്ത്യയിലെ 30 ഓളം സർവ്വകലാശാലകളുടെ പേരിൽ ഇവർ പരസ്യം നൽകി വിതരണം ചെയ്യുന്നു.

വിദൂര വിദ്യാഭ്യാസ പഠനം അനുവദനീയമായ പ്രമുഖ സർവ്വകലാശാലകൾ അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ മുഖേനയാണ് പരീക്ഷകൾ നടത്തുന്നത്.എംബസി മുഖേന മാത്രമേ ഇത്തരം പരീക്ഷകൾ സാധ്യമാവുകയുമുള്ളൂ. അത്തരത്തിൽ എംബസിയുടെ മേൽനോട്ടത്തിൽ തന്നെ ചില സ്ഥാപനങ്ങൾ പരീക്ഷകൾ നടത്തിവരുന്പോഴാണ് എംബസിയുടെ അംഗീകാരം പോലുമില്ലാതെ ഇന്ത്യയിലെ സർവ്വകലാശാലകളുടെ പേരിൽ ഉദ്യോഗാർത്ഥികളുടെ സൗകര്യത്തിനു അനുസരിച്ച് പരീക്ഷ നടത്തി സർട്ടിഫിക്കറ്റുകൾ വിൽക്കുന്നത്.വ്യാജ സർട്ടിഫിക്കറ്റ് ദാതാക്കൾ തങ്ങളുടെ വില്ലകളിൽ അസമയങ്ങളിൽ വിളിച്ചു വരുത്തിയാണ് സ്വയം തയ്യാറാക്കിയ ചോദ്യപ്പേപ്പർ ഉപയോഗിച്ചുള്ള ‘പരീക്ഷകൾ’ നടത്തുന്നത്. ഉത്തരക്കടലാസ് മൂല്യ നിർണ്ണയവും അവർ തന്നെയാണ് നടത്തുന്നത്.

അടുത്തകാലത്ത് യുഎഇ, കുവൈറ്റ് എന്നീ ജിസിസി രാജ്യങ്ങളിൽ ഇത്തരം വ്യാജ സർട്ടിഫിക്കറ്റ് ദാതാക്കൾ നൽകിയ സർട്ടിഫിക്കറ്റുകൾ കണ്ടെത്തുകയും ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടികൾ എടുക്കുകയും ചെയ്തിരുന്നു. ഇത്തരം സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി സന്പാദിച്ചവരുടെ ജോലി നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ സർവ്വകലാശാലകളുടെ പേരിലുള്ള ബിഎഡ് ബിരുദം സന്പാദിച്ചവരുടെ ജോലിയാണ് ഇത്തരത്തിൽ നഷ്ടമായത്. ബഹ്റൈനിൽ അദ്ധ്യാപകവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി പേർ സർവ്വകലാശാലയുടെ പേരിൽ വ്യാജ സ്ഥാപനം നൽകുന്ന ബിഎഡ് സർട്ടിഫിക്കറ്റ് സന്പാദിച്ചിട്ടുള്ളതായാണ് വിവരം. കഴിഞ്ഞ ദിവസം പോലും പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞ ഒരു അദ്ധ്യാപിക ബിഎഡ് കോഴ്‌സിനെക്കുറിച്ചു അന്വേഷിച്ചപ്പോൾ പണവുമായി എപ്പോൾ വന്നാലും പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകാം എന്ന മറുപടിയാണ് സെഗയ്യയിലെ സ്ഥാപനത്തിൽ നിന്നും അറിയിച്ചത്. വിശ്വാസ്യതയ്ക്കു വേണ്ടി സർവ്വകലാശാലയുടെ സൈറ്റിൽ സ്ഥാപനത്തിന്റെ പേരും ഇവർ കാണിക്കുന്നു.

എന്നാൽ സർവ്വകലാശാലയുമായി ഫോർ പിഎം ന്യൂസ് ബന്ധപ്പെട്ടപ്പോൾ രണ്ടോ മൂന്നോ മാസത്തേയ്ക്കുള്ള ഹ്രസ്വ കാല കോഴ്‌സുകൾ നടത്താനുള്ള അംഗീകാരം മാത്രമാണ് സ്ഥാപനത്തിനുള്ളതെന്ന മറുപടിയാണ് ലഭിച്ചത്. ഇത് മറയാക്കിയാണ് ഉദ്യോഗാർഥികളെ സ്ഥാപനം കബളിപ്പിക്കുന്നത്. രാജസ്ഥാൻ യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി മുതൽ ഹിമാലയൻ യൂണിവേഴ്‌സിറ്റി വരെയുള്ളവയുടെ സർട്ടിഫിക്കറ്റുകളാണ് സ്ഥാപനം കൂടുതലും നൽകുന്നത്. ഈ രണ്ടു സർവ്വകലാശാലകൾക്കും നിലവിൽ ഇന്ത്യയ്ക്ക് പുറത്ത് വിദൂര വിദ്യാഭ്യാസ പദ്ധതിയും നിലവിൽ ഇല്ലതാനും. വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നതിന് ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വാങ്ങണമെന്നിരിക്കെ കന്പനി തുടങ്ങാനുള്ള രജിസ്‌ട്രേഷൻ പ്രകാരമാണ് വ്യാജ സർട്ടിഫിക്കറ്റ് ലോബി ഇത്തരം സ്ഥാപനം ആരംഭിച്ചിട്ടുള്ളത്.ഇന്ത്യൻ സർവ്വകലാശാലകളുടെയും സർട്ടിഫിക്കറ്റുകളുടെയും കോഴ്‌സുകളുടെയും ആധികാരികത ഇന്ത്യൻ എംബസിയിൽ പരിശോധിച്ച് ബോധ്യപ്പെടാമെന്നിരിക്കെ കുറുക്കുവഴിയിൽ ബിരുദം നേടാനുള്ള ഉദ്യോഗാർത്ഥികളുടെ അടവുകൾ ഭാവിയിൽ അവർക്കു തന്നെ ഭീഷണിയാകുമെന്നുള്ള കാര്യം തീർച്ചയാണ്.

തവണകളാക്കാൻ സൗകര്യം : തുക മുഴുമിച്ചാൽ സർട്ടിഫിക്കറ്റ്

ബഹ്‌റൈനിലെ ഒരു സ്വകാര്യ കന്പനിയിൽ ചേരാൻ മിനിമം പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമെങ്കിലും വേണമെന്ന് സ്ഥാപന അധികാരികൾ ആവശ്യപ്പെട്ടപ്പോൾ ഒരു ബഹ്‌റൈൻ പ്രവാസി സെഗയ്യയിലെ സർവ്വകലാശാലയെ സമീപിച്ചു കാര്യം അറിയിച്ചു. 500 ദിനാർ തന്നാൽ സർട്ടിഫിക്കറ്റ് നൽകാം എന്നാണ് സ്ഥാപനത്തിന്റ ചുമതലയുള്ള ആൾ അറിയിച്ചത്. എന്നാൽ 500 ദിനാർ ഒരുമിച്ചെടുക്കാൻ ഇല്ലാത്തതിനാൽ കാര്യം അറിയിച്ചപ്പോൾ തവണകളായി അടച്ചാലും മതിയെന്നായി. എപ്പോൾ 500 ദിനാർ എന്ന സംഖ്യ മുഴുമിക്കുന്നുവോ, അപ്പോൾ സർട്ടിഫിക്കറ്റ് കൈയ്യിൽ തരാം എന്ന മറുപടിയാണ് ഇവിടെ നിന്നും ലഭിച്ചതെന്ന് ഇയാൾ ഫോർ പിഎം ന്യൂസിനോട് പറഞ്ഞു. സ്ഥാപനങ്ങളുടെ വിശ്വാസ്യത അറിയാതെ ഇത്തരം വ്യാജ സർട്ടിഫിക്കറ്റ് ലോബികളുടെ പിടിയിൽ വീനു പണം നഷ്ടമാകുന്നതിന് പകരം ഇന്ത്യൻ എന്പസിയുമായി ബന്ധപ്പെട്ട് എംബസിയുടെ നിയന്ത്രണത്തിൽ നടത്തുന്ന സർവ്വകലാശാലാ പരീക്ഷകളുടെയും സർട്ടിഫിക്കറ്റുകളുടെയും ആധികാരികത പരിശോധി ക്കുകയാണ് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാനുള്ള യഥാർത്ഥ പോംവഴി.

 

You might also like

Most Viewed