പൊള്ളുന്ന ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസമേകി ബി എം ബി എഫ് കുടിവെള്ള വിതരണം


മനാമ : കൊടിയ ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കുടിവെള്ളമെത്തിച്ചു കൊടുക്കുന്ന ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ ജീവകാരുണ്യ സംരംഭം നാലാമത് വർഷവും തുടരുന്നു. വേനലിന്റെ തുടക്കം മുതൽക്കു തന്നെ ആരംഭിച്ച ബിസിനസ് ഫോറത്തിന്റെ ഈ പദ്ധതി അടുത്ത മാസം അഞ്ചാം തീയ്യതി വരെയും തുടരുമെന്ന് ഇതിന്റെ സംഘാടകർ അറിയിച്ചു. ഹെൽപ്പ് ആൻഡ് ഡ്രിങ്ക് എന്ന പേരിട്ടിരിക്കുന്ന ഈ പദ്ധതി സ്വദേശികളുടെ ഇടയിൽ അടക്കം വളരെയേറെ പ്രശംസ പിടിച്ചുപറ്റിയ ഒരു പ്രവർത്തനമാണ്. ബഹ്‌റൈനിലെ ബിസിനസ് നടത്തിവരുന്ന മലയാളികളുടെ സഹകരണത്തോടെയാണ് എല്ലാ വർഷവും ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് ജനറൽ സെക്രട്ടറി ബഷീർ അമ്പലായി പറഞ്ഞു.

തൊഴിൽ സ്‌ഥലങ്ങളിൽ വാഹനങ്ങളിൽ എത്തിക്കുന്ന കുടിവെള്ളം സംഘടനയുടെ ഭാരവാഹികളോ പ്രവർത്തകരോ നേരിട്ടെത്തിയാണ് വിതരണം ചെയ്യുന്നത്. കുടിവെള്ളത്തോടൊപ്പം വ്യാപാരികൾ നൽകുന്ന പഴങ്ങൾ,ജ്യൂസുകൾ എന്നിവയും ലഭ്യതയ്ക്കനുസരിച്ചു സംഘടന വിതരണം ചെയ്യുന്നുണ്ട്. പലപ്പോഴും തൊഴിൽ സ്‌ഥലങ്ങളിൽ ശുദ്ധമായ വെള്ളം ലഭ്യമല്ലാതിരിക്കുന്നതു കാരണം പല തൊഴിലാളികളും വെള്ളം തന്നെ ഉപയോഗിക്കുന്നത് കുറയ്‌ക്കുന്നുണ്ടെന്നും മൂത്രാശയ രോഗങ്ങൾ അടക്കം ഇതിന്റെ ഭാഗമായി ഉണ്ടാകുന്നുണ്ടെന്നും സാമൂഹ്യ പ്രവർത്തകർ ചൂണ്ടി കാണിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഹെൽപ്പ് ആൻഡ് ഡ്രിങ്ക് സംരംഭം ആരംഭിച്ചത്. വളരെ നല്ല പ്രതികരണമാണ് ഈ സംരംഭത്തിന് പ്രവാസി സമൂഹത്തിൽ നിന്ന് ഉണ്ടായിട്ടുള്ളതെന്നു സംഘടനയുടെ ചെയർമാൻ ജോർജ്ജ് മാത്യു പറഞ്ഞു.

പുറം സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഉച്ച വിശ്രമ നിയമം ഉണ്ടെങ്കിലും ഈ നിയമം അവസാനിച്ചിട്ടും ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ ഉയരമുള്ള കെട്ടിടങ്ങളിലും പുറം സ്‌ഥലങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികൾ വലിയ തോതിലുള്ള ദുരിതമാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്നും അവർക്കു ചെറിയ ഒരാശ്വാസത്തിന് വേണ്ടി തങ്ങളാൽ ചെയ്യാൻ കഴിയുന്നത് ചെയ്യുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ വാഹങ്ങളിൽ ശീതീകരണ സംവിധാനം അടക്കം നടത്തിയാണ് കുടിവെള്ളം വിതരണം ചെയ്തു വരുന്നത്.

You might also like

Most Viewed