ബഹ്‌റൈൻ - സൗദി ബന്ധങ്ങൾക്ക് പ്രശംസ


മനാമ : ബഹ്റൈനും സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരമായ ആഴമേറിയ ബന്ധങ്ങളെ ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ എല്ലാ മേഖലകളിലും, പ്രത്യേകിച്ച് ഗതാഗത മേഖലയിൽ സംയുക്ത സഹകരണം ഉറപ്പുവരുത്തും. സൗദി ഗതാഗത മന്ത്രി നബിൽ ബിൻ മൊഹമ്മദ് അൽ-അമൂദി, സൗദി റെയിൽവേ ഓർഗനൈസേഷൻ പ്രസിഡന്റ് ഡോ. റുമൈ മുഹമ്മദ് അൽ റുമൈ എന്നിവരെ അൽ-സഫ്രിയ കൊട്ടാരത്തിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദ്, കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദ് എന്നിവരുടെ ആശംസകൾ മൊഹമ്മദ് അൽ-അമൂദി കൈമാറി. ബഹ്റൈനും അതിലെ പൗരന്മാർക്കും പിന്തുണ നൽകുകയും ബഹ്റൈൻ സൗദി ബന്ധം ശക്തിപ്പെടുത്തുന്നതിനും അറബ്-ഇസ്ലാമിക് രാഷ്ട്രങ്ങളുടെ പുരോഗതിക്ക് വേണ്ടി പ്രയത്നിക്കുകയും ചെയ്യുന്ന വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരനായ സൗദി രാജാവിന് ഹമദ് രാജാവ് ആശംസകളറിയിച്ചു.

റിഫ പാലസിൽവെച്ച് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയും ഡോ. നബിൽ ബിൻ മൊഹമ്മദ് അൽ അമുദിയുമായി ചർച്ച നടത്തിയിരുന്നു. അറബ്, ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സഹകരണത്തിന് സൗദി അറേബ്യ വഹിക്കുന്ന പങ്കിനെ പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. ഇന്നത്തെ വെല്ലുവിളികളെ നേരിടാനും പ്രാദേശിക സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനും സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദിന് സാധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പ്രിൻസ് ഖലീഫ വ്യക്തമാക്കി. ബഹ്റൈൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ജനതയെ ഒരുമിച്ച് നിർത്തുന്നത് 'ബ്രിഡ്ജ് ഓഫ് ലവ്' ആണെന്ന് ഡോ. അൽ അമൂദി പറഞ്ഞു.

You might also like

Most Viewed