ലിംഗസമത്വത്തിൽ അനുകരിക്കാവുന്ന മികച്ച മാതൃകയായി ബഹ്റൈൻ


മനാമ : ബഹ്റൈനി വനിതകളുടെ നേട്ടങ്ങൾ വെളിപ്പെടുത്തുന്ന പുസ്തകം പാരീസിലെ അറബ് വേൾഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ഒരു പ്രത്യേക സെഷനിൽ അവതരിപ്പിച്ചു. സുപ്രീം കൗൺസിൽ ഫോർ വുമൺ (എസ്.സി.ഡബ്ല്യൂ) പ്രസിദ്ധീകരിച്ച 'ബഹ്റൈൻ വുമൺ ഇൻ ദ് എറ ഓഫ് കിംഗ് ഹമദ്' എന്ന പുസ്തകമാണ് അറബ് വേൾഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവതരിപ്പിച്ചത്. സുപ്രീം കൗൺസിൽ ഫോർ വുമൺ സെക്രട്ടറി ജനറൽ ഹലാ അൽ അൻസാരി, ബെൽജിയത്തിലെ ബഹ്റൈൻ അംബാസഡർ ഡോ. ബഹിയ അൽ ജിഷി, എസ്.സി.ഡബ്ല്യൂ ലീഗൽ അഡ്വൈസർ ഡോ. മുഹമ്മദ് വലേദ് അൽ മസ്രി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

പ്രേക്ഷകരും പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ബഹ്റൈൻ വനിതകളുടെ ചരിത്രപരമായ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന പ്രഭാഷണം നടത്തിയ ഡോ.മുഹമ്മദ് ബിൻ അബ്ദുൾ ഗഫറാണ് സെഷൻ ഉദ്ഘാടനം ചെയ്തത്. ഹമദ് ബിൻ ഈസാ അൽ ഖലീഫ രാജാവിന്റെ ഭരണകാലത്ത് ബഹറൈൻ വനിതകളുടെ ജീവിതത്തിലുണ്ടായ പരിവർത്തനത്തിന്റെ വിവിധ ഘട്ടങ്ങൾ സെഷനിൽ അദ്ദേഹം ഉയർത്തിക്കാട്ടി.

ഈ പരിവർത്തനത്തിന്റെ ചരിത്രപരവും സാംസ്കാരികപരവും പുരോഗമനപരവുമായ വശങ്ങളും യോഗം ചർച്ചചെയ്തു. ലിംഗ വ്യത്യാസവും മറ്റും കണക്കിലെടുക്കാതെ തുല്യ അവസരങ്ങൾ നൽകിയ രാജ്യത്തിന്റെ ഭരണഘടന തന്നെയായിരുന്നു ചർച്ചയുടെ കേന്ദ്രബിന്ദു. ഭരണഘടനയാണ് സ്ത്രീകൾക്ക് തുല്യമായ രാഷ്ട്രീയ അവകാശങ്ങൾ നൽകിയത്. അത് ഒരു പ്രധാന തീരുമാനമായിരുന്നു. രാഷ്ട്രീയമായി മാത്രമല്ല സാമൂഹികമായും സാമ്പത്തികമായും സ്ത്രീകളെ ശാക്തീകരിക്കാൻ ഭരണകൂടം മുൻകൈയെടുത്തതായും സെഷൻ നിരീക്ഷിച്ചു.

രാജ്യത്തെ സ്ത്രീകളെ ശക്തിപ്പെടുത്തുന്നതിൽ, പ്രിൻസസ് സബീക്ക ബിൻത്ത് ഇബ്രാഹിം അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള എസ്.സി.ഡബ്ല്യുവിന്റെ പങ്കും സ്ത്രീകളുടെ നേതൃത്വത്തിൽ രാജ്യത്ത് നടന്ന പല സാമൂഹ്യ സംരംഭങ്ങളും സെഷനിൽ ചർച്ചാവിഷയമായി.

You might also like

Most Viewed