രാജ്യം ലക്ഷ്യമിടുന്നത് ദീർഘകാല സാമ്പത്തിക സുസ്ഥിരത


മനാമ : ദീർഘകാല സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുകയും, സാമ്പത്തിക പരിഷ്കാര നടപടികൾ സമഗ്രമായി മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്ന് ഡപ്യൂട്ടി കിംഗ്, പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വ്യക്തമാക്കി. ബഹ്‌റൈൻ ബേയിലെ എക്കണോമിക് ഡെവലപ്മെന്റ് ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ലക്ഷ്യം രാജ്യത്തിന്റെ പ്രധാന മേഖലകളിലെ വളർച്ച ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്നും പ്രിൻസ് സൽമാൻ പറഞ്ഞു. സുസ്ഥിര വികസനത്തിനായി മുന്നോട്ടു നീങ്ങുന്നതിലൂടെ ഹമദ് രാജാവിന്റെ കാഴ്ചപ്പാടുകൾക്കനുസൃതമായി പൗരന്മാർക്ക് മികച്ച ഒരു ഭാവി ഉറപ്പാക്കാനാകും. ഇക്കാര്യത്തിൽ, ബഹ്‌റൈന്റെ മത്സരാധിഷ്ഠിതരീതി വർദ്ധിപ്പിക്കുന്നതിനും പൗരന്മാർക്ക് മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കണമെന്ന് പ്രിൻസ് സൽമാൻ നിർദേശിച്ചു. ബഹ്റൈന്റെ ശക്തമായ, നിക്ഷേപ സൗഹൃദ സംവിധാനം മേഖലയിൽ വിദേശ നിക്ഷേപത്തിന് അനുകൂലമായ ഒരു പരിസ്ഥിതി സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക സാങ്കേതിക വിദ്യയും സംവിധാനങ്ങളും സംയോജിപ്പിച്ച്, നിക്ഷേപകർക്കും പൗരന്മാർക്കും ഉന്നത നിലവാരത്തിലുള്ള ഗവൺമെന്റ് സേവനങ്ങൾ നൽകുന്നതിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ഡപ്യൂട്ടി കിംഗ് പറഞ്ഞു. ഗേറ്റ് വേ ഗൾഫ് പോലുള്ള പദ്ധതികളിലൂടെ നിക്ഷേപകരുമായി ഇടപഴകുന്നത് തുടരണമെന്നും സൽമാൻ കൂട്ടിച്ചേർത്തു. നിക്ഷേപ സാദ്ധ്യതകൾ പ്രദർശിപ്പിക്കുന്നതിൽ ഇത്തരം പദ്ധതികൾ നിർണായക പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

Most Viewed