മാലിന്യ സംസ്കരണത്തിനുള്ള പദ്ധതികൾ അവലോകനം ചെയ്തു


മനാമ : കഴിഞ്ഞ ഫെബ്രുവരിയിൽ അംഗീകാരം ലഭിച്ച മാലിന്യ സംസ്കരണത്തിനുള്ള ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനേജ്മെന്റ് സ്ട്രാറ്റജിയുടെ നടത്തിപ്പ് പുരോഗതി പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അധ്യക്ഷനായ പ്രതിവാര മന്ത്രിസഭയോഗം വിലയിരുത്തി. നിർമ്മാണ മേഖലയിലെ എട്ട് പ്രോജക്ടുകൾ ഉപ പ്രധാനമന്ത്രിയും കൺസ്ട്രക്ഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ മിനിസ്റ്റീരിയൽ കമ്മിറ്റി ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ, വർക്സ്, മുനിസിപ്പാലിറ്റി അഫയേഴ്സ് ആന്റ് അർബൻ പ്ലാനിംഗ് മന്ത്രി എന്നിവർ സഭയിൽ അവതരിപ്പിച്ചു. ഗാർഹിക, വ്യാവസായിക, നിർമ്മാണ, വ്യാവസായിക മാലിന്യങ്ങളുടെ പുനരുൽപ്പാദനം, കൈകാര്യം ചെയ്യൽ എന്നിവയാണ് പദ്ധതികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നടപ്പിലാക്കുന്ന പദ്ധതികളുടെ ഓരോ ഘട്ടത്തേയും കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മുനിസിപ്പാലിറ്റി അഫയേഴ്സ് ആന്റ് അർബൻ പ്ലാനിംഗ് മന്ത്രാലയം ആവശ്യപ്പെട്ടു.

ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവിന്റെ കാലഘട്ടത്തിൽ ജനാധിപത്യ നേട്ടങ്ങൾ വർദ്ധിച്ചതിലും ഭരണാധികാര ശാഖകൾ പരസ്പര സഹകരണത്തിലൂടെ ഏകോപിപ്പിക്കപ്പെട്ടതിലും കാബിനറ്റ് അഭിമാനിക്കുന്നു. യോഗത്തിൽ പ്രധാനമന്ത്രിയുടെ അഭ്യർഥനപ്രകാരം അടുത്തിടെ നടത്തിയ കുവൈറ്റ് സന്ദർശനത്തെക്കുറിച്ച് ഉപ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ മുബാറക് അൽ ഖലീഫ വിശദീകരിച്ചു. കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജബീർ അൽ സബഹിന്റെ ക്ഷേമാന്വേഷണങ്ങളും ഉപ പ്രധാനമന്ത്രി മന്ത്രിസഭയെ അറിയിച്ചു.

വിവിധ മേഖലകളിലെ ബഹ്റൈൻ കുവൈറ്റ് സഹകരണങ്ങളെ പ്രശംസിച്ച മന്ത്രിസഭ, വിവിധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുമെന്നും വ്യ്ക്തമാക്കി. സൗദി അറേബ്യയുടെ 88-ാം ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി രാജാവിനും ജനങ്ങൾക്കും പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. സൗദി അറേബ്യയുടെ പുരോഗതിയെയും രാഷ്ട്രീയ, സാമ്പത്തിക, നയതന്ത്ര കാര്യങ്ങളിൽ സൽമാൻ രാജാവിന്റെ നേട്ടങ്ങളെയും കാബിനറ്റ് പ്രശംസിച്ചു. എത്യോപ്യയും എറിത്രിയയും തമ്മിലുള്ള ജിദ്ദ സമാധാന കരാറിൽ എത്തുന്നതിന് സൗദി രാജാവ് നൽകിയ സംഭാവനകളെ പ്രധാനമന്ത്രി പ്രശംസിച്ചു. ആഗോള സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുള്ള സൗദി അറേബ്യയുടെ വിജയകരമായ പരിശ്രമങ്ങളുടെ ഭാഗമായാണിതെന്നും അദ്ദേഹം പറഞ്ഞു.

അശുറ സീസണിൽ മതപരമായ പരിപാടികൾ നടക്കുന്ന തെരുവുകളുടേയും റോഡുകളുടേയും ശുചിത്വം നിലനിർത്താൻ പ്രധാനമന്ത്രി വർക്സ്, മുനിസിപ്പാലിറ്റി അഫയേഴ്സ് ആന്റ് അർബൻ പ്ലാനിംഗ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. മിഡ് ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വ്യാപാര നിയമത്തിനുകീഴിൽ സാമ്പത്തിക സംഭാവനകൾക്ക് വേണ്ടിയുള്ള ധാരണാപത്രത്തിന് മന്ത്രിസഭാ അംഗീകാരം നൽകി.

ട്രാൻസ്പോർട്ട് ആൻഡ് ടെലികമ്യൂണിക്കേഷൻ വകുപ്പ് മന്ത്രി സമർപ്പിച്ച ബഹ്റൈൻ ഡൊമൈൻ രജിസ്ട്രേഷനും ഉപയോഗവും നിയന്ത്രിക്കുന്നതിനുള്ള കരട് മന്ത്രിസഭ അംഗീകരിച്ചു. ഇതിൻ പ്രകാരം ഡൊമൈൻ രജിസ്റ്റർ ചെയ്യുന്നതിന് ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (ടി.ആർ.എ) ഉത്തരവാദിയായിരിക്കും. പൊതു ഗതാഗത പ്രവർത്തനങ്ങൾക്കുള്ള ലൈസൻസുകളുടെ ഭേദഗതിക്കായി ഗതാഗത, ടെലികമ്യൂണിക്കേഷൻ വകുപ്പുകൾ പുറപ്പെടുവിക്കുന്ന കരട് ഭേദഗതി ബിൽ 11/2015 അംഗീകരിച്ചു. ഭേദഗതി പ്രകാരം, പൊതു ഗതാഗത പ്രവർത്തനങ്ങൾക്ക് പുതിയ ലൈസൻസുകൾ നിലവിൽ വരും. ഡ്രൈവറോട് കൂടിയ ആഢംബര കാറുകളുടെയും ലിമോസിൻ കാറുകളുടെയും പുതുക്കിയ വാടകയും ഇതിൽ ഉൾപ്പെടുന്നു.

You might also like

Most Viewed