ശുദ്ധീകരിച്ച വെള്ളത്തിന്റെ 50% കടലിലേക്ക് പാഴാകുന്നു


മനാമ : രാജ്യത്ത് ദശലക്ഷക്കണക്കിന് ദിനാറുകൾ ചിലവഴിച്ച് ശുദ്ധീകരിക്കുന്ന വെള്ളത്തിന്റെ 50% കടലിലേക്ക് ഒഴുക്കുന്നു. അധിക ഗതാഗത ചെലവുകളാണ് ഈ നീക്കത്തിനു പിന്നിലെ കാരണങ്ങളായി അധികൃതർ ചൂണ്ടിക്കാട്ടുന്നുണ്ട്. വർക്സ്, മുനിസിപ്പൽ അഫയേഴ്സ് ആന്റ് അർബൻ പ്ലാനിംഗ് മന്ത്രാലയത്തിലെ പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥനും ഇത് സ്ഥിരീകരിച്ചു. രാജ്യമെമ്പാടുമുള്ള വിവിധ ഭാഗങ്ങളിലേക്ക് വെള്ളം എത്തിക്കുന്നക എന്നത് വളരെ ചെലവേറിയ പദ്ധതിയാണ്, ഈ ആവശ്യത്തിനായി ഡിപ്പാർട്ട്മെന്റ് ബജറ്റിൽ തുക വകയിരുത്താറില്ല. അതുകൊണ്ട് ഇപ്പോൾ ശുദ്ധീകരിച്ച വെള്ളം കടലിലേക്ക് ഒഴുക്കുകയാണ് പതിവ്. ശരിയായ പദ്ധതികൾ ഉണ്ടെങ്കിൽ ജലസേചനം ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾക്ക് ഈ വെള്ളം ഉപയോഗിക്കാം.

ദിവസവും 120 ദശലക്ഷം ക്യുബിക് മീറ്റർ ജലമാണ് തുബ്ലി മലിനജല ശുദ്ധീകരണ പ്ലാന്റിൽ ദിവസവും ശുദ്ധീകരിക്കുന്നത്. ഇതിൽ 54 ദശലക്ഷം ക്യുബിക് മീറ്റർ ജലം മാത്രമാണ് ജലസേചന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. രാജ്യത്തിലെ 900 ഫാമുകളിൽ എഴുന്നൂറിലേറെ ഫാമുകൾ ഈ ജലമാണ് ഉപയോഗിക്കുന്നത്. ഇത് രാജ്യത്തിന്റെ കാർഷിക ഉൽപാദനത്തിന്റെ 25% ആണ്. മലിനജല ശുദ്ധീകരണത്തിന്റെയും ശുദ്ധജലം കൊണ്ടുപോകുന്നതിന്റെയും എല്ലാ ചുമതലകളും മന്ത്രാലയത്തിനാണ്.

ഇത്തരത്തിൽ പാഴാക്കുന്ന വെള്ളം ഉപയോഗിച്ച് രാജ്യത്ത് ഗ്രീൻ സ്പെയ്സുകൾ വർദ്ധിപ്പിക്കാൻ കൂടുതൽ ശ്രമങ്ങൾ നടത്തണമെന്ന് പരിസ്ഥിതി പ്രവർത്തകൻ മുഹമ്മദ് ജാവ്ദ് പറഞ്ഞു. അധിക ജലം സംഭരിക്കാൻ ശരിയായ റിസർവോയറുകളില്ല എന്നത് നിർഭാഗ്യമാണ്. പ്ലാന്റിൽ നടത്തുന്ന ശുദ്ധീകരണ പ്രവർത്തനത്തിലൂടെ വെള്ളത്തിൽ നിന്ന് കോളിഫോം ബാക്ടീരിയയെ ഇല്ലാതാക്കിയതായി ബഹ്‌റൈൻ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം നടത്തിയ ഒരു പഠനത്തിൽ തെളിഞ്ഞു. ശുദ്ധീകരണ പ്രക്രിയ 100 ശതമാനം ഫലപ്രദമാണെന്നും ഹാനികരമായ ബാക്ടീരിയകളേയോ അല്ലെങ്കിൽ സൂക്ഷ്മജീവികളുടെ സാന്നിധ്യമോ ജലത്തിൽ അടങ്ങിയിട്ടില്ലെന്നും യൂണിവേഴ്സിറ്റി ഫാക്കൽറ്റി ഓഫ് സയൻസിലെ ലൈഫ് സയൻസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. അലി സൽമാൻ ബിന്താനി 2014- 2018 കാലയളവിൽ നടത്തിയ പഠനം വ്യക്തമാക്കുന്നു.

You might also like

Most Viewed