വികസനം തുടരുന്നതിന് സുരക്ഷ നിലനിർത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി


മനാമ : വിവിധ മേഖലകളിൽ വികസനം തുടരുന്നതിന് രാജ്യത്തിന്റെ സുരക്ഷിതത്വവും സുസ്ഥിരതയും നിലനിർത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ വ്യക്തമാക്കി. രാജകുടുംബത്തിലെ അംഗങ്ങൾക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും ഗുദൈബിയ കൊട്ടാരത്തിൽ നൽകിയ സ്വീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനുള്ള രാജ്യത്തിൻറെ ശ്രമങ്ങൾ ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബഹ്റൈൻ എല്ലായ്പ്പോഴും ജനങ്ങൾക്ക് പ്രിയപ്പെട്ടതായിരിക്കുമെന്നും രാജ്യം എല്ലാവിധ സംരക്ഷണങ്ങളും നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിനായി ലഭിക്കുന്ന എല്ലാ അവസരങ്ങളും മുതലാക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

സമൂഹത്തിന്റെ പുരോഗതിയെ പ്രോത്സാഹിപ്പിക്കുന്നതിനും, കൂടുതൽ പുരോഗതിയിലേക്ക് നയിക്കുന്നതിനും എല്ലാവിധത്തിലും സംഭാവനകൾ നൽകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസനത്തെ ശക്തിപ്പെടുത്തുന്നതിനും കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിനുമായി കൂടുതൽ പദ്ധതികൾ നടപ്പിലാക്കുന്നതിനാണ് ഗവൺമെന്റിന്റെ ശ്രമം. രാജ്യത്തിന്റെ വികസനത്തിൽ ബഹ്റൈനിലെ പൂർവികർ വഹിച്ച ശ്രദ്ധേയമായ പങ്കിനെ പ്രശംസിച്ച പ്രധാനമന്ത്രി, സുരക്ഷിതത്വത്തിനും സ്ഥിരതക്കും നേരെ ഉയരുന്ന ആഗോള വെല്ലുവിളികളും ഭീഷണികളും നേരിടാൻ കൂടുതൽ ബോധവൽക്കരണവും നിശ്ചയദാർഢ്യവും ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി.

ആഗോള സമാധാനവും സുരക്ഷിതത്വവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് പരസ്പര സഹകരണത്തോടെയുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

You might also like

Most Viewed