ഫ്‌ളാറ്റുകൾ പലതും പ്രവർത്തിക്കുന്നത് രജിസ്റ്റർ ചെയ്യാത്ത ലേബർ ക്യാമ്പുകളായി


മനാമ : രാജ്യത്തെ ഫ്‌ളാറ്റുകൾ പലതും തൊഴിലുടമകളുടെയും കെട്ടിട ഉടമകളുടെയും ഇടനിലക്കാരുടെയും സഹായത്തോടെ ലേബർ ക്യാംപുകൾ ആക്കി മാറ്റുന്നു. ലേബർ ക്യാംപിക്കുകൾ ആക്കി മാറ്റുമ്പോൾ കൃത്യമായ നിയമംങ്ങളും ചട്ടങ്ങളും പാലിച്ച് രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്‌ഥയുള്ളതു കൊണ്ടാണ് സ്വകാര്യ ഫ്‌ളാറ്റുകൾ തൊഴിലാളികളുടെ താമസ സ്‌ഥലമാക്കി മാറ്റുന്നത്. സിത്രയിലെയും മറ്റും വ്യവസായ മേഖലകളിൽ പല തൊഴിലാളികളും താമസിക്കുന്നത് കൃത്യമായ രജിസ്‌ട്രേഷൻ ഇല്ലാത്ത താമസ സ്‌ഥലങ്ങളിൽ ആണെന്ന് മാത്രമല്ല, മതിയായ സുരക്ഷയോ ആവശ്യമായ സൗകര്യങ്ങളോ ഇല്ലാതെയാണ് പല താമസ സ്‌ഥലങ്ങളും പ്രവർത്തിക്കുന്നത്. മനാമയിലെ ബംഗാളി ഗല്ലികൾ എന്നറിയപ്പെടുന്ന പ്രദേശത്താണ് ഏറ്റവും കൂടുതൽ അനധികൃത താമസ സ്‌ഥലങ്ങൾ ഉള്ളത്. രണ്ടോ മൂന്നോ ആളുകൾക്ക് മാത്രം താമസിക്കാൻ സൗകര്യമുള്ള മുറികളിൽ എട്ടും പത്തും പേരെ വരെ കുത്തിനിറച്ചു താമസിപ്പിക്കുയായാണ് പല തൊഴിലുടമകളും. ലേബര്‍ ക്യാമ്പുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും തൊഴില്‍ മന്ത്രാലയം അനുശാസിക്കുന്ന നിയമങ്ങൾ എല്ലാം പാലിക്കണമെന്നുമുള്ള നിയമങ്ങൾ നിലനിൽക്കുമ്പോഴാണ് തൊഴിലുടമകളും കെട്ടിട ഉടമകളും ചേർന്നുള്ള ഇത്തരത്തിലുള്ള അനധികൃത ക്യാമ്പുകൾ പ്രവർത്തിച്ചു വരുന്നത്. ചില തൊഴിലുടമകളാവട്ടെ തൊഴിൽ സ്‌ഥലത്ത്‌ തന്നെ താൽക്കാലിക ഷെഡുകൾ ഒരുക്കി തൊഴിലാളികളെ അവിടെ താമസിപ്പിക്കുന്നുമുണ്ട്. എയർ കണ്ടീഷണറുകൾ പോലും ഇല്ലാതെയാണ് പല താമസ സ്‌ഥലങ്ങളും ഒരുക്കിയിരിക്കുന്നത്.

മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലേബര്‍ ക്യാമ്പുകളുടെ എണ്ണം 3,147 മാത്രമാണ്. എന്നാല്‍ എണ്ണി തിട്ടപ്പെടുത്താന്‍ സാധിക്കാത്ത വിധത്തില്‍ വര്‍ദ്ധിച്ചിരിക്കുകയാണ് രജിസ്റ്റര്‍ ചെയ്യാത്ത ക്യാമ്പുകളുടെ എണ്ണം. തൊഴിലുടമ നല്‍കുന്നതല്ലാതെ തൊഴിലാളികള്‍ നേരിട്ട് താമസസ്ഥലം തെരഞ്ഞെടുക്കുന്നതാണ് ഇത്തരം ക്യാംപുകൾ വർധിക്കുന്നതിന് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇത്തരത്തില്‍ നേരിട്ടെടുക്കുന്ന താമസസ്ഥലങ്ങളെക്കുറിച്ച് മന്ത്രാലയത്തിന് വ്യക്തതയില്ലാത്തതിനാൽ ഇവിടങ്ങളില്‍ പരിശോധന നടത്താനാവില്ലെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നു. തുച്ഛ ശമ്പളത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ പഴയ കെട്ടിടങ്ങള്‍ വാടകക്കെടുത്ത് താമസിക്കുന്ന പ്രവണത കൂടിവരുന്നതാണ് കണ്ടുവരുന്നത്. ഈ കെട്ടിടങ്ങളില്‍ പൊതുവേ സുരക്ഷാ സൗകര്യങ്ങളൊന്നും തന്നെയില്ല.

അനധികൃത താമസസ്ഥലങ്ങളില്‍ തീപ്പിടിത്തം പതിവായിരിക്കുകയാണ്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമുടമകളേയും ഇതിന് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവരേയും കര്‍ശന ശിക്ഷക്കു വിധേയമാക്കണമെന്നാണ് മൈഗ്രന്റ് വര്‍ക്കേഴ്‌സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി അടക്കമുള്ള സംഘടനകളും സാമൂഹ്യ പ്രവർത്തകരും ആവശ്യപ്പെടുന്നത്. രാജ്യത്തെ തൊഴിലാളികളില്‍ വെറും നാല്‍പ്പതു ശതമാനം പേര്‍ മാത്രമാണ് സ്‌പോണ്‍സര്‍മാര്‍ അനുവദിച്ചിട്ടുള്ള ലേബര്‍ക്യാമ്പുകളില്‍ താമസിക്കുന്നതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം ഈയിടെ വ്യക്തമാക്കിയിരുന്നു. ബാക്കി അറുപതു ശതമാനം പേരും താമസിക്കുന്നത് അനധികൃതവും സുരക്ഷിതമല്ലാത്തവയുമായ താമസസ്ഥലങ്ങളിലാണ്.

ഭൂരിഭാഗം പേരും സാമ്പത്തികലാഭം മാത്രം നോക്കി അപകടകരമായ കെട്ടിടങ്ങളിലാണു താമസിക്കുന്നത്. ചിലര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍നിന്ന് അലവന്‍സ് വാങ്ങിയ ശേഷം കൂടുതല്‍ പേരോടൊപ്പം ചെറിയ മുറികളില്‍ താമസിക്കുന്നു. ഇതൊക്കെയാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്. തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പുകളില്‍ തൊഴില്‍ മന്ത്രാലയം സുരക്ഷാ പരിശോധന കര്‍ശനമാക്കണമെന്ന് ജനറല്‍ ഫെഡറേഷന്‍ ഓഫ് ബഹ്‌റൈന്‍ ട്രേഡ് യൂണിയന്‍സും ഈയിടെ ആവശ്യപ്പെട്ടിരുന്നു. തൊഴിലാളികള്‍ അനധികൃതമായി നേരിട്ടെടുത്ത് തുച്ഛവാടകയില്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളിലാണ് പരിശോധന അനിവാര്യം.

ഇവിടങ്ങളില്‍ മുറികളിലും മറ്റും അശ്രദ്ധയോടെയുള്ള പാചകം വഴി പൊതുവേ തീപ്പിടിത്ത സാധ്യത വളരെ കൂടുതലായാണ് കണ്ടുവരുന്നത്. ഇത്തരത്തിലുള്ള താമസം ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ ലേബര്‍ ടൗണ്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുന്നതും പല കാരണങ്ങള്‍ കൊണ്ടും അഭികാമ്യമായിരിക്കുമെന്നും ട്രേഡ് യൂണിയന്‍ ഒക്യൂപേഷണല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി കമ്മിറ്റി അധികൃതര്‍ സൂചിപ്പിച്ചിരുന്നു. സുരക്ഷിതവും ആരോഗ്യകരവുമായ താമസസ്ഥലം തിരഞ്ഞെടുക്കുന്നതില്‍ വീഴ്ച വരുത്തുന്നതു മൂലമാണ് തീപ്പിടത്തങ്ങള്‍ ഏറെയും നടക്കുന്നതെന്ന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ നേരത്തേയും വെളിപ്പെടുത്തിയിട്ടുള്ളതാണ്.

ബഹ്‌റൈനിൽ തൊഴിലാളികളുടെ സുരക്ഷയും അവകാശവും സംരക്ഷിക്കണമെന്ന ആവശ്യവുമായി ഇപ്പോൾ ജനറൽ ട്രേഡ് യൂണിയനും രൂപീകരിച്ചിട്ടുണ്ട്. മെയ് മാസത്തിൽ ജനറൽ ട്രേഡ് യൂണിയൻ ഓഫ് സർവ്വീസസ് വർക്കേഴ്സ് എന്നപേരിലാണ് യൂണിയൻ രൂപീകരിച്ചിട്ടുള്ളത്. തൊഴിലുടമക്കോ,ഡയറക്ടർ ബോർഡിൽ അംഗമല്ലാത്ത ഏതൊരു കമ്പനിതൊഴിലാളികൾക്കും ജീവനക്കാർക്കും അംഗമാകാവുന്ന സംഘടനയാണിതെന്ന് ഇതിന്റെ ഭാരവാഹികൾ വ്യക്തമാക്കി.

You might also like

Most Viewed