വ്യാജ ഡിഗ്രികൾ കണ്ടെത്തുന്നതിന് സാങ്കേതികവിദ്യകൾ പരിഷ്‌കരിക്കും


മനാമ : നിലവിലെ വ്യാജ ഡിഗ്രികൾ കണ്ടെത്തുന്നതിനും ഭാവിയിൽ സമാനമായ അപവാദങ്ങൾ ഉണ്ടാകുന്നത് തടയുന്നതിനുമായി വിദ്യാഭ്യാസ മേഖലയിൽ നിലവിലുള്ള സാങ്കേതികവിദ്യകൾ പരിഷ്‌കരിക്കും. വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന തട്ടിപ്പുകൾ കണ്ടെത്താൻ സാങ്കേതികവിദ്യകൾ ഉപകരിക്കുമെന്നാണ് കരുതുന്നത്. ബ്ളോക്ക്ചെയ്ൻ ടെക്നോളജി ഉപയോഗിച്ച് വിദ്യാഭ്യാസ അധികാരികളേയും കോളേജുളേയും സർവകലാശാലകളേയും ഒന്നിച്ച് നിറുത്താനാകുമെന്ന് ബഹ്റൈൻ ടെക്നോളജി കമ്പനീസ് സൊസൈറ്റി (ബിടെക്) ബ്ളോക്ക്ചെയ്ൻ കമ്മിറ്റി തലവൻ ഫവാസ് ഷക്റല്ല പറഞ്ഞു. ഈ ടെക്നോളജി സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്താനും അഴിമതിക്കെതിരെയുള്ള നീക്കങ്ങളുടെ ചെലവുകൾ കുറയ്ക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ യോഗ്യതയിൽ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം സർട്ടിഫിക്കറ്റുകളാണ്. വ്യാജ സർവകലാശാലകളിൽ നിന്നും വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളും വ്യാജ പി.എച്ച്‌.ഡി സർട്ടിഫിക്കറ്റുകളും ലഭിക്കുന്നു. എന്നാൽ ബ്ളോക്ക്ചെയ്ൻ ടെക്‌നോളജിയിൽ സർവകലാശാല സർട്ടിഫിക്കറ്റുകൾ ബ്ളോക് ചെയ്നിലും പ്രസിദ്ധീകരിക്കും. അതിനാൽ തന്നെ ഇവയുടെ ആധികാരികത ആർക്കും പരിശോധന നടത്താം. ഇതിലൂടെ ഇത് യഥാർഥവും സത്യസന്ധവുമാണെന്നും അംഗീകാരമുള്ള ഒരു സർവകലാശാല നൽകുന്ന ബിരുധമാണെന്നും തിരിച്ചറിയാനാകും. ഇതിലൂടെ വ്യാജന്മാരെയും ഹാക്കർമാരെയും ഒഴിവാക്കാനും സാധിക്കും. ഇനിമുതൽ ഒരു വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നൽകുമ്പോൾ അത് യഥാർത്ഥമാണെന്ന് സ്ഥിരീകരിക്കുന്നതിന് അതിൽ ഒരു ട്രാൻസാക്ഷൻ സ്റ്റാമ്പ് ഉണ്ടാകും. അത് ആർക്കും പരിശോധിക്കാനും സ്മാർട്ഫോൺ വഴി സ്കാൻ ചെയ്ത് ആധികാരികത ഉറപ്പുവരുത്താനും കഴിയും. എന്നാൽ ഇപ്പോൾ സർവകലാശാല വ്യാജമാണോ എന്നറിയണമെങ്കിൽ, വിദ്യാഭ്യാസ മന്ത്രാലയവുമായോ വിദ്യാഭ്യാസ അധികാരികളുമായോ ബന്ധപ്പെടണം.

അതുപോലെ ഒരു പുതിയ സർവകലാശാല തുറന്നാൽ, അവർ വിദ്യാഭ്യാസ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണം. മന്ത്രാലയം അവരോട് അവരുടെ രേഖകൾ ഒരു ബ്ളോക്ചെയിനിൽ സൂക്ഷിക്കാൻ ആവശ്യപ്പെടണം. ഇത് ആധികാരികവും വ്യക്തവും ആയിരിക്കണം. വിദ്യാഭ്യാസ മന്ത്രാലയം ഇത് യഥാർത്ഥമാണെന്ന് അംഗീകരിക്കുകയും സർവകലാശാലക്ക് അംഗീകാരം നൽകുകയും ചെയ്യും. അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ വ്യവസ്ഥയെക്കാളും മെച്ചപ്പെട്ടതാണ് ബ്ളോക്ചെയിനെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള രീതികളിൽ അഴിമതിക്കുള്ള സാധ്യതയുണ്ട്. പുതിയ സർവകലാശാലകൾ വരുമ്പോൾ ആധികാരികത ഉറപ്പാക്കാൻ ഡിപ്പാർട്ട്മെൻറുകൾക്ക് ഒരു ബ്ളോക്ചെയിൻ ആപ്ലിക്കേഷൻ സമർപ്പിക്കാൻ അവരോട് ആവശ്യപ്പെടുകയാണെങ്കിൽ, അഴിമതിക്കാരുടെ ഇടപെടലുകൾക്ക് ഒരു അവസരവും ലഭിക്കുന്നില്ല.

രാജ്യത്ത് വ്യാജ സർട്ടിഫിക്കറ്റുകൾ പെരുകുന്നു എന്ന വാർത്തയെതുടർന്ന് പരിശോധനകളും അന്വേഷണങ്ങളും ശക്തമാക്കിയിരുന്നു. ബഹ്റൈന് പുറത്തുള്ള വ്യാജ സർവകലാശാലകൾ നൽകുന്ന സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ പരിശോധിക്കാൻ ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ അക്കാദമിക് അക്രഡിറ്റേഷൻ കമ്മിറ്റികളോട് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഉത്തരവിട്ടിരുന്നു.

You might also like

Most Viewed