നവകേരളം: കോടികളുടെ വാഗ്ദാനവുമായി പ്രവാസി സമൂഹം


മനാമ: ബഹ്റൈനിലെ ബിസിനസ്, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും വിവിധ അസോസിയേഷൻ ഭാരവാഹികളുടെയും ആഭിമുഖ്യത്തിൽ ഹോട്ടൽ പാർക്ക് റെജിസിൽ ചേർന്ന യോഗത്തിൽ പ്രളയകെടുതിയിലായ കേരളത്തിന്  രണ്ട് കോടി രൂപ വാഗ്ദാനം നൽകി ബഹ്റൈൻ മലയാളി സമൂഹം . ബഹ്റൈൻ മലയാളികളായ ബിസിനസ് പ്രമുഖർ പങ്കെടുത്ത അത്താഴ വിരുന്നിൽ നോർക്ക റൂട്ട്സ് ഡയറക്ടറും ലോക കേരള സഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ഡോ. രവി പിള്ള കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ മറികടക്കാൻ വേണ്ട സഹായ വാഗ്ദാനങ്ങളെ കുറിച്ച് സംസാരിച്ചപ്പോളാണ് കേരളത്തിന്റെ പുനർ നിർമ്മാണത്തിനായി രണ്ട് കോടി രൂപ സംഭാവന നൽകാമെന്ന് യോഗത്തിൽ തീരുമാനമായത്. നാടിന് വേണ്ടി പ്രവാസ ലോകത്ത് നിന്ന് നിരവധി സഹായങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനേക്കാൾ കൂടുതൽ സഹായ സഹകരണങ്ങൾ ആവശ്യമായി വന്നിരിക്കുകയാണെന്ന ഗവൺമെന്റിന്റെ അഭ്യർത്ഥനയെ മാനിച്ചാണ് നോർക്ക ഡയറക്ടറെന്ന നിലയിൽ ഇത്തരത്തിൽ ഒരു യോഗം വിളിച്ചു ചേർത്തതെന്ന് രവി പിള്ള പറഞ്ഞു. ബഹ്റൈൻ മലയാളി പ്രവാസികളിൽ നിന്ന് പത്ത് കോടി രൂപയാണ് താൻ പ്രതീക്ഷിക്കുന്നതെന്നും, കുവൈത്ത് ബഹ്റൈൻ പ്രവാസികളിൽ നിന്ന് സംഭാവനകൾ ശേഖരിക്കാനാണ് കേരള ഗവൺമെന്റ് തന്നോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനായി എല്ലാവരുടെയും സഹായ സഹകരണങ്ങൾക്കായി ഈ അവസരം ഉപയോഗിക്കുകയാണെന്നും അദേഹം പറഞ്ഞു. വലിയ തോതിൽ നാശ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ അതിജീവനത്തിനായി കൂടുതൽ പണം ആവശ്യമുണ്ടെന്നും അതിനായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും രവി പിള്ള അഭിപ്രായപ്പെട്ടു. ബഹ്റൈനിലെ മലയാളി പ്രമുഖരിൽ നിന്ന് ഒറ്റ രാത്രി കൊണ്ട്  രണ്ട് കോടി രൂപ ലഭിച്ചത് വലിയ കാര്യമാണെന്നും ബാക്കിയുള്ള എട്ടു കോടി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് തുടർ യോഗങ്ങൾ നടക്കുമെന്നും അദേഹം പറഞ്ഞു.  ബഹ്റൈൻ കേരളീയ സമാജം പ്ര‍‍സിഡണ്ട് പി.വി രാധാകൃഷ്ണ പിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നൂറോളം പേർ സന്നിഹിതരായിരുന്നു. 

You might also like

Most Viewed