സോപാനം വാദ്യസംഗമം -2018, നവംബർ 8, 9 തീയതികളിൽ


മനാമ: സോപാനം വാദ്യകലാ സംഘം സ്റ്റാർവിഷന്റെ സഹകരണത്തോടെ  ഒരുക്കുന്ന "വാദ്യസംഗമം- 2018" നവംബർ 8, 9 തീയതികളിൽ ഇൻഡ്യൻ സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറുമെന്നു ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പത്മശ്രീ പെരുവനം കുട്ടൻ മാരാർ എന്നിവർ നയിക്കുന്ന താളമേളവിസ്മയമാണ് ഈ വർഷത്തെ പ്രത്യേകത എന്ന് സോപാനം വാദ്യകലാ സംഘം ഗുരു  സന്തോഷ് കൈലാസ് പറഞ്ഞു . സുപ്രസിദ്ധ ചലച്ചിത്ര പിന്നണിഗായിക വൈക്കം വിജയലക്ഷ്മി അവതരിപ്പിക്കുന്ന ഗായത്രീവീണകച്ചേരി, കാഞ്ഞിലശ്ശേരി പദ്നാഭൻ നയിക്കുന്ന അഞ്ചടന്തമേളം, പെരിങ്ങോട് സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ ഇടക്ക വിസ്മയം എന്നിവ പരിപാടിക്ക് മാറ്റുകൂട്ടും  എന്ന് സന്തോഷ് കൈലാസ് കൂട്ടിച്ചേർത്തു. മേളപരിപാടികളിൽ പങ്കുചേരുന്നതിന് മുപ്പതിൽ പരം കലാകാരന്മാർ കേരളത്തിൽ നിന്നും എത്തിച്ചേരും. 
 
കഴിഞ്ഞ വർഷം ഇരുന്നൂറിൽ പരം മേളകലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സോപാനം വാദ്യസംഗമം 2017 ഇൻഡ്യക്ക് വെളിയിൽ നടന്ന ഏറ്റവും വലിയ ചെണ്ടമേള പരിപാടിയായിരുന്നു. ഈ വർഷം പത്മശ്രീ ദ്വയങ്ങൾ ഒരേ പരിപാടിയിൽ പങ്കെടുക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. 
 
നവംബർ 8 ആം തീയതി വൈകുന്നേരം 7 മണിക്ക് കേളികൊട്ടോടു കൂടി പരിപാടികൾക്കു തുടക്കം കുറിക്കും. ഉദ്ഘാടന   സമ്മേളനാനന്തരം, ഇടക്ക കച്ചേരിയും പെരുവനം കുട്ടൻമാരാർ നയിക്കുന്ന പഞ്ചാരിമേളവും ആയിരിക്കും ആദ്യദിവസത്തെ പ്രധാന പരിപാടികൾ. 
 
നവംബർ 9 ആം തീയതി വൈകുന്നേരം 6 മണിക്ക്  കാഞ്ഞിലശ്ശേരി പദ്നാഭൻ നയിക്കുന്ന അഞ്ചടന്ത മേളത്തോടെ പരിപാടികളാരംഭിക്കും. തുടർന്ന് വൈക്കം വിജയ ലക്ഷ്മി അവതരിപ്പിക്കുന്ന ഗായത്രീവീണകച്ചേരി, മട്ടന്നൂർ ശങ്കരങ്കുട്ടിമാരാർ നയിക്കുന്ന പാണ്ടിമേളം എന്നിവ ഉണ്ടായിരിക്കും.രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ 400ൽ പരം കലാകാരന്മാർ അണിനിരക്കും. പരിപാടികൾക്കുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്നും, പരിപാടിയുടെ സ്പോൺസർഷിപ്പ് തുകയിൽ നിന്നും ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്നും 
സംഘാടകർ അറിയിച്ചു. 
 
അദ്ലിയ കാൾട്ടൻ ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിൽ സോപാനം ഗുരു ശ്രീ സന്തോഷ് കൈലാസിനോടൊപ്പം, പ്രോഗ്രാം കൺവീനർ നവീൻ വിജയൻ, ജോ. കൺവീനർമാരായ ഷൈൻരാജ്. ചന്ദ്രശേഖർ, ജോഷി ഗുരുവായൂർ, മനുമോഹൻ കൂരമ്പാല, ദിവ്യ മധു എന്നിവർ പങ്കെടുത്തു.

You might also like

Most Viewed