സൗദിക്ക് പിന്തുണ പ്രഖ്യാപിച്ച് ബഹ്‌റൈൻ


മനാമ : സൗദി അറേബ്യക്കെതിരെയുള്ള എല്ലാ ഗൂഢശ്രമങ്ങൾക്കുമെതിരെ ബഹ്റൈൻ ജനതയുടെ പിന്തുണ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ. എല്ലാ രാജ്യങ്ങൾക്കും പിന്തുണ നൽകുന്ന സൗദി അറേബ്യക്ക് പിന്തുണ നൽകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യക്കൊപ്പം നിൽക്കുന്നതിന് സഹായിച്ച എല്ലാവര്ക്കും നന്ദി പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായികൾ, പത്ര - മാധ്യമ പ്രവർത്തകർ, പൗരന്മാർ എന്നിർക്ക് സ്വീകരണം നൽകി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ സേവിക്കുന്നതിനും പൗരന്മാരുടെ ക്ഷേമത്തിനും മുൻഗണന നൽകുന്നതായി അദ്ദേഹം പറഞ്ഞു. ഭാവിയിൽ വെല്ലുവിളികൾ നേരിടുന്നതിന് ശുഭപ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈനി ജനങ്ങളുടെ ഐക്യതയെയും നേട്ടങ്ങളേയും പ്രശംസിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ബഹ്റൈൻ മുമ്പത്തേക്കാൾ ശക്തിയാർജ്ജിച്ച് വരികയാണ്. രാജ്യാന്തര ബഹുമതികളും അഭിനന്ദനവും ലഭിച്ച രാജ്യത്തിന്റെ തുടർച്ചയായ നേട്ടങ്ങളെയും അദ്ദേഹം പ്രശംസിച്ചു. മനുഷ്യാവകാശവും സ്വാതന്ത്യ്രവുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ പദവി ബഹുമാനവും അർഹിക്കുന്നതാണെന്ന് പറഞ്ഞ അദ്ദേഹം, ബഹ്റൈനി ജനതയുടെ ദേശസ്നേഹം വിജയത്തിന്റെ പ്രതീകമാണെന്നും പറഞ്ഞു.

രാജ്യത്തിന്റെ വികസന പരിപാടിയിൽ പങ്കെടുക്കുന്നതിന് ബഹ്റൈനിലെ സ്വാതന്ത്ര്യം പ്രയോജനപ്പെടുത്താൻ സോഷ്യൽ മീഡിയ വെബ്സൈറ്റുകളോട് അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യമേഖലയെ പിന്തുണക്കുന്നതിന് ഊന്നൽ നൽകിക്കൊണ്ട് ബഹ്റൈനികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകാനും അദ്ദേഹം ആഹ്വാനം ചെയ്തു. ദേശീയ സമ്പദ്ഘടനയെ വികസിപ്പിച്ചെടുക്കുന്നതിൽ സ്വകാര്യ മേഖലയിലെ വ്യവസായികൾക്ക് നിർണായകമായ പങ്കാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

Most Viewed