കേരളത്തിൽ കാവിക്കൊടിയും കോൺഗ്രസ് പതാകയും കൂട്ടിക്കെട്ടി :സത്യൻ മൊകേരി


 
 
രാജീവ് വെള്ളിക്കോത്ത് 
 
മനാമ:
കേരളത്തിൽ ബി ജെ പി യുടെ കാവിക്കൊടിയും കോൺഗ്രസ്സിന്റെ പതാകയും കൂട്ടിക്കെട്ടിയിരിക്കുകയാണെന്നാണ് അടുത്തിടെയുണ്ടായ നേതാക്കളുടെ പല പ്രസ്താവനകളിൽ നിന്ന് മനസ്സിലാകുന്നതെന്ന് നാദാപുരം മുൻ എം എൽ എ യും സി പി ഐ സംസ്‌ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ  സത്യൻ മൊകേരി അഭിപ്രായപ്പെട്ടു .ശബരിമല  വിഷയത്തിൽ ഇപ്പോൾ ഇരു പാർട്ടികളും ഒരുമിച്ചുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്.ഇടതുപക്ഷത്തെ കേരളത്തിൽ തോൽപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമേ അവർക്കുള്ളൂ എന്നും വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് കലാപമുണ്ടാക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നവകേരള ബഹ്‌റൈൻ സംഘടനയുടെ പരിപാടികളുമായി ബന്ധപ്പെട്ട് ബഹ്‌റൈനിലെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് ഇന്ന് രാവിലെ സമകാലീന രാഷ്ട്രീയ വിഷയം സംസാരിക്കവെയാണ് ഇങ്ങനെ അഭിപ്രായപെട്ടത്.
 
കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാറിന്റെ നേതൃത്വത്തിൽ സ്ത്രീ പ്രവേശന വിഷയത്തിൽ ശബരിമലയിൽ സമരം നടത്തുമ്പോൾ രാജ് നാഥ്‌ സിംഗ് ഭരിക്കുന്ന കേന്ദ്ര ആഭ്യന്തര വകുപ്പ്  മലകയറുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകണമെന്ന് സംസ്‌ഥാന സർക്കാരിനോട് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്.ഇത്  കേരള സർക്കാരിനെതിരായ  രാഷ്ട്രീയ നീക്കവും ബി ജെ പി യുടെ ഇരട്ടത്താപ്പ് നയവുമാണ് വെളിവാക്കുന്നത് .  സുപ്രീം കോടതി വിധിയെ ആദ്യം സ്വാഗതം ചെയ്ത കോൺഗ്രസ് നേതാക്കളും   മലക്കം മറിയുന്ന കാഴ്ചയാണ് ശബരിമല വിഷയത്തിൽ നാം പിന്നീട് കണ്ടത്.ഇതിനു മുൻപ് മുംബൈയിലെ ശനി ക്ഷേത്രത്തിന്റെ വിധിയിലും ,മഹാരാഷ്ട്രയിലെ ഹാജി അലി ദർഗ്ഗായിലും  സമാനമായ രീതിയിൽ  കോടതി വിധി  ഉണ്ടായപ്പോൾ ഒന്നും ഇല്ലാത്ത എതിർപ്പ്കേരളത്തിൽ മാത്രംമുന്നോട്ട് കൊണ്ടുവരുന്നത്  ഇടതു പക്ഷ ഗവർമെന്റിന്റെ ഏതു വിധേനയും താറടിച്ചു കാണിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.സുപ്രീം കോടതിയുടെ ഒരു വിധി വന്നാൽ  അത് നടപ്പിലാക്കാനുള്ള ബാധ്യത അവിടെ ഭരിക്കുന്ന സർക്കാരിനുണ്ട്.അത് മാത്രമാണ് സർക്കാർ ചെയ്യുന്നത്. അതിനെ അവർ വിശ്വാസികൾക്കെതിരാണ് എന്ന നിലയിൽ വരുത്തിത്തീർക്കാനാണ് ബി ജെ പിയും കോൺഗ്രസും ശ്രമിക്കുന്നത്.
 
വളരെ  'സെന്സിറ്റിവ്  'ആയ ഒരു വിഷയമാണ് ശബരിമല വിഷയം.ഈ വിഷയത്തിൽ പാർട്ടിയുടെയും ഇടതുപക്ഷത്തിന്റെയും നിലപാട് വളരെ വ്യക്തമാണ്.സുപ്രീം  കോടതി വിധി എല്ലാവര്ക്കും തുല്യത എന്നതാണ്. എൽ ഡി എഫ്  വിശ്വാസികൾക്കൊപ്പം തന്നെയാണ്. മുൻപ് ഹൈക്കോടതിയിൽ ജസ്റ്റിസ് പരിപൂർണ്ണൻ കമ്മീഷൻ  ശബരിമലയിൽ 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം പാടില്ലെന്ന് ഉത്തരവിട്ടപ്പോൾ അത് നടപ്പിലാക്കാൻ അന്നത്തെ സർക്കാർ ഈ ഉത്തരവിനെതിരെ അപ്പീൽ കൊടുക്കാതിരുന്നത് തന്നെ സർക്കാർ വിശ്വാസികൾക്ക് അനുകൂലമാണെന്നത്തിനു ഉദാഹരണമാണ്.എന്നാൽ പിന്നീട്  സുപ്രീം കോടതിൽ കേസെത്തി.സ്ത്രീകൾക്ക് എല്ലാവര്ക്കും തുല്യതയോടെ പ്രവേശനം വേണമെന്നുള്ളതായിരുന്നു  ഹർജി.അന്ന്  വി എസ് അച്യുതാനനന്ദൻ സത്യവാങ് മൂലം കൊടുത്തത് ഭരണഘടനാപരമായ തുല്യത എല്ലാവര്ക്കും ലഭിക്കണം എന്നതിനാണ്.അടിസ്‌ഥാനപരമായ ശരിയും ഇത് തന്നെയാണ്. എങ്കിലും ഇത് പക്ഷെ ഒരു ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പ്രശ്നമാണ്.അത്തരം വിഷയങ്ങൾ രാഷ്ട്രീയപരമായി മാത്രം കൈകാര്യം ചെയ്‌താൽ പോരാ.മറിച്ച് ആ വിഭാഗങ്ങളുടെ കൂടി അഭിപ്രായം പരിഗണിക്കേണ്ടതായരിരുന്നു.അതിനു വേണ്ടി തന്ത്രി,ക്ഷേത്രാചാര്യന്മാർ,ആചാരങ്ങളിൽ പ്രാമുഖ്യമുള്ള പണ്ഡിതന്മാർ ,തുടങ്ങിയവരിൽ നിന്ന്  നിക്ഷ്പക്ഷ മതികളെയും അടക്കം ഉൾപ്പെടുത്തി ഒരു കമ്മീഷനെ നിയമിക്കണം .അത്തരം ഒരു കമ്മീഷന്റെ കൂടി അഭിപ്രായം ആരാഞ്ഞുവേണമായിരുന്നു സുപ്രീം കോടതി  ഇക്കാര്യത്തിൽ വിധി പറയേണ്ടിയിരുന്നത് എന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും മൊകേരി  പറഞ്ഞു. സുപ്രീം കോടതി വിധി പുറപ്പെടുവിച്ചുകഴിഞ്ഞ സാഹചര്യത്തിൽ അത് നടപ്പിലാക്കേണ്ട ബാധ്യത ഭരിക്കുന്ന സർക്കാരിനുണ്ട്.കേന്ദ്രം  വിധി നടപ്പാക്കാൻ സംസ്‌ഥാന സർക്കാരിനെ നിർബന്ധിക്കുകയും ചെയ്യുന്നുണ്ട്.
കേരളത്തിലെ വിശ്വാസികളെ പറഞ്ഞു മനസ്സിലാക്കാനും സർക്കാരിന്റെ ഭാഗം വിശദമാക്കാനും വിപുലമായ യോഗങ്ങളും പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ വിശ്വാസികളുടെ തെറ്റിദ്ധാരണ നീക്കാനുള്ള സംവിധാനവും ഒരുക്കുമെന്നും വിശ്വാസികൾക്കൊപ്പമല്ല സർക്കാർ എന്ന് വരുത്തിത്തീർക്കാനുള്ള പ്രചാരണങ്ങളെ ചെറുക്കുമെന്നും സത്യൻ മൊകേരി അഭിപ്രായപ്പെട്ടു.അദ്ദേഹത്തോടൊപ്പം സി പി ഐ സംസ്‌ഥാന എക്സികുട്ടീവ് അംഗം പി പി സുനീർ,നവകേരളാ ബഹ്‌റൈൻ കോർഡിനേഷൻ സെക്രട്ടറി ഷാജി മൂതല ,അസി. സെക്രട്ടറി ജേക്കബ് മാത്യു എന്നിവരും എസ്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സംബന്ധിച്ചു.
 

You might also like

Most Viewed