സാജു കുര്യന്റെ തിരോധാനം: ബഹ്‌റൈൻ മലയാളി സമൂഹത്തിന്റ പിന്തുണ തേടി ഭാര്യ


മനാമ:  ബഹ്റൈനില്‍  ജോലി ചെയ്യവെ  ഇക്കഴിഞ്ഞ ഒക്ടോബർ 11 തൊട്ട് കാണാതായ കോട്ടയം പാണമ്പുഴ സ്വദേശി സാജു കുര്യന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം ഊർജ്ജിതമാക്കാൻ ബഹ്‌റൈനിലെ മലയാളി സമൂഹം മുൻകൈയ്യെടുക്കണമെന്ന് നാട്ടിലുള്ള അദ്ദേഹത്തിന്റെ ഭാര്യ ബിന്ദു വർഗീസ് അഭ്യർഥിച്ചു. കഴിഞ്ഞ ദിവസം ഫോർ പി എം ന്യൂസ് അവരുമായി ഫോണിലൂടെ  ബന്ധപ്പെട്ടപ്പോഴാണ് അവർ ഇക്കാര്യം ആവശ്യപ്പെട്ടത്. ഞങ്ങൾക്ക് ബഹ്‌റൈനിലെ നിയമങ്ങൾ അറിയില്ല, ആരെ കാണണമെന്ന് അറിയില്ല .. പക്ഷെ  ഒരു മലയാളിയെ  താമസ സ്‌ഥലത്ത്‌ നിന്നും കാണാതായിട്ട് ഒരു മാസം തികയുമ്പോഴും ഇതുവരെയും ഒരു തുമ്പും കിട്ടാതിരിക്കുന്നതിലെ ആശങ്ക ബഹ്‌റൈനിലെ മലയാളി സമൂഹവുമായി പങ്കുവയ്ക്കുകയാണെന്നും നിരവധി പ്രവാസി സംഘടനകൾ പ്രവർത്തിക്കുന്ന ബഹ്‌റൈനിലെ മലയാളി സന്നദ്ധ സംഘടനകൾ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യണമെന്നും അവർ അഭ്യർഥിച്ചു. പോലീസിന്റെ ഭാഗത്തു നിന്ന് അന്വേഷണം നടക്കുന്നു എന്നുള്ള ഒരു മറുപടിയല്ലാതെ ഇക്കാര്യത്തിലെ അവ്യക്തത  നീക്കണമെന്നും അവർ ആവശ്യപ്പെട്ടു.
 
ദിവസേന   ചാറ്റിലൂടെയും  മൊബൈൽ  വഴിയും ബന്ധപ്പെട്ടിരുന്ന ഭർത്താവിന് എന്ത് സംഭവിച്ചു എന്നെങ്കിലും അറിയാൻ ഞാൻ ഇനി എന്ത് ചെയ്യണം?എന്റെ മക്കളോട് ഞാൻ ഇനി എന്ത് പറയണം?അവരുടെ പ്രിയപ്പെട്ട  പപ്പയുടെ വിളിക്ക് കാതോർത്ത് ഇനിയും  എത്ര ദിവസം അവർ ക്ലാസിൽ പോകാതെ ഇരിക്കണം? "   എന്നൊക്കെയുള്ള ബിന്ദു വർഗീസിന്റെ ചോദ്യങ്ങൾക്കു മറുപടി നൽകാനാകാതെ കുഴങ്ങുകയാണ് സാജു കുര്യന്റെ ബഹ്‌റൈനിലുള്ള സഹോദരൻ സാബു കുര്യനും.    ഇതുവരെയും ഒരു  തുമ്പും കിട്ടിയിട്ടില്ല എന്നുള്ള മറുപടി ,മാത്രമാണ്   ഇവര്‍ക്കും  പോലീസിൽ നിന്നും  ലഭിക്കുന്നത്.
ഇവർക്ക് കഴിയാവുന്ന വിധത്തിൽ ബഹ്‌റൈനിലെ ആശുപത്രികളും സാജു പോയിരിക്കാൻ സാധ്യതയുള്ള എല്ലായിടവും സുഹൃത്തുക്കൾ അടക്കമുള്ളവരുടെ സഹായത്തോടെ തിരഞ്ഞെടുത്തുവെങ്കിലും  ഇതുവരെയും ഒരു ഫലവും ഉണ്ടായില്ല. റിഫയിലെ കമ്പനി ഏർപ്പാടാക്കിയ മജ്ലിസിൽ താമസിച്ചു വരികയായിരുന്ന സാജുവിനെ വെള്ളിയാഴ്ചകളിൽ പള്ളിയിൽ വച്ചായിരുന്നു സഹോദരൻ കണ്ടുമുട്ടാറുണ്ടായിരുന്നത്.
എന്നാൽ ഒക്ടോബർ 11 നു ശേഷമുള്ള വെള്ളിയാഴ്ച പള്ളിയിൽ കണ്ടില്ല. തൊട്ടടുത്ത ദിവസമാണ് സാജുവിനെ കാണാമാനില്ലെന്ന് കമ്പനി അധികൃതർ ഇവർക്ക് ഫോൺ ചെയ്തത്. ഇത് സംബന്ധിച്ച് കമ്പനി അധികൃതർ തന്നെ പോലീസിൽ പരാതിയും നൽകിയിരുന്നു.
തിരോധാനത്തിന്റെ വാർത്ത അറിഞ്ഞത് മുതൽ ഉറക്ക ഗുളിക കഴിച്ചാണ് താൻ ഉറങ്ങുന്നതെന്നും മക്കളുടെ ചോദ്യങ്ങൾക്കു ഉത്തരം നൽകാൻ ഇനിയും തനിക്ക് ആവില്ലെന്നും നാട്ടിൽ കഴിയുന്ന ഭാര്യ ബിന്ദു കരഞ്ഞു കൊണ്ട് ഫോർ പി എം ന്യൂസിനോട് പറഞ്ഞു.  നഴ്‌സിംഗ് വിദ്യാർഥിനിയായ  മൂത്ത മകൾ അനു കുര്യനും ബി ടെക് വിദ്യാർഥിയായ  രണ്ടാമത്തെ മകൻ വിജയ് കുര്യനും പിതാവിനെ കാണാതായത് മുതൽ ക്ലാസിൽ  പോലും പോകാതെ പപ്പയുടെ ഒരു വിളിക്ക് വേണ്ടി കാതോര്തിരിക്കുകയാണ്.
ഈ വര്ഷം കൂടി ജോലി ചെയ്തു പ്രവാസ ജീവിതം അവസാനിപ്പിക്കാനി രിക്കുകയായിരുന്നു തന്റെ ഭർത്താവെന്നും അതിനിടെയുണ്ടായ തിരോധാനത്തിന് പിന്നിൽ സംശയകരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും  ബിന്ദു പറയുന്നു. യാതൊരു വിധ കുടുംബ പ്രശനങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നില്ലെന്നും തങ്ങളിൽ നിന്നും ഇതുവരെയും ഇത്രയും ദീർഘകാലം ഒന്ന് ഫോൺ ചെയ്യാതെയിരുന്നിട്ടില്ലെന്നും പറയുന്ന ബിന്ദു തന്റെ ഭർത്താവിന്റെ തിരോധാനത്തിന് പിന്നിൽ എന്താണ് സംഭവിച്ചതെങ്കിലും അറിയാനുള്ള അവകാശമെങ്കിലും തനിക്കില്ല എന്നാണ് കരഞ്ഞു കൊണ്ട് ചോദിക്കുന്നത്.
പാർലമെന്റ് അംഗം ജോസ് കെ മാണി മുഖേന ബഹ്‌റൈൻ ഇന്ത്യൻ എംബസിയിലും  വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് അടക്കമുള്ളവർക്കും തനറെ ഭർത്താവിന്റെ തിരോധാനം സംബന്ധിച്ച പരാതികൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും ബഹ്റൈനില്‍ നിന്നോ അല്ലെങ്കിൽ ബന്ധപ്പെട്ടവരിൽ നിന്നോ യാതൊരു വിധ മറുപടിയും തനിക്കോ ബഹ്‌റൈനിലുള്ള സാജുവിന്റെ ബന്ധുക്കൾക്കോ ലഭിച്ചിട്ടില്ലെന്നും ബിന്ദു പറയുന്നു.

You might also like

Most Viewed