മൂല്യവർദ്ധിത നികുതി: രാജ്യത്ത് ചെറുകിട കച്ചവടക്കാരിൽ ആശങ്കയേറുന്നു


മനാമ : രാജ്യത്ത് ജനുവരി ഒന്ന് മുതൽ  മൂല്യവർദ്ധിത നികുതി (VAT) നടപ്പാക്കുമെന്ന തീരുമാനം വന്നത് മുതൽ ചെറുകിട കച്ചവടക്കാരും കോൾഡ് സ്റ്റോർ, കഫെറ്റീരിയ, ഇലക്ട്രോണിക്സ് കടകൾ എന്നിവ നടത്തുന്ന സാധാരണക്കാരായ മലയാളികളും ആശങ്കയിലാണ്. മൂല്യവർദ്ധിത നികുതി നിയമം പുറത്തു വന്നതോട് കൂടി ഈ മേഖലയിൽ ഒരു പരിചയവും ഇല്ലാത്തവർ പോലും ഒന്നോ രണ്ടോ അക്കൗണ്ടന്റുമാരെ വെച്ച് കൺസൾട്ടൻസി എന്ന പേരിൽ കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നതും ബിസിനസ് മേഖലയിലുള്ളവരെ കുഴക്കുന്നുണ്ട്. 

ഫോർ പിഎം നടത്തിയ അന്വേഷണപ്രകാരം, വാറ്റ് നിയമം പുറത്തിറങ്ങി എന്നല്ലാതെ ഇത് വരെ നികുതി പിരിവിനുള്ള സംവിധാനങ്ങളോ, നടപ്പിലാക്കാനുള്ള ചട്ടങ്ങളോ നിർദ്ദേശകതത്വങ്ങളോ പുറത്തു വന്നിട്ടില്ല. ഒക്ടോബര് ഏഴിന് ഇറക്കിയ ആദ്യ നോട്ടിഫിക്കേഷൻ പ്രകാരം ജനുവരി ഒന്ന് മുതൽ നികുതി പിരിവു തുടങ്ങും എന്ന് അറിയിച്ചിരിക്കുന്നതിനാൽ തൽക്കാലം അത് മുഖവിലക്കെടുത്തു തയ്യാറെടുപ്പുകൾ നടത്തുന്നതാണ് അവസാനനിമിഷത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുവാൻ നല്ലതു എന്നാണു രാജ്യത്തെ സാമ്പത്തിക വിദഗ്ദർ ഉപദേശിക്കുന്നത്. നിലവിലെ നിയമപ്രകാരം ഒരു വര്ഷം 37,700 ദിനാർ മൂല്യമുള്ള സാധനങ്ങളോ സേവനങ്ങളോ വിനിമയം ചെയ്യുന്ന എല്ലാ കച്ചവട സ്ഥാപനങ്ങളും നിർബന്ധമായും നികുതി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യുകയും നികുതി നമ്പർ എടുക്കുകയും വേണം. ഇത് പ്രകാരം ദിവസം 105 ദിനാർ വില്പന നടത്തുന്ന കോൾഡ് സ്റ്റോർ, കഫെറ്റീരിയ, മുതലായവയും നികുതിയുടെ പരിധിയിൽ വരും. മാത്രവുമല്ല, വലിയ കമ്പനികളിൽ നിന്നും സാധനങ്ങൾ വാങ്ങിക്കുന്ന ഇത്തരം ചെറുകിട കച്ചവടക്കാർക്ക് നിർബന്ധമായും വാങ്ങിക്കുന്ന സാധനങ്ങൾക്ക് മേൽ ഉണ്ടാകുന്ന നികുതി കൂടി കൂട്ടി നൽകിയേ മതിയാവൂ. കൊടുത്ത നികുതി ഉപഭോക്താവിൽ നിന്നും ഈടാക്കാൻ കഴിഞ്ഞില്ലെങ്കിൽ നഷ്ടക്കണക്ക് കൂടുകയേ ഉള്ളൂ. 
 
നികുതിയുടെ പരിധിയിൽ വരുന്ന എല്ലാ കച്ചവടസ്ഥാപനങ്ങളും എല്ലാ മാസവും നികുതി റിട്ടേൺ ഫയൽ ചെയ്യണം എന്നാണു നിയമം. രണ്ടു മാസം അധികാവധിക്കുള്ളിൽ നികുതി റിട്ടേൺ ഫയൽ ചെയ്യാതിരിക്കുന്നതും, ടാക്സ് രെജിസ്ട്രേഷൻ നടത്താതിരിക്കുന്നതും നികുതി ഒഴിവാക്കാൻ നടത്തുന്ന മനഃപൂർവ്വ കുറ്റകൃത്യങ്ങളായി കണക്കാക്കി മൂന്ന് മുതൽ അഞ്ച് വര്ഷം വരെ തടവിലിടാനും ആ കാലഘട്ടത്തിലെ നികുതിയുടെ മൂന്നിരട്ടി ഫൈൻ ഈടാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. അത് കൊണ്ട് തന്നെ ഇത് അത്യന്തം ഗൗരവമായി കാണേണ്ടുന്നതാണ്. സാധാരണ മലയാളികൾ പൊതുമാപ്പിനോടും അത്തരം സർക്കാർ നിയമങ്ങളോടും കാണിക്കുന്ന ഉദാസീനമായ വരുമ്പോൾ കാണാം നയം വലിയ അപകടങ്ങളിലേക്കു നയിക്കും എന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. 
 
ഫോർ പി എം ന്യൂസ് വാറ്റ് ബോധവൽക്കരണ സെമിനാർ  സംഘടിപ്പിക്കുന്നു 
 
മൂല്യവർദ്ധിത നികുതിയെ കുറിച്ച് ഞങ്ങളുടെ വായനക്കാരെയും  ചെറുകിട കച്ചവടക്കാരെയും  അവബോധമുള്ളവരാക്കുന്നതിനും  വാറ്റിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്യുന്നതിനുമായി  ഫോർ പിഎം ഈ രംഗത്തെ പ്രമുഖരുമായി സഹകരിച്ചു അടുത്ത വാരം  ഒരു സൗജന്യ നികുതി അവബോധ സെമിനാർ സംഘടിപ്പിക്കുന്നു. മുൻകൂട്ടി രെജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം. രജിസ്ട്രേഷന്‍ ചെയ്യുവാൻ 39485433 എന്ന നമ്പറിൽ  വിളിക്കാവുന്നതാണ്.
 

You might also like

Most Viewed