രാഷ്ട്രീയ രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കണം : പ്രിൻസസ് സബീക


മനാമ : രാഷ്ട്രീയം, നിയമനിർമ്മാണം എന്നി മേഖലകളിൽ വനിതാ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി സുപ്രീം കൗൺസിൽ ഫോർ വുമൺ (എസ്.സി.ഡബ്ല്യു). രാഷ്ട്രീയ രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എസ്.സി.ഡബ്ല്യു പ്രസിഡണ്ട് പ്രിൻസസ് സബീക ബിൻത് ഇബ്രാഹിം അൽ ഖലീഫ സംസാരിച്ചു. അന്താരാഷ്ട്ര തലത്തിൽ ഇന്നലെ നടന്ന സമ്മേളനത്തിൽ രാഷ്ട്രീയ രംഗത്ത് സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും ചർച്ചയായി.
 
രാഷ്ട്രീയത്തിൽ സ്ത്രീകളുടെ പങ്കാളിത്തത്തിൽ അഭൂതപൂർണമായ വർദ്ധനവാണ് ഉണ്ടായിരുന്നതെന്നും പ്രിൻസസ് സബീക വ്യക്തമാക്കി. എല്ലാ മേഖലകളിലും സ്ത്രീകൾ ഒരു അവിഭാജ്യഘടകമായിത്തീർന്നിരിക്കുന്നു. അവരിൽ പലരും സ്വകാര്യമേഖലയിലും പൊതുമേഖലയിലും വിജയകരമായി നേതൃസ്ഥാനങ്ങളിൽ എത്തിയിട്ടുണ്ടെന്നും പ്രിൻസസ് സബീക ചൂണ്ടിക്കാട്ടി. ബഹ്റൈനി സ്ത്രീകളുടെ കാര്യക്ഷമത അവരെ രാഷ്ട്രീയ മേഖല ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിക്കാൻ അവരെ യോഗ്യരാക്കുന്നുവെന്നും അവർ പറഞ്ഞു.
 
എല്ലാ മേഖലകളിലും സജീവമായി പങ്കെടുക്കുന്നതിലൂടെ അവരുടെ കഴിവുകൾ തെളിയിക്കാൻ സ്ത്രീകൾക്കായിട്ടുണ്ട്. അവർക്ക് കൂടുതൽ പ്രൊഫഷണലായി പ്രവർത്തിക്കാൻ കഴിയും. നിയമസഭ, മുനിസിപ്പൽ തെരഞ്ഞെടുപ്പുകൾ അടുത്തുവരികയാണെന്നും രാഷ്ട്രീയ പ്രക്രിയയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിച്ചുവെന്നും അവർ പറഞ്ഞു. നിയമ നിർമ്മാണ മേഖലയിൽ കൗൺസിൽ അതിന്റെ ശ്രമങ്ങൾ തുടരുമെന്നും ദേശീയ തലത്തിൽ ലിംഗ സമത്വം നേടിയെടുക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ നടപ്പിലാക്കുന്നത് തുടരുമെന്നും പ്രിൻസസ് സബീക വ്യക്തമാക്കി. 
 
നിയമ നിർമ്മാണ സഭകളിൽ സ്ത്രീകളെ ഉൾപ്പെടുത്തുന്നതിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് സുപ്രിം കൌൺസിൽ ഫോർ വുമൺ സെക്രട്ടറി ജനറൽ ഹല അൽ അൻസാരി ആവശ്യപ്പെട്ടു. രാജ്യത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഏറ്റവും സുപ്രധാനപടിയാണ് നിയമ നിർമ്മാണ സഭകളിലെ വനിതാ സാന്നിധ്യമെന്ന് മുൻ ന്യൂസിലാൻഡ് പ്രധാനമന്ത്രിയും പ്രിൻസസ് സബീക ബിൻത് ഇബ്രാഹിം അൽ ഖലീഫ ഗ്ലോബൽ അവാർഡ് ഫോർ വുമൺ എംപവർമെൻറ് ജൂറി അംഗവുമായ ഹെലൻ ക്ലാർക്ക് പറഞ്ഞു. ന്യൂസിലൻഡ് പാർലമെന്റിലെ തന്റെ അനുഭവത്തിൽ ആരോഗ്യമന്ത്രി എന്ന നിലയിൽ, സ്ത്രീകൾ നേരിടുന്ന  പ്രശ്നങ്ങൾ അവതരിപ്പിക്കാൻ തനിക്ക് കഴിഞ്ഞു. അതിനുമുൻപ് അങ്ങനെ ഒരു അവസരം ഉണ്ടായിരുന്നില്ല. സ്ത്രീകളുടെ താല്പര്യങ്ങൾ വ്യത്യസ്തമാണെന്നും അവർ പറഞ്ഞു.
 
സ്ത്രീ ശാക്തീകരണത്തിന് അടിസ്ഥാനമായി ചെയ്യേണ്ടത് അവർക്ക് വിദ്യാഭ്യാസം നൽകുക എന്നതാണെന്ന്  യു.എ.ഇ ഫെഡറൽ നാഷണൽ കൗൺസിൽ പ്രസിഡണ്ട് ഡോ. അമാൽ അൽ ഖുബൈസി പറഞ്ഞു. രാജ്യത്ത് സ്ത്രീകൾക്ക് നിരവധി പുതിയ മേഖലകളിൽ മികച്ച വിദ്യാഭ്യാസം നൽകിയിട്ടുണ്ട്. രാഷ്ട്രീയത്തിൽ സജീവ പങ്കാളിത്തം ഉൾപ്പെടെ എല്ലാ മേഖലകളിലും സ്ത്രീകൾക്ക് അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You might also like

Most Viewed