പരിഹാസമെന്തിന്?ഇതുപോലുള്ള അധ്യാപികമാരാണ് നമുക്ക് വേണ്ടത്


 രാജീവ് വെള്ളിക്കോത്ത് 
ശിശുദിനത്തില്‍ ജവഹര്‍ലാല്‍ നെഹ്റു വിന്റെ ചരിത്രം കുട്ടികളെ പഠിപ്പിക്കാന്‍ ഓട്ടന്‍ തുള്ളല്‍ കഥയാക്കി കുട്ടികള്‍ക്ക് മുന്നില്‍ പകര്‍ന്നാടിയ അധ്യാപികയെ പരിഹസിച്ച ചിലര്‍ക്ക് മറുപടിയുമായി  അതേ  സോഷ്യല്‍ മീഡിയകളിലൂടെ തന്നെ വലിയൊരു വിഭാഗം രംഗത്ത്. കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് ജി യു പി സ്‌കൂളിലെ എം വി ഉഷ എന്ന അധ്യാപിക ,ആത്മാര്‍ഥതയുള്ള സമൂഹത്തിന്റെ പ്രതിനിധി എന്നാണ് അവര്‍ക്കു പിന്തുണയുമായി എത്തിയവര്‍ പറഞ്ഞത്. തനിക്കും  ഇക്കാര്യത്തില്‍ യാതൊരു വിധ പരിഭവവുമില്ലെന്നു  പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലും അധ്യാപിക  വ്യക്തമാക്കുന്നു.
 
''പ്രീ പ്രൈമറി ടീച്ചിങ് രംഗത്ത് ഞാന്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇക്കണ്ട നാളിനിടയ്ക്ക് പിള്ളേരുടെ മുന്നില്‍ ആടിയും പാടിയും അഭിനയിച്ചും ഒക്കെ തന്നെയാണ് പാഠം ചൊല്ലിക്കൊടുത്തിട്ടുള്ളത്. എന്റെ മക്കളാണ് മുന്നിലിരിക്കുന്നത്. 
അന്നേരം അയ്യേ... ഇതൊക്കെ നാണക്കേടല്ലേ...അതല്ലെങ്കില്‍ നാട്ടുകാര്‍ കണ്ടാല്‍ എന്തു വിചാരിക്കും വൈറലാകുമോ എന്നൊന്നും ചിന്തിക്കാറില്ലെന്ന് ആ അധ്യാപിക പറയുന്നു.ഇത്തരം സന്ദര്‍ഭങ്ങളില്‍  ഞാനെന്നെ മറക്കും, എന്റെ ശരീരം മറക്കും... സര്‍വ്വതും മറന്ന് പഠിപ്പിക്കും. കുട്ടികളില്‍ അത് എത്തണമെന്ന് മാത്രം. ഞാനിങ്ങനാണ്... കളിയാക്കുന്നവര്‍ കളിയാക്കട്ടേ. 
 സിംഹരാജന്റെ കഥ പറയാനാണ് എന്റെ ഭാവമെങ്കില്‍ ഞാന്‍ സിംഹമാകും... കുട്ടിക്കഥകളിലെ മല്ലനും മാതേവനുമായി ഞാന്‍ എത്രയോ വട്ടം വേഷം കെട്ടിയിരിക്കുന്നു.
ഞാന്‍ ഞാനായിരിക്കുന്നിടത്തോളം കാലം, എന്റെ ജോലി അധ്യാപനമാണെന്ന് ബോധ്യമുള്ളിടത്തോളം കാലം ഞാന്‍ ഇങ്ങിനെയൊക്കെ തന്നെയായിരിക്കും.  ' അധ്യാപിക പറഞ്ഞു.
എന്റെ വിദ്യാര്‍ത്ഥികളിലേക്ക്  ഒരു പാഠം,  ഒരു സന്ദേശം എത്തിക്കണമെന്ന് ഞാന്‍ കരുതിയുറപ്പിച്ചാല്‍ ഞാന്‍ എത്തിക്കുക തന്നെ ചെയ്യും. അതിന് പാട്ട് പാടണമെങ്കില്‍ പാട്ടു പാടും... നൃത്തം ചെയ്യണമെങ്കില്‍ അതു ചെയ്യും... അഭിനയിക്കണമെങ്കില്‍ ഞാന്‍ അതിലും ഒരു കൈ നോക്കും.''
ഇങ്ങനെ ഒരു അധ്യാപികയെ ഇന്നത്തെ കാലത്ത് ലഭിക്കണമെങ്കില്‍ പുണ്യം ചെയ്യണം എന്നാണ് അവരെ പിന്തുണച്ച ആളുകള്‍ പ്രതികരിച്ചത്. എന്തെങ്കിലും കാട്ടിക്കൂട്ടി ഒരവധി കിട്ടിയാല്‍ സ്വന്തം കാര്യം സിന്ദാബാദ് എന്ന് പറഞ്ഞു പൊടിയും തട്ടിപ്പോകുന്ന അധ്യാപകര്‍ മാതൃകയാക്കേണ്ട ഒരധ്യാപികയാണ് അവരെന്നും  ചരിത്രവും സാമൂഹ്യ പ്രതിബദ്ധതയും കുട്ടികളുടെ മനസ്സിലേയ്ക്ക് എത്തിക്കാന്‍ കുട്ടികളുടെ  മനസ്സിലേക്ക് എളുപ്പം എത്തുന്ന തരത്തില്‍ പഠിപ്പിക്കാന്‍ തെരെഞ്ഞെടുത്ത മാര്‍ഗ്ഗം തീര്‍ത്തും ശ്ളാഘനീയമാണെന്നും പിന്തുണയുമായി എത്തിയവര്‍ പറയുന്നു.വിദേശ രാജ്യങ്ങളില്‍ അടക്കം വൈറല്‍ ആണ്  ഈ അധ്യാപികയുടെ ശിശുദിന സന്ദേശം അടങ്ങിയ ഓട്ടന്‍ തുള്ളല്‍

You might also like

Most Viewed