പ്രമുഖ കമ്പനികളെ കബളിപ്പിച്ച് പതിനായിരക്കണക്കിന് ദിനാറുമായി മലയാളി മുങ്ങിയതായി സംശയം


രാജീവ് വെള്ളിക്കോത്ത് 
മനാമ: ബഹ്‌റൈനിലെ പ്രമുഖ കമ്പനികളെ കബളിപ്പിച്ച്  ഭക്ഷ്യ വിതരണ സ്‌ഥാപനത്തിലെ ജീവനക്കാരനായ മലയാളി നാട്ടിലേയ്ക്ക് കടന്നു കളഞ്ഞതായി സംശയം. അദ്ലിയയിൽ പ്രവർത്തിക്കുന്ന  ഭക്ഷ്യ ഉൽപ്പന്ന  വിതരണ സ്‌ഥാപനം നടത്തിയിരുന്ന കണ്ണൂർ സ്വദേശിയാണ്  പ്രമുഖ കമ്പനികളെ  കബളിപ്പിച്ചു നാട്ടിലേയ്ക്ക് മുങ്ങിയിരിക്കുന്നത്.   ഭക്ഷ്യ ഉൽപ്പന്ന ഇറക്കുമതിക്കാരിൽ  നിന്ന് ഉൽപ്പന്നങ്ങൾ നേരിട്ട് വാങ്ങി മൊത്ത വിതരണം നടത്തിയിരുന്ന സ്‌ഥാപനാമായിരുന്നു ഇയാൾ നടത്തിയിരുന്നത്.
ഭക്ഷ്യഎണ്ണകളും മറ്റും രാജ്യത്തു ഇറക്കുമതി ചെയ്യുന്ന  കമ്പനികളെ  ദീർഘകാലമായുള്ള ബന്ധത്തിലൂടെ വിശ്വാസത്തിൽ എടുത്താണ് പണം നൽകാതെ പോസ്റ്റ് ഡേറ്റഡ് ചെക്ക് നൽകി ഇവരിൽ നിന്നും സാധനം വാങ്ങി  ഇയാൾ കബളിപ്പിച്ചത്. ഭക്ഷ്യ ഉൽപ്പന്ന  പാക്കേജ് ഇനങ്ങളുടെ മൊത്തവിതരണം ഏറ്റെടുത്തു നടത്തിയിരുന്ന കമ്പനിയിൽ നിന്ന് ചില്ലറ വിതരണക്കാർക്ക് വിതരണം നടത്തിയിരുന്ന ഇയാൾ  സ്‌ഥിരമായി തങ്ങളുടെ  സ്‌ഥാപനങ്ങളിൽ നിന്ന് സാധനം വാങ്ങുന്നതിനാൽ ഇറക്കുമതി ചെയ്യുന്ന കമ്പനികൾ ഓരോ തവണയും വാങ്ങുന്ന സാധങ്ങൾ കടമായിട്ട് നൽകുകയും അടുത്ത ആഴ്ച ആകുമ്പോഴേയ്ക്കും പഴയ കടം വീട്ടി വീണ്ടും പുതിയ സാധങ്ങൾ നൽകുന്നത് പതിവായിരുന്നു.
മൊത്തമായി സാധനങ്ങൾ വളരെ കൂടുതൽ വാങ്ങിക്കുകയും അടുത്ത ആഴ്ച തന്നെ പേയ്‌മെന്റ് നടത്തുകയും ചെയ്തു വരുന്നതിനാൽ ഒന്നോ രണ്ടോ ആഴ്ചകളിലേക്കുള്ള പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ മുൻ‌കൂർ വാങ്ങിയാണ്  ഉൽപ്പന്നങ്ങൾ ഇയാൾക്ക് നൽകിയത്. അടുത്തയിടെ കൂടുതൽ ഉൽപ്പന്നങ്ങൾ ഈ രീതിയിൽ വാങ്ങിക്കുകയും യഥാസമയത്ത് പണം നൽകാതിരിക്കുകയും ചെയ്തതോടെ സംശയം തോന്നിയ  ഇറക്കുമതി  വ്യാപാരികൾ ചെക്കുകൾ ബാങ്കിൽ നിക്ഷേപി ച്ചപ്പോഴാണ്  തങ്ങൾ കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയത്.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് തങ്ങൾ നല്കിയതിനേക്കാൾ കുറഞ്ഞ വിലയിൽ സാധനങ്ങൾ മാർക്കറ്റിൽ മറിച്ചു വിറ്റാണ് ഇയാൾ കച്ചവടം നടത്തിയിരുന്നതെന്നും അത് കൊണ്ടു  തന്നെ ചില്ലറ വിതരണക്കാർ കൂടിയ അളവിൽ ഇയാളിൽ നിന്ന് സാധനം വാങ്ങുകയും ചെയ്‌തെന്ന കാര്യം മനസ്സിലായത്. മാത്രമല്ല ചില്ലറ വിതരണക്കാർ എല്ലാവരും തന്നെ പണം രൊക്കം കൊടുത്തതായും മനസിലായി.
തീർത്തും ആസൂത്രണം ചെയ്ത പദ്ധതി ആയിരുന്നുവെന്ന കാര്യം അറിയുമ്പോഴേയ്ക്കും തങ്ങളെ കബളിപ്പിച്ച ജീവനക്കാരൻ രാജ്യം വിട്ടതായാണ് ഇവർക്ക്  അറിയാൻ കഴിഞ്ഞത്. തുടർന്ന് കബളിപ്പിക്കപ്പെട്ടവർ  ഇദ്ദേഹത്തിന്റെ  മൊത്ത വിതരണ സ്‌ഥാപനത്തിൽ എത്തി തൊഴിലുടമയായ സ്വദേശിയോട് പരാതിപ്പെട്ടിരിക്കുകയാണ്. കാര്യങ്ങൾ പഠിച്ചു വരികയാണ് ന്നും എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കി ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും സ്‌ഥാപനത്തിന്റെ സ്പോൺസർ പറഞ്ഞു.
സ്‌ഥാപനത്തിൽ ഇപ്പോൾ സഹായികളും മറ്റു ജീവനക്കാരും ഉണ്ട്. നിരവധി ഇറക്കുമതി വ്യാപാരികളിൽ നിന്നും സമാനമായ രീതിയിൽ സാധനങ്ങൾ വാങ്ങിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ കമ്പനികൾ രംഗത്തുവരാനാണ് സാധ്യത എന്നും  കബളിപ്പിക്കപ്പെട്ട കമ്പനിയുടെ പ്രതിനിധി പറഞ്ഞു.
ഒരു  സ്‌ഥാപനത്തിന് മാത്രം 8945 ദിനാറാണ് സാധനങ്ങൾ വാങ്ങിയ ഇനത്തിൽ ഇയാൾ നൽകാനുള്ളത്. മറ്റൊരു കമ്പനിയിലും ഏകദേശം ഇതിനേക്കാൾ കൂടുതൽ സംഖ്യയുടെ ഇടപാടുകൾ ഉണ്ടായിട്ടുണ്ടെന്നും സംശയിക്കുന്നു.
 
 
 
 
 

You might also like

Most Viewed