തൊഴിലാളികളെ പിരിച്ചു വിടുന്നതിന് നിയമം ദുരുപയോഗം ചെയ്തതായി ആരോപണം


മനാമ : ബഹറൈൻ തൊഴിൽ നിയമത്തിലെ ഒരു ഭാഗം ദുരുപയോഗം ചെയ്യുന്നതായി രാജ്യത്ത് ഒരു പ്രമുഖ ട്രേഡ് യൂണിയൻ ഇന്നലെ ആരോപിച്ചു. നിയമത്തിന്റെ മറവിൽ തൊഴിലാളികളെ അയോഗ്യരാക്കുകയും അവർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകാതിരിക്കുകയും ചെയ്യുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇത്തരം തീരുമാനങ്ങൾക്കെതിരെ കർക്കശമായ നടപടികൾ കൈക്കൊള്ളാൻ സർക്കാർ തീരുമാനം കൈക്കൊള്ളണമെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ബഹ്റൈൻ ട്രേഡ് യൂണിയൻസ് (ജി.എഫ്.ബി.ടി.യു) ജനറൽ സെക്രട്ടറി കരിം രാധി പറഞ്ഞു. 36/2012 തൊഴിൽ നിയമത്തിലെ 110 ാം വകുപ്പ് തൊഴിലാളികളെ പിരിച്ചു വിടുന്നതിന് ദുരുപയോഗം ചെയ്തതായാണ് ആരോപണം.

സാമ്പത്തിക ബാധ്യത തീർക്കുന്നതിന് കാലതാമസം വരുത്താൻ കമ്പനികളെ അനുവദിക്കുന്നതാണ് നിയമമെന്ന് കരിം രാധി പറയുന്നു. തൊഴിലാളികൾക്ക് ശമ്പള കുടിശിക നൽകുന്നതിന് 'ഒഴികഴിവ്' എന്ന നിലയിൽകമ്പനികൾ ഈ നിയമത്തെ ഉപയോഗിക്കുന്നു.

എന്നാൽ ഇത് വസ്തുതാ വിരുദ്ധമാണ്. കമ്പനിക്ക് കുറഞ്ഞ ശമ്പളത്തിൽ തൊഴിലാളികളെ നിയമിക്കാനോ, അല്ലെങ്കിൽ ബഹ്റൈനി തൊഴിലാളികളെ മാറ്റി പകരം പ്രവാസികളെ വയ്ക്കുന്നതിനോ ഉപയോഗിക്കുന്ന ഒരു കള്ളക്കഥയാണിതെന്നും അദ്ദേഹം പറഞ്ഞു. ചില കമ്പനികൾ ഇത് ചെയ്തുകഴിഞ്ഞുവെന്ന് തങ്ങൾ മനസ്സിലാക്കിയതായും അദ്ദേഹം പറഞ്ഞു. പലരും തൊഴിലാളികളുടെ എണ്ണം വെട്ടിച്ചുരുക്കുകയും വൈകാതെ തന്നെ വിപുലീകരണ പദ്ധതികളിലേക്ക് നീങ്ങുകയും ചെയ്യുന്നു.

തൊഴിലാളികൾക്ക് കുറഞ്ഞ തുക നഷ്ടപരിഹാരമായി നൽകാനും ഈ ആർട്ടിക്കിൾ ഉപയോഗിക്കുന്നുണ്ടെന്ന് കരിം രാധി അവകാശപ്പെട്ടു. നിർമ്മാണ മേഖല പോലെയുള്ള ചില മേഖലകൾ ദുഷ്കരമാണെന്നത് നമുക്കറിയാം. എന്നാൽ യഥാർത്ഥത്തിൽ മറ്റു പല വ്യവസായ സംരഭങ്ങളെയും ഇത് ബാധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

Most Viewed