പിറന്നാൾ കെയ്ക്കിന് പകരം നിഷയും മക്കളും മുറിച്ചത് മുടി


മനാമ: പിറന്നാൾ എല്ലാവരും കെയ്ക്ക് മുറിച്ചു മറ്റുള്ളവർക്ക് നൽകി ആഘോഷമാക്കിയപ്പോൾ ബഹ്‌റൈൻ പ്രവാസിയായ നിഷാ -നിജോയുടെ കുടുംബം മുറിച്ചു നൽകിയത്  മുടി!  വെറുതെ മുടി മുറിച്ചതെന്തിനാണെന്നു ചോദിച്ചാൽ തെറ്റി. അർബുദ രോഗ ചികിത്സയുടെ ഫലമായുള്ള റേഡിയേഷനിലൂടെ മുടി നഷ്ടപ്പെട്ടവർക്ക് വച്ച് പിടിപ്പിക്കാനാണ് നിഷയും മക്കളും കാർകൂന്തൽ മുറിച്ചു നൽകിയത്. ഇതിനോടകം നിരവധി പേര് ഇത്തരത്തിൽ മുടി മുറിച്ചു നൽകിയിട്ടുണ്ടെങ്കിലും കേരളത്തിലേക്കു ഇപ്പോൾ ഇത്തരത്തിൽ മുടി എത്തിക്കാൻ സംവിധാനം ബ്ലഡ് ഡോണേഴ്സ് കേരളയുടെ ബഹ്‌റൈൻ ചാപ്റ്റർ സംവിധാനമൊരുക്കിയ തുടർന്നാണ് തുടക്കം ആവട്ടെ എന്ന് കരുതിയുമാണ് നിഷ മകൾ ഹാപ്പി ക്രിസ്റ്റിക്കൊപ്പം മുടി മുറിച്ചു നൽകിയത്. ഹാപ്പി ക്രിസ്റ്റിയുടെ പത്താം പിറന്നാൾ ആയിരുന്നു കഴിഞ്ഞ ആഴ്ച.

പിറന്നാളിന് ഓർമ്മിക്കാൻ എന്തെങ്കിലും ചെയ്യണമെന്നും അത് മറ്റുള്ളവർക്ക് കൂടി പ്രയോജനം ചെയ്യുന്നതും എല്ലാവര്ക്കും പ്രചോദനമാകുന്ന ഒരു കാര്യമാകണമെന്നും  ചിന്തിച്ചപ്പോഴാണ് ബ്ലഡ് ഡോണേഴ്സ് കേരളയുടെ കോർഡിനേറ്റർ മിനി മാത്യു മുഖേന ബഹ്‌റൈനിലെ ബ്ലഡ് ഡോണേഴ്സ് കേരളയുടെ ആഭിമുഖ്യത്തിൽ തൃശൂരിലെ ഹെയർബാങ്ക് എന്ന സ്‌ഥാപനവുമായി സഹകരിച്ചു കൊണ്ട് മുടി എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത് അറിഞ്ഞത്. പിന്നെ ഒട്ടും താമസിച്ചില്ല. പിറന്നാൾ ദിനത്തിൽ നിഷയും  മക്കളായ ഹാപ്പി ക്രിസ്റ്റിയും, ഹന്ന മിസ്റ്റിയും മുടി മുറിക്കുകയായിരുന്നു. കീമോ കഴിയുന്ന ക്യാൻസർ രോഗികൾ മുടി ഇല്ലാത്തതിന്റെ പേരിൽ  വീടിന്റെ ചുവരുകൾക്കുള്ളിൽ ഒതുങ്ങി കൂടുന്നതും പുറത്തിറങ്ങി നടക്കാനുള്ള അവരുടെ ആഗ്രഹത്തെ ഉള്ളിൽതന്നെ തളച്ചിടുന്നതിന്റെയും പ്രധാന കാരണം മുടിയില്ലാത്ത അവരുടെ അപകർഷതാബോധമാണ്.

പ്രവാസലോകത്ത് തങ്ങളുടെ മാതൃക മറ്റുള്ളവരും തുടർന്നാൽ അത് ഇത്തരത്തിലുള്ളവർക് വലിയ ഒരു സഹായമായിരിക്കുമെന്നുള്ള തിരിച്ചറിവാണ് ഈയൊരു തീരുമാനത്തിന് ഇവരെ പ്രേരിപ്പിച്ചത്. തലമുടി ദാനം ചെയ്യുന്നവർ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ബ്ലഡ് ഡോണേഴ്സ് കേരളയുടെ ബഹ്‌റൈൻചാപ്റ്റർ ഭാരവാഹികൾ പറഞ്ഞു.

10 ഇഞ്ചു മുതല്‍ 15 ഇഞ്ചു വരെ തലമുടി നീളം ഉള്ള ആർക്കും മുടി ദാനം ചെയ്യാം  
1.  ഒരു തരത്തിലും ഉള്ള ഓയില്‍ മുടിയില്‍ ഉണ്ടാകാന്‍ പാടില്ല.
2. മുടി നന്നായി ഷാംമ്പു ഇട്ട് വാഷ് ചെയ്ത് മുടി ഉണങ്ങിയതിന് ശേഷം കട്ട് ചെയ്യുക.
3. കട്ട് ചെയ്യാൻ ഉദ്ദേശിച്ച നീളം റബ്ബർ ബാൻഡ് ഇട്ട് അൽപം മുകളിൽ വെച്ച് കട്ട് ചെയ്യുക.
3. കട്ട് ചെയ്ത തലമുടി വൃത്തിയുള്ള ഒരു കവറിൽ പേക്ക് ചെയ്യുക. ബ്ലഡ് ഡോണേഴ്സ് കേരളയെ അറിയിച്ചാൽ അത് അവർ ശേഖരിച്ചു കൊണ്ടു പോവുകയും ഹെയർ ബാങ്കിന് അയച്ചുകൊടുക്കുകയും ചെയ്യുമെന്ന് ബി ഡി കെ ഭാരവാഹികൾ പറഞ്ഞു.
'ഹെയർബാങ്ക്' എന്ന സംഘടന നിർധനരായ ക്യാൻസർ രോഗികൾക്ക് വേണ്ടി 10000 മുതൽ 25000 രൂപ വരെ വില വരുന്ന വിഗ്ഗ് തികച്ചും സൗജന്യമായി നൽകി കൊണ്ടാണ്  കീമോ കഴിഞ്ഞു മുടി നഷ്ടപ്പെട്ടവരുടെ ആത്മവിശ്വാസത്തെ തിരികെ കൊണ്ടു വരുന്നത് . ഹെയര്‍ ബാങ്ക് എന്നത് പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് സൗജന്യമായി കൊടുക്കുന്ന ഒരു ചാരിറ്റബീള്‍ സംഘടനയാണ്. വിദ്യഭ്യാസ സ്ഥാപനങ്ങള്‍, ദേവാലയ ങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും അവരുടെ സമ്മതത്തോടെ മുടികള്‍ ശേഖരിച്ച് പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് സൗജന്യമായി നിര്‍മ്മിച്ചു നല്‍കുന്നു. വെട്ടുംന്തോറും വളരുന്ന നമ്മുടെ മുടിയിഴകളിൽ നിന്ന് കുറച്ച് ക്യാൻസർ രോഗികൾക്കായി  നല്കാൻ  ആരെങ്കിലും തയ്യാറായി   ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയായി ആരെങ്കിലും കേശദാനത്തിന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഷൈലേഷ് കാക്കുനി  (ബ്ലഡ് ഡോണേഴ്സ് കേരളാ  ബഹ്‌റൈൻ ചാപ്റ്റർ വാട്ട്സ് ആപ് നമ്പർ   +97338894031) യുമായി ബന്ധപ്പെടുക.
 
 
 
 

You might also like

Most Viewed