അനധികൃത വഴിയോര കച്ചവടങ്ങൾക്കെതിരെ നടപടിയുമായി സൗത്തേൺ ഗവർണറേറ്റ്


മനാമ : അനധികൃത വഴിയോര കച്ചവടങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി സൗത്തേൺ ഗവർണറേറ്റ്. പരിശോധനകൾ, ലൈസൻസിങ് ഇൻസ്പെക്ഷൻ തുടങ്ങിയവയിലൂടെയാണ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തരത്തിലുള്ള കച്ചവടക്കാർ തങ്ങളുടെ ഷോപ്പുകൾക്ക് മുന്നിലുള്ള സ്ഥലം കയ്യേറുകയും അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനോ വർക്ക് ഏരിയ ആയോ ഈ സ്ഥലം പ്രയോജനപ്പെടുത്തുകയുമാണ് ചെയുന്നത്.

നിയമവിരുദ്ധമായ നടപടികൾ കണ്ടെത്താനും നിയമം നടപ്പിലാക്കാനുമാണ് മുനിസിപ്പാലിറ്റി കാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. കടയുടമകളുടെ പ്രവർത്തനങ്ങളിൽ അസംതൃപ്തി പ്രകടിപ്പിച്ച് നിരവധി പരാതികളാണ് അധികൃതർക്ക് ലഭിച്ചത്. നിരവധി ലംഘനങ്ങൾ നടന്നിട്ടുണ്ടെന്നും ഇവർക്കെതിരായ നടപടികൾ സ്വീകരിച്ചുവരുന്നതായും മുനിസിപ്പൽ പ്രതിനിധി അറിയിച്ചു. റിഫയിൽ അൽ ഹജിയാത് സ്ട്രീറ്റിൽ അടുത്തിടെ 17 ലംഘനങ്ങളാണ് കണ്ടെത്തിയത്. ഗവർണറേറ്റിലെ റോഡുകളിൽ അനധികൃതമായി വാഷിംഗ് മെഷീനുകൾ, എയർകണ്ടീഷണർ എന്നിവയുടെ റിപ്പയറിങ്, ഇരുമ്പ്, അലുമിനിയം ഉൽപന്നങ്ങളുടെ വില്പന, ടയർ റീട്രെഡിങ് എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഈ വസ്തുക്കൾ പിടിച്ചെടുക്കുകയും നടപടി കൈക്കൊള്ളുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.

നിയമമനുസരിച്ച് വ്യാപാര പ്രവർത്തനങ്ങൾ നടത്താനും മുനിസിപ്പാലിറ്റി കടയുടമകളെ അറിയിച്ചു. മുന്നറിയിപ്പ് അനുസരിച്ച് പ്രവർത്തിക്കുന്നവരെ കൂടുതൽ നടപടികളിൽനിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യാമ്പയിന്റെ ഭാഗമായി മുനിസിപ്പാലിറ്റി ബോധവൽക്കരണ പ്രവർത്തങ്ങൾ നടത്തിവരികയാണ്. പ്രദേശ വാസികളിൽ നിന്നും പരാതികൾ ലഭിച്ചതിനെത്തുടർന്ന് അടുത്തിടെ നുവൈദ്രത് പ്രദേശത്തെ കച്ചവടക്കാർക്ക് അധികാരികൾ മുന്നറിയിപ്പ് നൽകിയിരുന്നു.

ഫർണീച്ചർ വിൽക്കുന്ന അഞ്ചു ഷോപ്പുകൾക്കും, ഒമ്പത് കഫേകൾക്കും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മുനിസിപ്പാലിറ്റിയുടെ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കാനും ഗതാഗത തടസം സൃഷ്ടിക്കുന്ന രീതിയിൽ ഫർണീച്ചറുകൾ, കസേരകൾ, മറ്റേതെങ്കിലും തരത്തിലുള്ള സാധനങ്ങൾ എന്നിവ റോഡിലേക്ക് കയറുന്നത് ഒഴിവാക്കാനും കടയുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like

Most Viewed