പൊള്ളുന്ന ചൂടിലും താമസിക്കാൻ ടെറസ് മാത്രം :സുലൈമാന് സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹം


രാജീവ് വെള്ളിക്കോത്ത്

മനാമ:കത്തുന്ന ചൂടിലും കേറിക്കിടക്കാൻ ഇടമില്ലാതെ ആരുടെയോ കാരുണ്യം കൊണ്ട് മനാമയിൽ ഒരു കെട്ടിടത്തിലെ ടെറസ്സിൽ താമസിക്കുകയാണ് ബഹ്‌റൈൻ പ്രവാസിയായ സുലൈമാൻ. കൊല്ലം ചവറ തേവലക്കര പഞ്ചായത്തിലെ പാലക്കൽ വാർഡിലെ സുലൈമാനാണ് ബഹ്‌റൈനിൽ ദുരിതജീവിതം തള്ളി നീക്കുന്നത്. 10 വർഷം മുൻപാണ് ഇദ്ദേഹം ബഹ്‌റൈനിൽ എത്തിയത്.പ്രായമായ ഉമ്മ അടക്കമുള്ള കുടുംബത്തെ പോറ്റാനുള്ള നെട്ടോട്ടത്തിനിടയിലായിരുന്നു ഗൾഫ് എന്ന സ്വപ്നം സുലൈമാനെയും മാടിവിളിക്കുന്നത്. പിന്നെ ഒന്നും ആലോചിച്ചില്ല.നെയ്യാറ്റിൻ കരയിൽ ഉള്ള ഒരു റിക്രൂട്ടിംഗ് ഏജൻസി സംഘടിപ്പിച്ചു കൊടുത്ത ലേബർ വിസയിൽ ബഹ്റൈനിലേയ്ക്ക് പറന്നു.കൺസ്ട്രക്ഷൻ മേഖലയിൽ ആണ് ജോലി തരപ്പെട്ടത്.

ശമ്പളമായി ആദ്യകാലങ്ങളിൽ ലഭിച്ച പണമെല്ലാം വിസ എടുത്തു നൽകിയ വകയിൽ കടം വീട്ടി. പിന്നീട് വിസ കാലാവധി അവസാനിച്ചു . പാസ്പോർട്ട് സ്വദേശിയായ സ്‌പോൺസറുടെ കൈയിൽ ആയിരുന്നു.പിന്നീട് വിസ പുതുക്കാൻ പണം ഇല്ലാത്തതിനാൽ പാസ്‌പോർട്ടും മടക്കി വാങ്ങിയില്ല. അതിനിടെ സ്പോൺസർ മരിക്കുകയും ചെയ്തു. പിന്നീട് അതേപ്പറ്റി അന്വേഷിച്ചതുമില്ല. ആകെ കൈയിലുള്ള രേഖ എന്ന് പറയുന്നത് ഒരു സി പി ആർ മാത്രമാണ്.. അതിനിടെ മനാമ ബംഗാളി ഗല്ലി എന്നറിയപ്പെടുന്ന സ്‌ഥലത്തെ താമസിക്കുന്ന കെട്ടിടത്തിൽ തീപ്പിടുത്തം ഉണ്ടായതോടെ അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു.

രാവിലെ മുതൽ ലുലു റോഡിലെ വഴിവക്കിൽ ആരെങ്കിലും ജോലിക്കു വിളിക്കുമെന്ന പ്രതീക്ഷയോടെ ഇദ്ദേഹം കാത്തു നിൽക്കും. ചില ദിവസങ്ങളിൽ ആരെങ്കിലും എന്തെങ്കിലും ജോലി നൽകും.ഇപ്പോൾ പ്രായമായതോടെ ആരും ജോലിക്കു വിളിക്കുന്നില്ലെന്നും അതോടെ പല ദിവസങ്ങളിലും പട്ടിണി ആണെന്നും ഇദ്ദേഹം പറയുന്നു. സമീപ പ്രദേശങ്ങളിലുള്ള തൊഴിലാളികൾ ആരെങ്കിലും നൽകുന്ന ഭക്ഷണം കഴിച്ചാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്.വീട്ടിൽ പണം അയക്കാൻ കഴിയാതായതോടെ അവിടേക്കുള്ള വിളിയും ഇല്ലാതായി. കഴിഞ്ഞ രണ്ടു വർഷത്തോളമായി വീടുമായി ബന്ധപ്പെട്ടിട്ട്. പ്രായമായ ഉമ്മയും ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് സുലൈമാന്റെ കുടുംബം. മൂത്ത പെൺകുട്ടിയെ വിവാഹം കഴിച്ചയച്ചു. രണ്ടാമത്തെ മകൻ പ്ലസ് ടു വിനു പഠിക്കുകയായിരുന്നു. ഭാര്യയ്ക്ക് വീടിനടുത്തുള്ള സ്‌ഥാപനത്തിൽ ശുചീകരണത്തൊഴിലാളിയായി ജോലി ചെയ്തു ലഭിക്കുന്ന വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ട് നീക്കുന്നതെന്നും സുലൈമാൻ പറഞ്ഞു. ബാപ്പയെ കാണാൻ ആഗ്രഹമുണ്ടെന്നും നാട്ടിലേയ്ക്ക് വരാനുള്ള സാഹചര്യം ഒരുക്കുകയാണെന്നിൽ സന്തോഷത്തോടെ സ്വീകരിക്കാൻ ഒരുക്കമാണെന്നും ഇദ്ദേഹത്തിന്റെ നാട്ടിലുള്ള മകൻ ഫോർ പി എം ന്യൂസിനോട് പറഞ്ഞു.

പാസ്പോർട്ട് സ്പോൺസറിൽ നിന്നും തിരികെ ലഭ്യമാക്കുകഎന്നതാണ് ആദ്യത്തെ കടമ്പ.നിലവിൽ ഇദ്ദേഹത്തെ ബന്ധപ്പെടാനുള്ള മൊബൈൽ ഫോൺ പോലും കൈവശമില്ല. സഹായിക്കാൻ താൽപ്പര്യമുള്ളവർ സമീപവാസിയായ സന്തോഷ് (36739482)മായി ബന്ധപ്പെടാവുന്നതാണ്.

You might also like

Most Viewed