പാർക്കിംഗ് സ്‌ഥലങ്ങൾ കെട്ടിടങ്ങൾ കൈയ്യടക്കുന്നു


മനാമ: ബഹ്‌റൈനിലെ  പ്രധാന പാർക്കിംഗ് സ്‌ഥലങ്ങളും കളിസ്‌ഥലങ്ങളുമെല്ലാം കെട്ടിട സമുച്ചയങ്ങൾക്കു വേണ്ടി തയ്യാറാകുന്നതോടെ  വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും കുട്ടികൾക്ക് കളിക്കാനുമുള്ള സ്‌ഥലങ്ങൾ ഇല്ലാതാകുന്നു. ബഹ്‌റൈനിലെ പ്രധാന താമസ സ്‌ഥലങ്ങൾ ഒന്നും തന്നെ ഇപ്പോൾ പൊതു പാർക്കിംഗ് സ്‌ഥലങ്ങൾ ഇല്ലെന്നു തന്നെ പറയാം. ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന സൽമാനിയ ആശുപത്രിക്കു സമീത്തുള്ള ഒഴിഞ്ഞ സ്‌ഥലങ്ങളിൽ എല്ലാം കെട്ടിടങ്ങൾ കൊണ്ട് നിറയുകയോ അല്ലെങ്കിൽ  വൻ കെട്ടിടങ്ങൾ പണിയുന്നതിനുവേണ്ടിയുള്ള ജോലികൾ ആരംഭിക്കുകയോ  ചെയ്തിട്ടുണ്ട്.സിറ്റി ഫർണീച്ചർ മുതൽ സൽമാനിയ ആശുപത്രിയുടെ ഭാഗമായുള്ള കോളേജ് ഓഫ് ഹെൽത്ത് സ്റ്റഡീസിനു മുൻവശത്ത് കൂടിയുള്ള റോഡിലാണ് നിലവിൽ ഏറ്റവും കൂടുതൽ പാർക്കിംഗ് പ്രശ്നം അഭിമുഖീകരിക്കുന്നത്. നിത്യേന നൂറുകണക്കിന് ജീവനക്കാരും വിദ്യാർഥികളും അടക്കമുള്ളവർ ആശ്രയിക്കുന്ന ഈ റോഡിനു സമീപത്തുണ്ടായിരുന്ന മൈതാനം അടുത്തിടെ കെട്ടിടം പണിയുന്നതിനു വേണ്ടി അടച്ചിട്ടതോടെയാണ് ഈ ഭാഗത്ത് ഗുരുതരമായ പാർക്കിംഗ് പ്രശ്നം ആരംഭിച്ചിട്ടുള്ളത്.

സൽമാനിയ ആശുപത്രിയിലേയ്ക്ക്  എത്തുന്ന രോഗികൾക്കും  വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വലിയ തോതിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. പുതുതായി നിർമ്മിക്കുന്ന കെട്ടിടങ്ങളിൽ പാർക്കിംഗ് സംവിധാനം വേണമെന്ന നിബന്ധനയുണ്ടെങ്കിലും ഈ സംവിധാനം കെട്ടിടങ്ങളിലെ താമസക്കാർക്കും അതിലെ ബിസിനസ് സ്‌ഥാപങ്ങൾക്കും മാത്രമി ലഭിക്കുകയുള്ളൂ. മാത്രമല്ല കെട്ടിടം പണി പൂർത്തിയാകുന്നത് വരെയും പ്രദേശ വാസികളുടെയും സൽമാനിയയിൽ എത്തുന്നവർക്കുമുള്ളവാഹന പാർക്കിംഗ് സംവിധാനം ദുഷ്കരമായിരിക്കുകയാണ് .

You might also like

Most Viewed