ഫയർ അലാറങ്ങൾ പലതും പ്രവർത്തന രഹിതം; അഗ്നിബാധ പെരുകുന്നു


മനാമ: അന്തരീക്ഷ താപനില ഉയർന്നതോടെ പല പ്രദേശങ്ങളിലുമുള്ള ഫ്‌ളാറ്റുകളിലും സ്‌ഥാപനങ്ങളിലും അഗ്നിബാധ തുടർക്കഥയാവുകയാണ്. ചൂട് കൂടുമ്പോൾ ഇലക്ട്രിക്ക് ഉപകരണങ്ങളിൽ ഉണ്ടാകുന്ന ഷോർട്ട് സർക്യൂട്ടും ചില കെട്ടിടങ്ങളിലെ  പഴകിയ വയറിംഗ് സംവിധാനവും ഓവർ ലോഡും തീപിടുത്തത്തിന് കാരണമാകുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. മിക്ക കെട്ടിടങ്ങളിലും സ്‌ഥാപിച്ചിട്ടുള്ള ഫയർ അലാറങ്ങൾ  പലതും പ്രവർത്തന രഹിതങ്ങളാണ്. ഇവ യഥാസമയം പരിശോധിക്കുകയും പ്രവർത്തന സജ്ജമെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നില്ലെന്നതും ഇത്തരം അപകടങ്ങൾ കൂടാൻ ഇടയായിട്ടുണ്ട്.

തീപ്പിടുത്തം ഉണ്ടായാൽ  തീയണയ്ക്കാൻ സ്‌ഥാപിച്ചിരിക്കുന്ന അഗ്നിശമന ഉപകരണങ്ങളും പല കെട്ടിട ഉടമകളും യഥാവിധി പരിശോധിക്കുകയോ പ്രവർത്തനക്ഷമമെന്നു ഉറപ്പു വരുത്തുകയോ ചെയ്യുന്നില്ലെന്നതും ഇത്തരം അപകടങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നു. ബഹ്‌റൈനിൽ അടുത്തിടെയുണ്ടായ പല തീപ്പിടുത്തങ്ങൾ നടന്ന സ്‌ഥലങ്ങളിലും ഫയർ അലാറങ്ങൾ വേണ്ട വിധത്തിൽ പ്രവർത്തിച്ചിരുന്നില്ലെന്നത് ഇതിനു തെളിവാണ്. ഓഫീസുകൾ ആയാലും വീടുകൾ ആയാലും ഫയർ അലാറങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പു വരുത്തേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്.
അതുപോലെ തന്നെ വാഹങ്ങൾ  ഓടിക്കുന്നവരും അഗ്നിബാധയുടെ കാര്യത്തിൽ അതീവ ശ്രദ്ധ വേണമെന്നാണ് ഇത് സംബന്ധിച്ച വിദഗ്ധരുടെ അഭിപ്രായം. ആധുനിക വാഹനങ്ങളിൽ ഇത്തരം ഉപകരണങ്ങൾ ഉണ്ടെങ്കിലും ഭൂരിപക്ഷം വാഹനങ്ങളിലും അഗ്നിരക്ഷാ ഉപകരണങ്ങൾ ഇല്ല. അത് കൊണ്ട് തന്നെ ചൂടുകാലത്ത് വാഹനങ്ങൾ  ഓടിക്കുന്നവർ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു .വാഹനത്തിന്‍റെ റേഡിയേറ്റര്‍ ശ്രദ്ധിക്കണമെന്നതാണ് ഒന്നാമത്തെ കാര്യം. വേനൽച്ചൂടിൽ റേഡിയേറ്ററിന്‍റെ ചെറിയ തകരാർ പോലും എൻജിൻ ഓവർ ഹീറ്റാകാൻ ഇടയാകും. അതിനാല്‍ കൂളന്‍റ് പഴകിയതെങ്കിൽ മാറുക. റേഡിയേറ്റർ ക്യാപ്പ് നീക്കി കൂളന്‍റെ പരിശോധിക്കുക.

നിറവ്യത്യാസമുണ്ടെങ്കിൽ മാറുക. റേഡിയേറ്റർ ഫാൻ ബെൽറ്റ്, ഹോസ് എന്നിവ പരിശോധിച്ച് വിള്ളലില്ലെന്ന് ഉറപ്പാക്കണം. റേഡിയേറ്ററിനു ചോർച്ചയില്ലെന്നും ഉറപ്പ് വരുത്തണം.എസിയ്ക്ക് തണുപ്പ് കുറവുണ്ടെന്ന് തോന്നുന്ന പക്ഷം അത് എസി മെക്കാനിക്കിനെക്കൊണ്ട് പരിശോധിപ്പിച്ച് തകരാർ പരിഹരിക്കണം . മതിയായ അളവിൽ റഫ്രിജറന്‍റ് ഉണ്ടോ എന്നും മെക്കാനിക്കിനെക്കൊണ്ട് നോക്കണം .അതുപോലെ ചൂടുകാലത്തു നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്റെ ഉള്ളില്‍ കയറിയ ഉടന്‍ എസി പ്രവര്‍ത്തിപ്പിക്കുന്ന ആള്‍ക്ക് ഉയര്‍ന്ന തോതില്‍ വിഷവാതകം ശ്വസിക്കേണ്ടി വരുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു . ചൂടുള്ള സ്ഥലത്തു നിര്‍ത്തിയിട്ടിരിക്കുന്ന കാറിനുള്ളില്‍ ബൈന്‍സൈമിന്റെ അളവ് 2000 മുതല്‍ 4000 മി.ഗ്രാം വരെ ഉയരുന്നത്   കടുത്ത ആരോഗ്യപ്രശ്നമാണുണ്ടാക്കുക.

നിരവധി വാഹനങ്ങളാണ് ഓടിക്കൊണ്ടിരിക്കുന്നതിനിടയിലോ നിർത്തിയിട്ട സ്‌ഥലങ്ങളിലോ കത്തിയത്.ഷോർട്ട് സർക്യൂട്ട് പോലുള്ളവ ഇതിനു കാരണമാണെങ്കിലും ചൂടുകാലത്തു വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറയ്ക്കാതിരിക്കുകയാണ് നല്ലതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ചൂടുകാലത്ത് ഉച്ചസമയത്ത് ഡ്രൈവിങ്ങില്‍ പ്രത്യേകത ശ്രദ്ധ ചെലുത്തണം. വാഹനങ്ങള്‍ മണിക്കൂറുകളോളം കഠിന ചൂടില്‍ നിര്‍ത്തിയിട്ട് പെട്ടെന്ന് സ്റ്റാര്‍ട്ട് ചെയ്ത് എടുക്കുമ്പോഴും അതീവ ശ്രദ്ധ വേണം. അത്യുഷ്ണ സമയത്ത് അമിത വേഗത അപകടമാണ്.കുട്ടികളെ കാറിൽ ഇരുത്തി പോവുക,പൊരിവെയിലത്ത് പാർക്ക് ചെയ്യുക തുടങ്ങിയവയെല്ലാം അപകടങ്ങളെ ക്ഷണിച്ചു വരുത്തും.

You might also like

Most Viewed