കേരളീയ സമാജത്തിന്റെ ഗുരുപൂജ പുരസ്കാരം ചിക്കൂസ് ശിവന് സമ്മാനിച്ചു


മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം ഏർപ്പെടുത്തിയ പ്രഥമ ഗുരുപൂജ പുരസ്കാരം ചിക്കൂസ് ശിവന് നല്കി ആദരിച്ചു. അമ്പത് വർഷമായി അദ്ധ്യാപന രംഗത്തും കുട്ടികളുടെ കലാ സാംസ്കാരിക രംഗത്തും ചെയ്തുവരുന്ന മികച്ച സംഭാവനക്കുള്ള അംഗീകാരമാണ് ഗുരുപൂജ പുരസ്കാരമെന്ന് സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ള അറിയിച്ചു.

കുട്ടികളുടെ തിയേറ്ററുമായി ബന്ധപ്പെട്ടു ആലപ്പുഴ കേന്ദ്രമായി കഴിഞ്ഞ 35 വർഷക്കാലമായി പ്രവര്‍ത്തനം നടത്തി വരുന്ന കളിയരങ്ങിന്റെ ഡയറക്ടര്‍ കൂടിയായ ചിക്കൂസ് ശിവന് കുട്ടികളുടെ സര്ഗ്ഗവാനകള്ക്കും  വ്യക്തിത്വവികാസത്തിനും അവധികാല കലാപരിശീലന കളരികള്‍ക്കും നല്‍കി വരുന്ന  സേവനങ്ങളെ മാനിച്ചാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. 

ജൂലൈ മൂന്ന് മുതല്‍ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നു വന്നിരുന്ന അവധികാല കളിക്കളത്തിന്റെ സമാപന ചടങ്ങിനോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. സമാജം ജൂബിലി ഹാളിൽ നടന്ന വർണ്ണ പകിട്ടാർന്ന ചടങ്ങിൽ ക്യാമ്പിൽ പങ്കെടുത്ത 140 ൽ  പരം കുട്ടികളുടെ കലാവിരുന്ന് നിറഞ്ഞ സദസ്സിന്റെ പ്രശംസ നേടി. സംഗീതവും, നൃത്തവും, നാടകവും കോർത്തിണക്കിയ വൈവിധ്യപൂർണമായ കലാപരിപാടികളിൽ 4 വയസ്സ് മുതൽ 16 വയസ്സ് വരെ പ്രായക്കാരായ കുട്ടികൾ അണിനിരന്നു. കളിക്കളത്തിൽ പരിശീലനം നേടിയ  ചണ്ടാലഭിക്ഷുകി,  സോളമന്റെ നീതി,  അമ്മുവിൻറെ ആട്ടിൻകുട്ടി എന്നീ ലഘുനാടകങ്ങൾ ശ്രദ്ധേയമായി. 45 ദിവസം നീണ്ടുനിന്ന അവധിക്കാല ക്യാമ്പിൽ കലാ പരിശീലനത്തോടൊപ്പം നാടൻ പന്തുകളി, കുട്ടിയും കോലും,  ഉപ്പും പക്ഷി,  കൊച്ചംകുത്ത്,  തലപ്പന്ത്  തുടങ്ങിയ പഴയകാല കളികളും, നാടൻ പാട്ടും നാടോടി നൃത്തങ്ങളും,  ചിത്ര രചനയും നിറഞ്ഞതായിരുന്നു കളിക്കളം. 

സമാപന ചടങ്ങിൽ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള,   അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ടി. ജെ. ഗിരീഷ്,  കലാവിഭാഗം സെക്രട്ടറി ഹരീഷ് മേനോൻ,  ജനറൽ കൺവീനർ  മനോഹരൻ പാവറട്ടി,  ക്യാമ്പ് കൺവീനർ ജയ രവികുമാർ തുടങ്ങിയവർ പങ്കെടുത്തു.

article-image

കളിക്കളത്തില്‍ പങ്കെടുത്ത കുട്ടികള്‍ 

You might also like

Most Viewed