നാട്ടിലെ പ്രളയം - കരളലിഞ്ഞ് ബഹ്റൈന്‍ പ്രവാസികള്‍


മനാമ:  കേരളം നേരിട്ട രണ്ടാം പ്രളയ ദുരന്തത്തെ തുടര്‍ന്ന് തങ്ങളുടെ അദ്ധ്വാനത്തിന്റെ ഫലമായ സ്ഥലം സംഭാവന ചെയ്ത് മാതൃകയാവുകയാണ് ബഹ്റൈനിലെ പ്രവാസി സുമനസുകള്‍.  ദുരന്ത വാര്‍ത്തയറിഞ്ഞയുടന്‍ തൃശ്ശൂര്‍ സ്വദേശിയും ബഹ്റൈന്‍ പ്രവാസിയുമായ ബഷീര്‍ വാണിയക്കോട് തന്റെ കൈവശമുള്ള 1.2 ഏക്കര്‍ സെന്റ് സ്ഥലം ദുരിതബാധിതര്‍ക്കായി മാറ്റിവെച്ചതിന് പിന്നാലെയാണ് മറ്റ് മൂന്ന് പേര്‍ കൂടി തങ്ങളുടെ സ്ഥലം നല്‍കാനുള്ള തീരുമാനവുമായി മുന്പോട്ട് വന്നത്. തൃശ്ശൂര്‍ വരന്തപള്ളിയില്‍ 30 വര്‍ഷം മുന്പ് വാങ്ങിയ സ്ഥലത്തില്‍ നിന്നാണ് ബഷീര്‍ വാണിയക്കോട്  25 കുടുംബങ്ങള്‍ക്കായി 1.2 ഏക്കര്‍ സ്ഥലം നല്‍കാന്‍ തീരുമാനിച്ചത്. തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ ബഷീര്‍ ഈ വിവരം അറിയിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം നിറ‍ഞ്ഞു. എറണാകുളം, തൃശ്ശൂര്‍ ജില്ലയിലെ നിരവധി ദുരിതബാധിതര്‍ ഭൂമിക്കായി അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ബഹ്റൈനിലെ ഹൂറയില്‍ അല്‍ നൂസ്ഹ റെസ്റ്ററാന്റ് എന്ന സ്ഥാപനം നടത്തിവരുന്ന ബഷീര്‍ പറയുന്നു.  

ബഷീറിന്റെ ഈ കാരുണ്യഹസ്തത്തിന് പിന്നാലെയാണ് പ്രവാസി കമ്മീഷന്‍ അംഗവും സാമൂഹിക പ്രവര്‍ത്തകനുമായ സുബൈര്‍ കണ്ണൂര്‍ തന്റെ പേരില്‍ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് - കണ്ണവം പ്രദേശത്തുള്ള  15 സെന്റ് സ്ഥലം മൂന്ന് ദുരിത ബാധിതർക്കായി നല്‍കാനുള്ള തീരുമാനം അറിയിച്ചത്. 1988  ൽ സാധാരണ സെയിൽസ് മാൻ ആയി ബഹ്‌റൈൻ പ്രവാസം ആരംഭിച്ച കണ്ണൂർ സുബൈർ 1989  മുതൽ ബഹ്‌റൈൻ പ്രതിഭയുടെ അംഗമാണ്.  ജീവകാരുണ്യ പ്രവർത്തനത്തിനുള്ള നിരവധി അവാർഡുകളും സുബൈര്‍ കണ്ണൂരിനെ തേടി നേരത്തെ എത്തിയിട്ടുണ്ട്.   വസ്തു സംബന്ധം ആയ കൈമാറ്റ രേഖകൾ  മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുമെന്ന് സുബൈർ കണ്ണൂർ അറിയിച്ചു 

സ്വന്തം നാടിന്റെ ദുരവസ്ഥ തിരിച്ചറിഞ്ഞാണ് ബഹ്റൈന്‍ പ്രവാസിയുടെ മലപ്പുറം നിലന്പൂര്‍ വളികടവ് മടപൊയ്ക് ചെരുവില്‍ വീട്ടില്‍ ജിജി ജോര്‍ജ്ജ് പത്ത് വര്‍ഷത്തെ പ്രവാസജീവിതത്തിന്റെ അദ്ധ്വാനം കൊണ്ട് ഒരു മാസം മുന്പ് വാങ്ങിയ 25 സെന്റ് ഭൂമിയിലെ 20 സെന്റ് ദുരിതത്തിലായ അഞ്ച് കുടുംബങ്ങള്‍ക്ക്  തുല്യമായി വീതിച്ച് നല്‍കാന്‍ തീരുമാനിച്ചത്. അദ്ലിയയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് ഇവര്‍. നാട്ടിലെ കുടുംബവും തന്റെ ഈ തീരുമാനത്തെ സര്‍വാത്മന അംഗീകരിച്ചുവെന്നും ജിജി പറയുന്നു. ഈ വിവരം പി.വി. അന്‍വര്‍ എം.എല്‍.എയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അനുയോജ്യരായ അഞ്ച് കുടുംബങ്ങളെ കണ്ടെത്തുമെന്നും ജിജി അറിയിച്ചു. ജിജിയുടെ ഭര്‍ത്താവ് നേരത്തേ മഞ്ഞപിത്തം ബാധിച്ച് മരിച്ചുപോയിരുന്നു. മക്കളായ അഖില്‍, നിഖില്‍, അനൈന എന്നിവര്‍ നാട്ടിലാണ്. 

ബഹ്റൈന്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് കത്തീഡ്രലിന്റെ മുന്‍ സെക്രട്ടറി റോയ് സ്കറിയ നിലന്പൂരിലെ വഴിക്കടവ് വില്ലേജില്‍ തന്റെ പേരിലുള്ള 40 സെന്റ് വസ്തുവാണ്  ഭവനരഹിതരായ എട്ടുപേര്‍ക്ക് സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചരിക്കുന്നത്. പ്രളയ സമയങ്ങളിൽ നിലമ്പൂരിൽ ആയിരുന്ന റോയിയും കുടുംബവും അടുത്തുള്ള ക്യാമ്പുകളിൽ സന്ദർശിക്കുകയും തങ്ങളാൽ കഴിയുന്ന രീതിയിൽ വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തിരുന്നു. 2013 മുതൽ ബഹ്റൈനിൽ പ്രവാസം ആരംഭിച്ച റോയ് സ്കറിയ ടെസ്റ്റിംഗ് ആൻഡ് സർട്ടിഫിക്കേഷൻ മേഖലയിൽ പ്രശസ്തമായ എസ് ജി എസ് എന്ന സ്വിറ്റ്സർലൻഡ് ആസ്ഥാനമായ കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആണ്. ഷീബ റോയ് ഭാര്യയും രണ്ടു പെൺകുട്ടികളും അടങ്ങുന്നതാണ് റോയ് സ്‌കറിയയുടെ കുടുംബം.  നിലമ്പൂർ എംഎൽഎ  പി വി അൻവറിന്റെ നേതൃത്വത്തിലുള്ള  റിബില്‍ഡ് നിലന്പൂര്‍ ഇനിഷ്യേറ്റീവിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഭവന പദ്ധതികൾക്കായിട്ടാണ് തികച്ചും വാസയോഗ്യമായ റോഡ് സൈഡിലുള്ള ഈ ഭൂമി റോയ് സ്കറിയ സംഭാവന ചെയ്യുന്നത്. 

പണത്തിനും മറ്റ് സഹായങ്ങള്‍ക്കും പുറമേ പ്രവാസജീവിതത്തില്‍ നിന്നുണ്ടാക്കിയ സ്വത്തില്‍ ഒരു ഭാഗം നാടിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന ഇവരെ അഭിനന്ദിക്കുകയാണ് പ്രവാസി സമൂഹം. 

You might also like

Most Viewed