മോഡിയെ കാത്ത് ബഹ്റൈൻ


മനാമ : നാളെ ഉച്ചയോടെ അബുദാബിയില്‍ നിന്ന് ബഹ്റൈനിലെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോഡിയെ കാത്ത്  ഇന്ത്യൻ പ്രവാസി സമൂഹവും, ബഹ്റൈനും.  ബഹ്റൈന്‍ രൂപം കൊണ്ടതിന് ശേഷം ഇവിടെ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേദ്ര മോഡി. 
 
നരേന്ദ്ര മോദിയുടെ ബഹ്റൈൻ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ രാജ്യത്തിന്റെ പ്രധാന വീഥികളിലും, പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുസമേളനം നടക്കുന്ന  ഇസാ ടൗണിലെ നാഷണൽ സ്റ്റേഡിയത്തിന്റെ സമീപ പ്രദേശങ്ങളിലും നരേന്ദ്ര മോദിക്ക് സ്വാഗതമരുളിക്കൊണ്ടുള്ള ചിത്രങ്ങളും ഇന്ത്യൻ ദേശീയ പതാകയും പാറിക്കളിക്കുകയാണ്. നരേദ്ര മോദിയുടെ ചിത്രവും,   ഇന്ത്യൻ ദേശീയ പതാകയും ആലേഖനം ചെയ്ത ടീഷർട്ടുകളും തൊപ്പികളും വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് മോഡി ആരാധകർ.  
 
നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് ബഹ്റൈനിൽ എത്തുന്ന പ്രധാനമന്ത്രി ഉച്ചഭക്ഷണത്തിന് ശേഷം ബഹ്റൈൻ പ്രധാനമന്ത്രി, രാജാവ് എന്നിവരെ സന്ദർശിച്ച ശേഷമാണ് വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്. സമ്മേളനത്തിൽ പങ്കെടുക്കാനുള്ള പ്രവേശന പാസ് വാങ്ങാനായി അഭൂതപൂർവമായ തിരക്കാണ്  ഇന്നലെയും, ഇന്ന് രാവിലെ മുതലും  ഇന്ത്യൻ എംബസിയിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.  പ്രവേശന പാസിനൊപ്പം തങ്ങളുടെ സിപിആർ കാർഡുകൾ സമ്മേളനത്തിൽ പങ്കെടുക്കാൻ വരുന്പോൾ കൊണ്ടുവരേണ്ടതാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഭക്ഷണ സാധനങ്ങൾ, വലിയ ബാഗുകൾ, കുട, എന്നിവ കൊണ്ടു വരാൻ പാടില്ലെന്നും, അതേ സമയം മൊബൈൽ ഫോൺ അനുവദിച്ചിട്ടുണ്ടെന്നും എംബസി വൃത്തങ്ങൾ അറിയിച്ചു. മൂന്നര  മണി മുതൽ ഇവിടെ ആളുകൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. 150ഓളം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന വിവിധ ഇന്ത്യന്‍ കലാരൂപങ്ങളും ഇവിടെ അരങ്ങേറും. 
 
പൊതുസമ്മേളത്തിന് ശേഷം രാത്രി ബഹ്റൈന്‍ രാജാവ് കിങ്ങ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ ഒരുക്കുന്ന അത്താഴ വിരുന്നില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കൊപ്പം പ്രധാനമന്ത്രി നരേദ്ര മോഡി പങ്കെടുക്കും. ഞായറാഴ്ച്ച രാവിലെ അദ്ദേഹം മനാമ  ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഇരുന്നാറാം വാർഷികാഘോഷത്തോടനുബന്ധിച്ച് 30 കോടി രൂപയിൽ അധികം ചെലവ് വരുന്ന നവീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. 

You might also like

Most Viewed