ഇന്ത്യൻ ക്ലബ്ബ് ടാലന്റ് ഫെസ്റ്റ് അവാർഡ് നിശയും 'അൽ മല്ലു' സിനിമാ ലോഞ്ചിംഗും ഇന്ന്


മനാമ: ഇന്ത്യൻ ക്ലബ്ബ് കഴിഞ്ഞ 35 ദിവസത്തിലധികമായി നടത്തിവരുന്ന  കലാ സാഹിത്യ മത്സരം  ടാലന്റ് ഫെസ്റ്റ് വിജയികൾക്കുള്ള അവാർഡ് ദാനവും മലയാള ചലച്ചിത്രം അൽ മല്ലു സിനിമയുടെ ലോഞ്ചിംഗ് ചടങ്ങും ഇന്ന് വൈകീട്ട് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടക്കും. അൽ മല്ലു ചലച്ചിത്രത്തിലെ നായിക നമിത പ്രമോദ്,സംവിധായകൻ ബോബൻ സാമുവൽ എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും. കൂടാതെ ചിത്രത്തിലെ പുതുമുഖ നടൻ ഫാരിസ്, സംഗീത സംവിധായകൻ രഞ്ജിൻ ലാൽ എന്നിവരും ചടങ്ങിൽ സംബന്ധിക്കും. ഇന്ത്യൻ ക്ലബ്ബ് ടാലന്റ് ഫെസ്റ്റിൽ വ്യക്തിഗത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയന്റുകൾ നേടി ഗ്രൂപ്പ് ചാമ്പ്യനും ഡാൻസിംഗ് ജുവൽ പട്ടവും നേടിയ അനഘ എസ് ലാലും ഈ ചിത്രത്തിന്റെ ഭാഗമായി ആദരിക്കപ്പെടുന്നുണ്ട്. മത്സരാർത്ഥികളായ എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകളും, വിജയികൾക്കുള്ള ട്രോഫികളും ചടങ്ങിൽ വിതരണം ചെയ്യും.

article-image

മികച്ച മത്സരാർത്ഥികൾ മാറ്റുരച്ച വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ശൗര്യ ശ്രീജിത് ഐസിബി ടാലന്റ് പ്രിൻസായും സ്നേഹ മുരളീധരൻ ഐ.സി.ബി ടാലന്റ് രാജകുമാരിയായും തിരഞ്ഞെടുക്കപ്പെട്ടു. ഹിമാ അജിത്കുമാർ, ശ്രേയ മുരളീധരൻ, ശ്രേയ ഗോപകുമാർ ആശ്ചര്യ കെ. രമേശ്, അനഘ എസ്. ലാൽ എന്നിവർ യഥാക്രമം ഗ്രൂപ്പ് 1 മുതൽ 5 വരെയുള്ള ഗ്രൂപ്പ് ചാമ്പ്യന്മാർ. ഇതിനു പുറമെ ഐസിബി ഡാൻസിംഗ് ജുവൽ കിരീടം അനഘ എസ് ലാലും, ഐസിബി മ്യൂസിക്കൽ ജെം കിരീടം അതുൽകൃഷ്ണ ഗോപകുമാറും നേടി. ശിൽ‌പ സന്തോഷ് ഐ‌.സി‌.ബി ആർട്ടിസ്റ്റിക് പേൾ ആയും, ശ്രീഹാംസിനി ബാലമുരുകനെ 2019 ലെ ലിറ്റററി ഡയമണ്ടായും പ്രഖ്യാപിച്ചു. ആർട്ടിസ്റ്റിക് സ്‌പെഷ്യൽ അവാർഡ് മിയ മറിയം അലക്സിന് ലഭിച്ചു. ഗ്രൂപ്പ് ത്രീ സ്‌പെഷ്യൽ അവാർഡ് റിത്വിക ശ്രീനാഥിനും ഐസിബി ടാലന്റ് ഫെസ്റ്റ് സ്‌പെഷ്യൽ അവാർഡ് അദ്വൈത്ത് അനിൽകുമാറിനും ലഭിച്ചു.

ഇന്ത്യൻ പൊതു സമൂഹത്തിൽ അഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവർക്കായി നടത്തിയ പവിഴ ദ്വീപിലെ ഏറ്റവും വലിയ  കലാ മാമാങ്കമായി മാറി ഈ ഫെസ്റ്റ്. സാഹിത്യം, സംഗീതം, നൃത്തം, കല, മറ്റ് ഇനങ്ങളിലും, ഗ്രൂപ്പ് അടിസ്ഥാനമാക്കിയുള്ള മത്സരങ്ങളിലുമായി ആറ് വിഭാഗങ്ങളായി വിഭജിച്ച് നടത്തിയ മത്സരങ്ങൾ മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് സമൂഹ മധ്യത്തിൽ ശ്രദ്ധ നേടി. 'കലോത്സവത്തിന് ലഭിച്ച പൊതുജന സ്വീകാര്യത ഞങ്ങളെ അത്ഭുതപ്പെടുത്തി. ഞങ്ങളുടെ മനസ്സിലെ ചെറിയൊരു ആശയം,   പ്രതീക്ഷകൾക്കപ്പുറമായി വളർന്നതിൽ അഭിമാനിക്കുന്നു'. ഇന്ത്യൻ ക്ലബ് സെക്രട്ടറി ജോബ് ജോസഫ്,പ്രസിഡണ്ട് സ്റ്റാലിൻ എന്നിവർ  പറഞ്ഞു.

You might also like

Most Viewed