മുഴുവന്‍ പ്രവാസികള്‍ക്കും സര്‍ക്കാര്‍ സൗജന്യമായി ക്വാറന്‍റൈന്‍ ഒരുക്കണം: സമസ്ത ബഹ്റൈന്‍


മനാമ: വിദേശ രാഷ്ട്രങ്ങളില്‍ നിന്ന് ഇപ്പോള്‍ നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികളെ പാവപ്പെട്ടവരെന്നും അല്ലാത്തവരെന്നും വേര്‍തിരിച്ചു കാണരുതെന്നും ക്വാറന്‍റൈനുള്‍പ്പെടെയുള്ള മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിക്കണമെന്നും സമസ്ത ബഹ്റൈന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

നാട്ടിലെത്തുന്ന പ്രവാസികള്‍ ക്വാറന്‍റൈന്‍ ചിലവ് വഹിക്കണമെന്ന് നേരത്തെ പറഞ്ഞ മുഖ്യമന്ത്രി പിന്നീട് അത് തിരുത്തി പറഞ്ഞത് ആശ്വാസകരമാണ്. എന്നാല്‍ പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്നും ചെലവ് താങ്ങാന്‍ കഴിയുന്നവരില്‍ നിന്നുമാത്രം അത് ഈടാക്കുകയും ചെയ്യുമെന്നാണ് ബഹു. മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍ നാട്ടിലെത്തുന്ന പ്രവാസികളില്‍ നിന്നും പാവപ്പെട്ടവനെയും അല്ലാത്തവരെയും സര്‍ക്കാര്‍ വേതിരിക്കരുത്.
ഈ പ്രത്യേക സാഹചര്യത്തില്‍ പ്രവാസ ലോകത്ത് പിടിച്ചു നില്‍ക്കാന്‍ കഴിയുന്നവരെല്ലാം പരമാവധി ഇവിടെ നില്‍ക്കുന്നുണ്ട്. അതിന് കഴിയാത്തവരാണിപ്പോള്‍ നാട്ടിലെത്താന്‍ ശ്രമിക്കുന്നത്. അവരില്‍ ജോലി നഷ്ടപ്പെട്ടവരും വിസ കാന്‍സലായവരും വിട്ടുമാറാത്ത അസുഖങ്ങളുള്ളവരും വരെയുണ്ട്.


അവരില്‍ നിന്നും പാവപ്പെട്ടവരെയും അല്ലാത്തവരെയും എങ്ങിനെയാണ് സര്‍ക്കാര്‍ വേര്‍തിരിച്ച് പണം ഈടാക്കുകയെന്നും പ്രസ്താവനയില്‍ അവര്‍ ചോദിച്ചു. നിലവില്‍ നാട്ടിലെത്താന്‍ നിര്‍ബന്ധിതരായവര്‍ എങ്ങിനെയെങ്കിലും എത്രയും പെട്ടെന്ന് സ്വന്തം വീട്ടിലെത്തണമെന്നാഗ്രഹിക്കുന്നവരാണ്. എന്നിട്ടും അവരെ വീട്ടിലേക്ക് വിടാതെ ക്വാറന്‍റൈനില്‍ താമസിപ്പിക്കുന്നത് അവരേക്കാളുപരി നമ്മുടെ നാടിന്‍റെ സുസ്ഥിതിക്ക് വേണ്ടി കൂടിയാണ്.
മാത്രവുമല്ല, അവര്‍ക്ക് ക്വാറന്‍റൈന്‍ ഒരുക്കാനായി സമസ്തയുടെ പതിനായിരക്കണക്കിന് മദ്റസകളും മത സ്ഥാപനങ്ങളും വരെ നാട്ടില്‍ സൗജന്യമായി സമസ്ത വിട്ടു നല്‍കുകയും ചെയ്തിട്ടുണ്ട്. ഇനിയവര്‍ക്ക് ഭക്ഷണവും ചികിത്സയും മാത്രമാണ് സര്‍ക്കാര്‍ നല്‍കേണ്ടി വരിക. നാട്ടിലെ റേഷന്‍ സംവിധാനങ്ങളും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പരിഹരിക്കാവുന്ന ഒരു പ്രശ്നം മാത്രമാണത്. അവ ഉപയോഗപ്പെടുത്തുന്നതിന് പകരം സ്വന്തം പണം മുടക്കി നാട്ടിലെത്തിയ പ്രവാസികളെ വീണ്ടും ചൂഷണം ചെയ്യാനുള്ള ഈ നീക്കത്തില്‍ നിന്നും ബഹു. മുഖ്യമന്ത്രിയും സര്‍ക്കാരും പിന്തിരിയണം.
നാടിന്റെ സമ്പദ്ഘടനയില്‍ നിര്‍ണായക പങ്ക് വഹിച്ചവരാണ് പ്രവാസികള്‍. ഇപ്പോഴും നാടിനും നാട്ടുകാര്‍ക്കും വേണ്ടി സേവന പ്രവര്‍ത്തനങ്ങളും കാരുണ്യ പ്രവര്‍ത്തനങ്ങളും അവര്‍ നടത്തുന്നുണ്ട്.


പ്രവാസികള്‍ക്കായി സര്‍ക്കാരും മുഖ്യമന്ത്രിയും പ്രഖ്യാപിച്ച പല വാഗ്ദാനങ്ങളും പൂര്‍ണ്ണമായി ഇപ്പോഴും നടപ്പിലാക്കിയിട്ടില്ല. ഈ പ്രതിസന്ധി ഘട്ടത്തിലും സ്വന്തം ചിലവില്‍ ടിക്കറ്റെടുത്ത് നാട്ടിലെത്തുന്ന അവരെ സര്‍ക്കാര്‍ ചൂഷണം ചെയ്യരുത്. നാട്ടിലെത്തിയാലെങ്കിലും അധികാരികള്‍ അവരോട് കരുണ കാണിക്കണമെന്നും ഇനിയുള്ള അവരുടെ ചിലവുകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ തന്നെ വഹിക്കണമെന്നും സമസ്ത ബഹ്റൈന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

You might also like

Most Viewed