യാത്രാ വിലക്ക് തുടരുന്നു ; വലഞ്ഞ് പ്രവാസികൾ


മനാമ 

കോവിഡ് പ്രതിസന്ധി കാരണം ഇന്ത്യയിൽ നിന്ന് ബഹ്റൈൻ അടക്കമുള്ള രാജ്യങ്ങളിലേയ്ക്കുള്ള മടക്കയാത്രയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നത് നാട്ടിലുള്ള പ്രവാസികളെ വലിയ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നു. നിലവിൽ ആഗസ്ത് 31 വരെയാണ് ഇന്ത്യ അന്താരാഷ്ട്ര വിമാന സെർവീസുകൾക്ക് വിലക്ക് നീട്ടിയിരിക്കുന്നത്. നേരത്തെ ഇത് ജൂലൈ 31 വരെയായിരുന്നു. ഈ തീരുമാനത്തോടെ ഏറ്റവും ചുരുങ്ങിയത് ആഗസ്ത് 31 വരെയെങ്കിലും പ്രവാസികൾക്ക് തിരികെ എത്താൻ സാധിക്കാത്ത അവസ്ഥായാണ് ഉള്ളത്. 

കോവിഡ് പ്രതിസന്ധി രൂക്ഷമായതിന് തൊട്ട് മുന്പ് നാട്ടിൽ പോയ പലരുടെയും വിസ കാലാവധി തീർന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ഇവർ ദിവസേന എന്നോണം പലരെയും വിളിച്ച് തങ്ങളുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനം ആകുമോ എന്ന് അന്വേഷിച്ച് വിളിച്ച് കൊണ്ടിരിക്കുകയാണെന്ന് ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറി ബഷീർ അന്പലായി പറഞ്ഞു. ഇവിടെ ബിസിനസ് ചെയ്യുന്നവരടക്കമുള്ള നിരവധി പേരാണ് ഈ ഒരു കാരണം കൊണ്ട് വലിയ മാനസിക സമ്മർദ്ധം നേരിടുന്നത്. ജൂൺ 28 വരെ വന്ദേഭാരത് മിഷനിൽ യാത്രാക്കാർക്ക് തിരികെ ബഹ്റൈനിലേയ്ക്ക് എത്താൻ സാധിച്ചിരുന്നു. ഇതിന് ശേഷമാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയത്. ഇതിന് പ്രത്യേക കാരണം ഒന്നും തന്നെ പറഞ്ഞിട്ടില്ല.

ഈ ഒരു അവസ്ഥയിൽ ഇന്ത്യൻ ഗവൺമെന്റ് എത്രയും പെട്ടന്ന് ഗൾഫ് രാജ്യങ്ങളുമായി ഒരു ഉഭയകക്ഷി കരാർ ഉണ്ടാക്കണമെന്നും, വന്ദേഭാരത് വിമാനമോ, ചാർട്ടേർഡ് വിമാന സൗകര്യമോ ഇതിനായി അനുവദിക്കണമെന്നും ബഷീർ അന്പലായി പറഞ്ഞു. ഇതോടൊപ്പം തന്നെ ആയിരക്കണക്കിന് പ്രവാസികൾക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കോവിഡിന് മുന്പ് എടുത്ത ടിക്കറ്റുകൾക്ക് റീഫണ്ട് അനുവദിച്ചിട്ടില്ല. പകരം ഒരു വർഷത്തിനുള്ളിൽ യാത്ര ചെയ്യാനുള്ള അവസരം മാത്രമാണ് നൽകിയത്. ഈ തീരുമാനവും ഉടൻ പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

You might also like

Most Viewed