ബഹ്‌റൈനിൽ കോവിഡ് വ്യാപനത്തിൽ കുറവ്; മരണം 308


മനാമ: ബഹ്‌റൈനിൽ ഇന്നലെ 3 കോവിഡ് മരണങ്ങൾ കൂടി രേഖപെടുത്തിയതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 308 ആയി. രണ്ട് സ്ത്രീകൾക്കും ഒരു പുരുഷനുമാണ് ഇന്നലെ  ജീവൻ നഷ്ടമായത്. സ്ത്രീകളിൽ മരണപ്പെട്ടത് 87 വയസായ വിദേശിയും, 70 വയസായ സ്വദേശിയുമാണ്. ഇതോടൊപ്പം അറുപ്പത്തിയഞ്ച് വയസ് പ്രായമായ വിദേശി പുരുഷനും  മരിച്ചു. ഒക്ടോബറിൽ‍ 21 ദിവസം കഴിയുന്പോൾ ആകെ മരണപ്പെട്ടവരുടെ എണ്ണം 57 ആയി. അതേസമയം കഴിഞ്ഞ കുറേദിവസങ്ങിൽ രോഗവ്യാപനത്തിൽ നല്ല രീതിയിലുള്ള കുറവാണ് ദൃശ്യമാകുന്നത്. ഒക്ടോബർ ആദ്യ വാരം വരെ സ്വദേശികളുടെ ഇടയിൽ വ്യാപകമായ രോഗവ്യാപനം ഉണ്ടായിരുന്നെങ്കിലും അതിൽ ഇപ്പോൾ അന്പത്തിയഞ്ച് ശതമാനം വരെ കുറവ് വന്നിട്ടുണ്ട്. അതേസമയം വിദേശികളുടെ കാര്യത്തിൽ ഇരുപത് ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഓരോ ദിവസത്തെയും ശരാശരി രോഗികളുടെ എണ്ണം  ഇപ്പോൾ384 ആണ്. ഒക്ടോബർ മാസത്തിന്റെ തുടക്കത്തിൽ ഇത് 719 ആയിരുന്നു. സെപ്തംബർ 10 മുതൽ ഒക്ടോബർ 14 വരെ ആകെ 19170 പേരിലാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 98.9 ശതമാനവും രാജ്യത്തിനകത്തുള്ളവർ തന്നെയായിരുന്നു. പുറത്ത് നിന്ന് വന്നവർ 1.1 ശതമാനം മാത്രമാണ്. ഇതിൽ  രോഗം ബാധിച്ചവരിൽ യഥാക്രമം 77 ശതമാനം പേർ സ്വദേശികളും,  23 ശതമാനം വിദേശികളുമാണ്.  രാജ്യത്തെ ആകെ മരണ നിരക്ക് 0.38 ശതമാനം മാത്രമാണ് എന്നതും  ആശ്വാസകരമാണ്.
ജൂൺ മാസമാണ് ഇതുവരെയായി ഏറ്റവുമധികം ജീവനുകൾ കോവിഡ് കാരണം ബഹ്റൈനിൽ നഷ്ടമായത്. ജൂണിൽ അറുപ്പത്തിയെട്ട് പേരാണ് മരിച്ചത്. ജൂലൈയിൽ  60ഉം, ആഗസ്തിൽ 43ഉം, സെപ്തംബറിൽ  61ഉം പേർ മരണപെട്ടു.  രോഗം രൂക്ഷമായി തുടങ്ങിയ മാർച്ച്, ഏപ്രിൽ മാസം നാല് പേരും, മെയ് മാസം 11 പേരുമാണ് കോവിഡ് ബാധിച്ച് ബഹ്റൈനിൽ മരണപ്പെട്ടത്. ആകെ മരണപ്പെട്ടവരിൽ 70 ശതമാനം പേരും  പുരുഷൻമാരാണ്. 216 പുരുഷൻമാരാണ് ആകെ മരണപ്പെട്ടത്. ഇതിൽ 123 പേർ സ്വദേശികളും 93 പേർ വിദേശികളുമാണ്. രോഗം ബാധിച്ച് മരണപ്പെട്ടവരിൽ 92 പേർ സ്്ത്രീകൾ ആണ്. ഇതിൽ 86 സ്വദേശികളും 5 വിദേശികളും ഉൾപ്പെടുന്നു. ആകെ മരണപ്പെട്ടവരിൽ 62 ശതമാനവും അറുപത് വയസിന് മുകളിൽ പ്രായമുള്ളവരാണ്. 
ഫെബ്രവരി 21നാണ് ബഹ്റൈനിൽ ആദ്യത്തെ കോവിഡ് കേസ് രേഖപ്പെടുത്തിയത്. മാർച്ച് 16നായിരുന്നു ആദ്യത്തെ കോവിഡ് മരണം സംഭവിച്ചത്. 65 വയസുകാരനായ സ്വദേശിയാണ് രാജ്യത്ത് ആദ്യമായി കോവിഡ് വന്ന് മരണപ്പെട്ടത്.  നിലവിൽ 3175 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 31 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. അതേസമയം ഫെബ്രവരി മുതൽ നോക്കുകയാണെങ്കിൽ 75424 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. ആകെ പരിശോധനകളുടെ എണ്ണം ഇന്നലെ വരെ 16, 48, 827 ആണ്. ഇന്നലെ 10391 പേരിലാണ് കോവിഡ് പരിശോധന നടന്നത്.

You might also like

Most Viewed