മുംബൈ­യിൽ‍ അത്യാ­ധു­നി­ക ഇലക്ട്രിക് ബസു­കൾ‍ സേ­വനമാ­രംഭി­ക്കു­ന്നു­


മുംബൈ: മുംബൈയിലെ ബ്രിഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്റ് ട്രാൻസ്പോർട്ട് (ബെസ്റ്റ്) കന്പനി വാങ്ങിയ നാല് പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകൾ മുംബൈയിലെ സബർബൻ സെക്ടറുകളിൽ സേവനമാരംഭിക്കും. യുവസേന നേതാവ് ആദിത്യ താക്കറെയാണ് ബസുകൾ ഉദ്ഘാടനം ചെയ്തത്.

ആറ് ബസുകളാണ് ബെസ്റ്റ് ഓർഡർ ചെയ്തിട്ടുള്ളത്. ഇതിൽ നാലെണ്ണം വെള്ളിയാഴ്ച എത്തി. ഒരോ ബസിനും 1.67 കോടി രൂപയാണ് ചിലവ്. യാത്രാച്ചെലവ് വലിയ അളവിൽ കുറയ്ക്കാൻ ഈ ബസുകൾക്ക് കഴിയും. ഡീസൽ വാഹനങ്ങൾക്ക് നിലവിൽ കിലോമീറ്ററിന് 18 രൂപയും സി.എൻ.ജി വാഹനങ്ങൾക്ക് കീലോമീറ്ററിന് 15 രൂപയുമാണ് ചെലവ് വരുന്നത്. എന്നാൽ പുതിയ ഇലക്ട്രിക് ബസുകളിൽ കിലോമീറ്ററിന് 8 രൂപ മാത്രമേ ചെലവ് വരികയുള്ളൂ. 31 പേർക്ക് ഇരിക്കാവുന്ന ബസുകൾ നിർമിച്ചിരിക്കുന്നത് ഗോൾഡ് സ്റ്റോൺ ഇൻഫ്രാടെക് ആണ്. ഒറ്റത്തവണ ചാർജ് ചെയ്താൽ മണിക്കൂറിൽ; 70 കിലോമീറ്റർ വേഗതയിൽ 200 കിലോമീറ്റർ സഞ്ചരിക്കാനാവും.

നാല് ലിഥിയം അയേൺ ബാറ്ററിയാണ് ബസിൽ ഉപയോഗിച്ചിരിക്കുന്നത്. അന്തരീക്ഷ മലിനീകരണത്തിന് പുറമെ ശബ്ദമലിനീകരണം വലിയ അളവിൽ കുറയ്ക്കാനും ഈ ഇലക്ട്രിക് ബസുകൾക്ക് സാധിക്കും.

യാത്രക്കാർക്കായി ആറ് മൊബൈൽ ചാർജർ സ്ലോട്ടുകളും സുരക്ഷാ ക്യാമറകളും റൂട്ട് മാപ്പ് ഡിസ്പ്ലേയും എല്ലാം ഈ അത്യാധുനിക ബസുകൾക്കുള്ളിലുണ്ടാവും.

ഇലക്ട്രിക് ബസുകൾ റോഡിലിറക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര. നേരത്തെ ഹിമാചൽപ്രദേശിലെ മണാലി− റോത്തക് റൂട്ടിൽ ഈ ഇലക്ട്രിക് ബസുകളുടെ സേവനം ആരംഭിച്ചിരുന്നു.

You might also like

Most Viewed