ഇന്ത്യ ഈ വർഷം 7.3 ശതമാനം വളർച്ച നേടുമെന്ന് ലോക ബാങ്ക്

ന്യൂഡൽഹി : 2018 -19 സാന്പത്തിക വർഷത്തിൽ ഇന്ത്യ 7.3 ശതമാനം വളർച്ച നേടുമെന്ന് ലോക ബാങ്ക്. അടുത്ത രണ്ട് സാന്പത്തിക വർഷങ്ങളിൽ രാജ്യം 7.5 ശതമാനം വളർച്ച നേടുമെന്നാണ് പ്രവചനം. ഗ്ലോബൽ ഇക്കണോമിക് പ്രോസ്പെക്ട് റിപ്പോർട്ടിലാണ് പരാമർശം ഉള്ളത്.
ഇന്ത്യൻ സന്പദ് വ്യവസ്ഥ ഇപ്പോൾ ശക്തവും സുസ്ഥിരമായ വളർച്ച കൈവരിക്കാൻ പര്യാപ്തവുമാണ്. ലോകത്തിലെ വളർന്നു കൊണ്ടിരിക്കുന്ന സന്പദ്ഘടനകളിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്തെന്നും ലോക ബാങ്ക് ഡെവലപ്മെന്റ് പ്രോസ്പെക്ട്സ് ഗ്രൂപ്പ് ഡയറക്ടർ അയ്ഹാൻ കോസ് വ്യക്തമാക്കി. ഉപഭോഗം വർദ്ധിച്ചതും നിക്ഷേപങ്ങൾ ഉയർന്നതും സന്പദ്ഘടനയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
ദക്ഷിണേഷ്യയിലെ വളർച്ച ഈ വർഷം 6.9 ശതമാനമായി മാറുമെന്നും 2019-ൽ 7.1 ശതമാനമായി ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ചൈനയുടെ വളർച്ച കഴിഞ്ഞ വർഷത്തെ 6.9 ശതമാനത്തിൽനിന്ന് ഈ വർഷം 6.5 ശതമാനമായി കുറയും. 2019-ൽ ഇത് 6.3 ശതമാനവും 2020-ൽ 6.2 ശതമാനവുമായി മാറിയേക്കും.
അതേസമയം 2018 സാന്പത്തിക വർഷത്തിലെ ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ നിരക്ക് 7.7 ശതമാനമായി ഉയർന്നിരുന്നു. ഇതേ കാലയളവിലെ ചൈനീസ് സന്പദ്ഘടനയുടെ 6.8 ശതമാനം വളർച്ചനിരക്ക് മറികടന്നാണ് ഇന്ത്യ മുന്നിലെത്തിയത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്. മാർച്ച് 31-ന് അവസാനിച്ച സാന്പത്തിക വർഷത്തിൽ 6.7 ശതമാനം വളർച്ചയാണ് രാജ്യം നേടിയത്. മുൻ വർഷം 7.1 ശതമാനമായിരുന്നു വളർച്ച നിരക്ക്. നിർമ്മാണ മേഖലയിൽ രാജ്യം 9.1 ശതമാനം വളർച്ചയാണ് കൈവരിച്ചത്. മുൻ വർഷം ഇത് 6.1 ശതമാനം ആയിരുന്നു.
നിക്ഷേപങ്ങൾ വൻതോതിൽ ഉയർന്നതും രാജ്യത്ത് മൊത്തത്തിലുണ്ടായ സാന്പത്തിക വളർച്ചയും നിർമ്മാണ മേഖലയ്ക്ക് ഗുണകരമായി. മതിയായ മുന്നൊരുക്കങ്ങളില്ലാതെ ചരക്കുസേവന നികുതി (ജി.എസ്.ടി.) നടപ്പാക്കിയത് തുടക്കത്തിൽ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നെങ്കിലും ഇതിൽനിന്ന് സന്പദ്ഘടന കരകയറിത്തുടങ്ങിയതായാണ് വ്യക്തമാകുന്നത്.