ബോധവൽക്കരണത്തിന് സിനിമയുടെ വഴി: ഐ സി ആർ എഫിന്റെ ചുവടുവയ്പ്പിന് പരക്കെ അംഗീകാരം


മനാമ :മാനസിക സമ്മർദ്ദങ്ങളെത്തുടർന്ന് ആത്മഹത്യ ചെയ്യുന്ന പ്രവാസി സമൂഹത്തിനെ ബോധവൽക്കരിക്കാൻ ഒരു കൗണ്സിലിംഗോ ഉപദേശമോ കൊണ്ട് സാധ്യമാകുന്നതിനുമപ്പുറം സാധാരണക്കാരുടെ ഭാഷയായ സിനിമയിൽ കൂടി ബോധവൽക്കരണം നടത്താമെന്ന ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് കമ്മിറ്റിയുടെ  ആശയത്തിന് ഇന്ത്യൻ സമൂഹത്തിൽ നിന്നും ബഹ്‌റൈൻ സ്വദേശികളിൽ നിന്നും വലിയ പിന്തുണ ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഹ്രസ്വ ചിത്ര സിനിമാ മത്സരം നടത്തി മികച്ച ചിത്രങ്ങൾ തെരഞ്ഞെടുക്കുക എന്ന ആശയമായിരുന്നു ഐ സി ആർ എഫ് മുന്നോട്ട് വച്ചത്. ഇതിനായി  വൈസ് ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ കോർഡിനേറ്റർ ആയി  ലൈഫ് എന്ന പേരിലുള്ള വിംഗ്   ഇതിനു വേണ്ടുന്ന പ്രവർത്തനങ്ങളും ആരംഭിച്ചു. വെറും രണ്ടാഴ്ചക്കുള്ളിൽ ആത്മഹത്യ വിഷയമാക്കി 14 ഓളം ഹ്രസ്വ ചിത്രങ്ങളാണ് മത്സരിക്കാൻ എത്തിയത്. വിദ്യാർഥികൾ അടക്കമുള്ള ബഹ്‌റൈനിലെ വിവിധ കൂടായ്മകളിൽ നിന്നാണ് ഹ്രസ്വ ചിത്രങ്ങൾ മത്സരിക്കാൻ എത്തിയത്. കുറച്ചു കൂടി സമയം ലാഭിരുന്നുവെങ്കിൽ കൂടുതൽ  ചിത്രങ്ങൾ മത്സരത്തിന് എത്തിയേനെ എന്നും ചെയർമാൻ അരുൾദാസ് അഭിപ്രായപ്പെട്ടു .അത് കൊണ്ട് തന്നെ എല്ലാ വർഷവും ഇത്തരത്തിലുള്ള ഹ്രസ്വ ചിത്ര മത്സരങ്ങൾ നടത്താനും തീരുമാനിച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു.
ഐ സി ആർ എഫ് ലൈഫിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും അല്മോയ്ദ് ആൻഡ് സൺസ് കമ്പനിയുടെ പിന്തുണയും അറിയിച്ചതായി ലൈഫ്  കോർഡിനേറ്ററും ഐ സി ആർ എഫ്   വൈസ് ചെയർമാനുമായ  ബാബു രാമചന്ദ്രൻ പറഞ്ഞു .അൽ മൊയ്ദ് മാനേജിംഗ് ഡയറക്ടർ മോനാ അല്മോയ്ദ് ഇന്നലെ നടന്ന ചടങ്ങിൽ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു.
ബഹ്‌റൈനിൽ ആത്മഹത്യ ചെയ്യപ്പെടുന്നവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ആണെന്നുള്ള തിരിച്ചറിവാണ് ഐ.സി.ആർ.എഫിന് ഇത്തരത്തിലുള്ള ബോധവൽക്കരണ പരിപാടിയുമായി മുന്നോട്ട് പോകാൻ കാരണമെന്ന് ചെയർമാൻ അരുൾദാസ് പറഞ്ഞു. ഈ വര്ഷം മാത്രം 33 ഇന്ത്യക്കാരാണ് ബഹ്റൈനില്‍  ആത്മഹത്യ ചെയ്തത്. അതിൽ വലിയൊരു ശതമാനം മലയാളികൾ ആയിരുന്നു.
ലേബർ ക്യാമ്പുകളിലും സാധാരണ തൊഴിലാളികൾക്കിടയിലും ചിത്രങ്ങൾ പ്രദർശിപ്പിപ്പുകയും തൊഴിലാളികൾക്കിടയിൽ പ്രത്യേക ബോധവൽക്കരണ പരിപാടികളും ലൈഫിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും. യു ട്യൂബിൽ ഉടൻ തന്നെ ചിത്രങ്ങളുടെ റിലീസുമുണ്ടാകും.
കൂടാതെ തൊഴിൽ പ്രശ്‌നം കാരണം  സാമ്പത്തിക പ്രയാസങ്ങൾ  കാരണമുള്ള  സമ്മർദ്ദം അനുഭവിക്കുന്നവർക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി കണ്ടെത്താനും ലൈഫിന്റെ ഭാഗത്തു നിന്ന് സഹായം ഉണ്ടാക്കുവാനുള്ള ശ്രമങ്ങളും നടത്തുമെന്നും ഐ സി ആർ എഫ് ഭാരവാഹികൾ അറിയിച്ചു.

You might also like

Most Viewed