നെഫ്‍റ്റ്, ആർടിജിഎസ് ഇടപാടുകൾ ജൂലൈ 1 മുതൽ സൗജന്യം


ന്യൂഡൽഹിആർ.ടി.ജി.എസ്, നെഫ്റ്റ് ചാനലുകൾ വഴിയുള്ള പണമിടപാടുകൾ ജൂലൈ 1 മുതൽ സൗജന്യമായിരിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇത് സംബന്ധിച്ച് മറ്റ് ബാങ്കുകൾക്ക്  നിർദ്ദേശം നൽകി. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനും അതിലൂടെ ഉണ്ടാകുന്ന നേട്ടം ഉപഭോക്താക്കളിലേക്കെത്തിക്കാനുമാണ് റിസർവ് ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെടുന്നത്. 

റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്‍റ് സിസ്റ്റം എന്നതിന്‍റെ ചുരുക്കെഴുത്താണ് RTGS. വലിയ തുകയുടെ പണമിടപാടുകൾ പെട്ടെന്ന് നടത്താനുള്ള ചാനലാണിത്. നാഷണൽ ഇലക്ട്രോണിക് ഫണ്ട്‍സ് ട്രാൻസ്ഫർ എന്നതിന്‍റെ ചുരുക്കെഴുത്ത് NEFT എന്നും. രണ്ട് ലക്ഷം രൂപ വരെ പെട്ടെന്ന് അയക്കാൻ ഉള്ള ചാനലാണ് NEFT. 

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ നെഫ്റ്റ് വഴിയുള്ള ഇടപാടുകൾക്ക് 1 മുതൽ 5 രൂപ വരെയും, ആ‍ർടിജിഎസ് ഇടപാടുകൾക്ക് 5 മുതൽ 50 രൂപ വരെയും ഈടാക്കുന്നുണ്ട്. 

പണനയം ച‍ർച്ച ചെയ്യുന്ന സമിതിയുടെ യോഗത്തിന് ശേഷം പുറത്തിറക്കിയ പുതിയ പോളിസി രേഖയിലാണ് NEFT, RTGS ഫീസ് ഒഴിവാക്കുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. ഡിജിറ്റൽ ഇടപാടുകൾ പരമാവധി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്. ഇതിലൂടെ ലഭിക്കുന്ന നേട്ടം ഇടപാടുകാർക്കു തന്നെ ബാങ്കുകൾ കൈമാറണമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു. ഇതിനുള്ള നിർദ്ദേശങ്ങൾ റിസർവ് ബാങ്ക് ഒരാഴ്ചയ്ക്കകം പുറത്തിറക്കും.

എടിഎം ഉപയോഗം രാജ്യത്ത് വർദ്ധിച്ച സാഹചര്യത്തിൽ എടിഎം ചാർജുകൾ ഈടാക്കുന്നതിൽ മാറ്റം വേണോ എന്ന കാര്യം ചർച്ച ചെയ്യാനും റിസർവ് ബാങ്ക് പുതിയ സമിതി രൂപീകരിച്ചിട്ടുണ്ട്. 

You might also like

Most Viewed