സിദ്ധാർത്ഥ് ശർമ്മ ടാറ്റാ ഗ്രൂപ്പിലേക്ക്


മുംബൈ: രാഷ്‌ട്രപതി ഭവനിൽ നിരവധി സുപ്രധാന പദവികൾ വഹിച്ച സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ സിദ്ധാർത്ഥ് ശർമ്മ ടാറ്റാ ഗ്രൂപ്പിലേക്ക്. ടാറ്റാ ഗ്രൂപ്പിന്‍റെ ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസറായാണ് അദ്ദേഹം ചുമതലയേറ്റത്. രാഷ്‌ട്രപതിഭവനു പുറമേ കേന്ദ്ര ധനമന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, നഗരവികസനം തുടങ്ങിയ വകുപ്പുകളിലായി പണ്ടു പതിറ്റാണ്ടിലേറെ പ്രവർത്തിച്ചതിനുശേഷമാണ് സ്വകാര്യ കന്പനിയിലേക്കുള്ള ചുവടുമാറ്റം. സർക്കാർ ജോലിയിൽനിന്നു പിരിഞ്ഞുപോകുകയോ വിരമിക്കുകയോ ചെയ്താൽ ഒരു വർഷത്തിനു ശേഷം മാത്രമേ സ്വകാര്യ കന്പനിയിൽ പ്രവേശിക്കാൻ പാടുള്ളൂ എന്ന് നിയമമുണ്ട്. എന്നാൽ, കഴിഞ്ഞ വർഷം ടാറ്റാ ഗ്രൂപ്പിൽ ചേർന്ന എസ്. ജയ്ശങ്കറിന് ഈ നിയമത്തിൽനിന്ന് സർക്കാർ ഒഴിവ് നല്കിയിരുന്നു. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി വിരമിച്ച ജയ്ശങ്കർ ഏതാനും മാസങ്ങൾക്കുള്ളിൽ ടാറ്റാ ഗ്രൂപ്പിന്‍റെ ഭാഗമായി. 

എന്നാൽ, വിരമിച്ച് ഒരു വർഷം പിന്നിട്ടതിനുശേഷമാണ് ശർമ്മ ടാറ്റാഗ്രൂപ്പിലേക്ക് ചേക്കേറുന്നത്. ടാറ്റാ സണ്‍സിൽ എസ്. പദ്മനാഭൻ വഹിച്ചിരുന്ന ചുമതലയാണ് അന്പതുകാരനായ ശർമ്മ ഏറ്റെടുക്കുന്നത്. ബിസിനസ് എക്സലൻസ് ആൻഡ് എത്തിക്സ് വിഭാഗത്തിലെ ചുമതലയിൽ പദ്മനാഭൻ തുടരും.

മാനവവിഭവശേഷി മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരെ ടാറ്റാ ഗ്രൂപ്പ് റാഞ്ചാറുണ്ട്. അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതിയായിരുന്ന റോണൻ സെൻ, മുൻ പ്രതിരോധ സെക്രട്ടറി വിജയ് സിംഗ് തുടങ്ങിയവർ ഇത്തരത്തിൽ ടാറ്റാ ഗ്രൂപ്പിൽ എത്തിയവരാണ്. റോണൻ സെൻ ഡയറക്ടറും വിജയ് സിംഗ് ടാറ്റാ സണ്‍സ് ട്രസ്റ്റിയുമാണ്. 

You might also like

Most Viewed