14000 കോടിയുടെ വായ്പ; അനിൽ അംബാനിക്കെതിരെ നടപടി ആവശ്യപ്പെട്ട് ചൈനീസ് ബാങ്കുകൾ


ന്യൂഡൽഹി: പ്രമുഖ വ്യവസായി അനിൽ അംബാനിക്കെതിരെ നടപടി ആവശ്യപ്പെട്ട് ചൈനയിലെ ബാങ്കുകൾ നിയമ നടപടികളിലേക്ക്. വൻ സാമ്പത്തിക കെണിയിലേക്ക് വീണ റിലയൻസ് കമ്മ്യൂണിക്കേഷൻ എന്ന കമ്പനിക്കെതിരെയാണ് ബാങ്കുകൾ നടപടി ആരംഭിച്ചത്. മൊത്തം 210 കോടി ഡോളർ [ഏകദേശം 14,000 കോടി രൂപ] പലിശയടക്കം വിവിധ ചൈനീസ് ബാങ്കുകൾക്ക് കമ്പനി നൽകാനുണ്ട്.

ചൈനയിലെ പൊതുമേഖലാ ബാങ്കായ ചൈന ഡെവലപ്മെന്റ് ബാങ്കിനാണ് ഏറ്റവും കൂടുതൽ തുക നൽകാനുള്ളത്. 9860 കോടി രൂപ. എക്‌സിം ബാങ്ക് ഓഫ് ചൈനക്ക് 3360 കോടി രൂപയും ഇൻഡസ്ട്രിയൽ ആൻഡ് കൊമേർഷ്യൽ ബാങ്ക് ഓഫ് ചൈനക്ക് 1554 കോടി രൂപയുമാണ് ബാധ്യതയുള്ളത്.

മൊത്തം 57,382 കോടി രൂപയുടെ വായ്പാ കുടിശ്ശികയാണ് തങ്ങൾക്കുള്ളതെന്ന് അനിൽ അംബാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെയും ചൈനയിലെയും ബാങ്കുകൾക്ക് പുറമെ റഷ്യൻ ബാങ്കായ വി ടി ബി ക്യാപിറ്റൽ, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, ഡ്യൂയിഷ് ബാങ്ക്, ഡി ബി എസ് ബാങ്ക്, എമിറേറ്റ്സ് എൻ ബി ഡി ബാങ്ക് തുടങ്ങിയ വിദേശ ബാങ്കുകൾക്കും പണം നല്കാനുണ്ട്. ഇതിൽ വി ടി ബി ക്യാപിറ്റലിന് മാത്രം 511 കോടി രൂപയാണ് തിരിച്ചടക്കാനുള്ളത്. മൊത്തം ബാധ്യതയുടെ നാലിലൊന്ന് ചൈനീസ് ബാങ്കുകൾക്കാണ് നൽകാനുള്ളത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 4910 കോടി രൂപയും എൽ ഐ സിക്ക് 4760 കോടിയും ബാങ്ക് ഓഫ് ബറോഡക്ക് 2700 കോടിയും മാഡിസൺ പസഫിക് ട്രസ്റ്റിന് 2350 കോടി രൂപയും ആക്സിസ് ബാങ്കിന് 2090 കോടി രൂപയുമാണ് അനിൽ അംബാനി കൊടുത്തു തീർക്കാനുള്ളത്. മാസങ്ങൾക്ക് മുമ്പ്  എറിക്‌സൺ എന്ന കമ്പനിക്ക് 550 കോടി രൂപ നൽകിയത് സുപ്രീം കോടതിയുടെ അന്ത്യശാസനത്തെ തുടർന്നാണ്. ഈ തുക അനുജന് വേണ്ടി ജ്യേഷ്ഠൻ മുകേഷ് അംബാനിയാണ് നൽകിയത്.

You might also like

Most Viewed