അതീവ സുരക്ഷ നമ്പർപ്ലേറ്റുകൾ ഘടിപ്പിക്കാത്ത വാഹനങ്ങൾ 28 മുതൽ സംസ്ഥാനത്തു റജിസ്റ്റർ ചെയ്യില്ല


തിരുവനന്തപുരം: അതീവ സുരക്ഷ നമ്പർപ്ലേറ്റുകൾ ഘടിപ്പിക്കാത്ത വാഹനങ്ങൾ 28 മുതൽ സംസ്ഥാനത്തു റജിസ്റ്റർ ചെയ്യില്ലെന്ന് മോട്ടർ വാഹന വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിലിനു ശേഷം ഇത്തരം നമ്പർ പ്ലേറ്റ് ഘടിപ്പിക്കാത്ത 1.20 ലക്ഷം വാഹനങ്ങളിൽ ഇതു നടപ്പാക്കി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് 27ന് ‌‌ഉള്ളിൽ കൈപ്പറ്റണമെന്നു ഡീലർമാർക്കു കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ആർ.ടി.ഒമാർക്കും ഡീലർമാർക്കും ഗതാഗത കമ്മിഷണർ കത്തയച്ചു. മോഷണം തടയാൻ ലക്ഷ്യമിട്ടാണു വാഹനങ്ങളിൽ അതീവസുരക്ഷ നമ്പർപ്ലേറ്റുകൾ കേന്ദ്ര സർക്കാർ ഏപ്രിൽ 1 മുതൽ നിർബന്ധമാക്കിയത്.

 ഹോളോഗ്രാം സ്റ്റിക്കറും ലേസർ കൊണ്ട് പതിപ്പിച്ച സ്ഥിര നമ്പരും ഉള്ള നമ്പർപ്ലേറ്റുകൾ ഇളക്കി മാറ്റാനാവില്ല. വാഹനനിർമ്മാതാക്കളോ ഡീലർമാരോ നമ്പർ പ്ലേറ്റ് തയ്യാറാക്കി ഉടമയ്ക്കു സൗജന്യമായി നൽകണം എന്നാണ് ചട്ടം. 3 മാസത്തിനിടെ വിറ്റഴിച്ചതിൽ 1.20 ലക്ഷം വാഹനങ്ങൾക്ക് ഇത്തരം നമ്പർപ്ലേറ്റ് ഘടിപ്പിച്ചിട്ടില്ല.

നമ്പർ പ്ലേറ്റുകളിലുള്ള  സ്ഥിര നമ്പർ ആർ.സി ബുക്കിൽ രേഖപ്പെടുത്തേണ്ടതുണ്ട്.ഇതു ലഭ്യമാകാത്തതു കാരണം ഇവയ്ക്ക് ആർസി ബുക്കും നൽകിയിട്ടില്ല. കേന്ദ്രസർക്കാരിന്റ ഉത്തരവിറങ്ങി 3 മാസം കഴി‍ഞ്ഞിട്ടും സംസ്ഥാനത്ത് ഇതു നിർബന്ധമാക്കാൻ വൈകുന്നതു മോട്ടർ വാഹന വകുപ്പിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും വിട്ടുവീഴ്ച ചെയ്യേണ്ടന്നുമാണ് ഗതാഗത കമ്മിഷണർ ആർ.ടി.ഒമാർക്കു നൽകിയിരിക്കുന്ന നിർദ്ദേശം.  

You might also like

Most Viewed