കോ​ക്ക​ന​ട്ട് കോ​ൺഫ​റ​ൻ​സ് വെ​ബ് സൈ​റ്റ് ലോ​ഞ്ചിം​ഗും ലോ​ഗോ പ്ര​കാ​ശ​ന​വും


തിരുവനന്തപുരം: ഇന്‍റർനാഷണൽ കോക്കനട്ട് കോൺഫറൻസിന്‍റെ വെബ് സൈറ്റ് ലോഞ്ചിംഗും ലോഗോ, ബ്രോഷർ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. കോക്കനട്ട് ചലഞ്ചിന്‍റെ പ്രഖ്യാപനം വ്യവസായ മന്ത്രി ഇ. പി. ജയരാജൻ നിർവഹിച്ചു.  ആഗസ്റ്റ് 17, 18 തീയതികളിൽ കോഴിക്കോട്ടാണ് സമ്മേളനം നടത്തുന്നത്. കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ(കെഎസ്ഐഡിസി), കേരള സംസ്ഥാന ആസൂത്രണ ബോർഡ്, കേരള സ്റ്റാർട്ട് അപ് മിഷൻ എന്നിവയുടെ സഹകരണത്തോടെ കേരള സർക്കാരും നാളികേര വികസന ബോർഡും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. നാളികേര മേഖലയെ പുരോഗതിയിലേക്കു നയിക്കുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങൾ രൂപീകരിക്കുകയാണ് സമ്മേളനത്തിന്‍റെ ലക്ഷ്യം. പൊതുജനങ്ങൾക്കായി പ്രദർശനങ്ങളും സമ്മേളനത്തിൽ ഒരുക്കും.

ആധുനിക നാളികേര കൃഷിയുടെ പ്രശ്നങ്ങൾ, മൂല്യവർദ്ധനവിലെ ഏറ്റവും നൂതന സാങ്കേതികവിദ്യാ വികാസങ്ങൾ, സമകാലിക വ്യാപാര വ്യവസ്ഥ, നാളികേര വികസനത്തിനുള്ള സ്ഥാപനപരമായ സംവിധാനങ്ങൾ എന്നിവയെല്ലാം ചർച്ച ചെയ്യും. ഒപ്പം ഈ വിഷയത്തിൽ ഇന്ത്യയുടെ അനുഭവവും ലോകത്തെ പ്രധാന ഉത്പാദകരാജ്യങ്ങളിലെ ശാസ്ത്രജ്ഞരുടെയും നയരൂപീകരണ വിദഗ്ദ്ധരുടെയും അനുഭവങ്ങളും സമ്മേളനത്തിൽ പങ്കുവയ്ക്കും. സമ്മേളനത്തിൽ സുസ്ഥിര നാളികേര വികസനത്തിനു വേണ്ട നയങ്ങളും പരിപാടികളും, നാളികേരത്തിന്‍റെ ഉത്പാദനവും ഉൽപ്പാദനക്ഷമതയും, വ്യാവസായികോൽപ്പാദനവും മൂല്യവർദ്ധനവും, രാജ്യാന്തര വ്യാപാര പ്രശ്നങ്ങൾ, കയർ മേഖലയുടെ സുസ്ഥിര വികസനത്തിനുവേണ്ട നയങ്ങളും പരിപാടികളും എന്നീ സെഷനുകളുണ്ടാവും. സമ്മേളനത്തോടനുബന്ധിച്ച് ദേശീയ കോക്കനട്ട് ചലഞ്ച് സംഘടിപ്പിക്കും. നാളികേര രംഗത്ത് (നാളികേര കൃഷി, വിപണനം, പ്രക്രിയ മെച്ചപ്പെടുത്തൽ എന്നിവയടക്കം) ആശയങ്ങളും നൂതന കണ്ടെത്തലുകളും പരിപോഷിപ്പിക്കുന്നതിനായി ചലഞ്ച് ശ്രമിക്കും. സ്റ്റാർട്ട് അപ്പുകൾ, വ്യക്തികൾ, വിദ്യാർഥികൾ എന്നിവരുടെ ആശയങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള സുവർണ്ണാവസരമാണ് ചലഞ്ച്. ഇത് ഉപദേശം ലഭിക്കുന്നതിനും വിവിധ സർക്കാർ ഏജൻസികളിൽനിന്നും ധനസഹായം ലഭിക്കുന്നതിനും അവരെ പ്രാപ്തരാക്കും.

You might also like

Most Viewed