സാന്പത്തിക മാന്ദ്യം; ബുള്ളറ്റിന്‍റെ പുതിയ പതിപ്പ് വിലകുറച്ച് അവതരിപ്പിച്ച് റോയൽ എൻഫീൽഡ്


മുംബൈ: കടുത്ത മാന്ദ്യത്തിലുടെയാണ് രാജ്യത്തെ വാഹനവിപണി കടന്നുപോകുന്നത്. ഈ സാഹചര്യത്തെ അതിജീവിക്കാൻ ഐക്കണിക്ക് മോഡലായ ബുള്ളറ്റിന്‍റെ പുതിയൊരു പതിപ്പിനെ വിലകുറച്ച് അവതരിപ്പിച്ചിരിക്കുകയാണ് റോയൽ‍ എൻഫീൽ‍ഡ്. ബുള്ളറ്റ് എക്‌സ് 350 ആണ് ഇന്ത്യൻ വിപണിയിൽ‍ അവതരിപ്പിച്ചത്. കിക്ക് സ്റ്റാർ‍ട്ട് വേരിയന്റിന് 1.12 ലക്ഷം രൂപയും ഇലക്ട്രിക് സ്റ്റാർ‍ടിന് 1.26 ലക്ഷം രൂപയുമാണ് ബൈക്കിന്‍റെ എക്‌സ് ഷോറൂം വില. ബുള്ളറ്റ് സ്റ്റാൻഡേഡ് സീരീസിനേക്കാൾ‍ 14,000 രൂപയോളം കുറവാണിത്.  സ്റ്റാൻഡേഡ് ബുള്ളറ്റ് മോട്ടോർ‍സൈക്കിളിന്റെ കിക്ക് സ്റ്റാർ‍ട്ട് വേരിയന്റിന് 1.21 ലക്ഷം രൂപയും ഇലക്ട്രിക് സ്റ്റാർ‍ട്ട് വേരിയന്റിന് 1.35 ലക്ഷം രൂപയുമാണ് വില. കുറഞ്ഞ വില തന്നെയാണ് പുതിയ മോഡലിനെ ആകർ‍ഷകമാക്കുന്നത്. 

ഓരോ വേരിയന്റിനും മൂന്ന് വീതം കളർ‍ ഓപ്ഷനുകളിലാണ് ബുള്ളറ്റ് എക്‌സ് 350 വരുന്നത്.  സിൽ‍വർ‍, സഫയർ‍ ബ്ലൂ, ഒനിക്‌സ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിൽ‍ പുതിയ ബുള്ളറ്റ് 350 ലഭ്യമാകും. ജെറ്റ് ബ്ലാക്ക്, റീഗൽ‍ റെഡ്, റോയൽ‍ ബ്ലൂ എന്നീ നിറങ്ങളിലാണ് ബുള്ളറ്റ് 350 ഇലക്ട്രിക് സ്റ്റാർ‍ട് മോഡൽ‍. പഴയ സ്റ്റാന്റേർ‍ഡ് ബുള്ളറ്റ് ഇഎസ് മോഡൽ‍ മെറൂൺ, സിൽ‍വർ‍ നിറങ്ങളിൽ‍ തന്നെ തുടർ‍ന്നും ലഭ്യമാകും. പുതിയ ബുള്ളറ്റ് 350യിൽ സ്റ്റാന്റേർ‍ഡിലെ ത്രീഡി ലോഗോ എംബ്ലത്തിന് പകരം സിംപിൾ‍ ലോഗായാണ്. എന്നാൽ, ബുള്ളറ്റ് 350 ഇഎസിലെ എംബ്ലം സ്റ്റാന്റേർ‍ഡിന് സമാനമാണ്.

കിക്ക് സ്റ്റാർ‍ട് വേരിയന്റിലെ ടാങ്ക് ലോഗോയിൽ‍ കാണുന്ന ചിറകുള്ള ഗ്രാഫിക്‌സ് ശ്രദ്ധേയമാണ്. രണ്ടാം ലോകമഹാ യുദ്ധാനന്തരമുള്ള റോയൽ‍ എൻ‍ഫീൽ‍ഡ് മോട്ടോർ‍സൈക്കിളുകളിൽ‍നിന്ന് പ്രചോദനമുൾ‍ക്കൊണ്ടതാണ് ഈ വിംഗ്ഡ് ഗ്രാഫിക്‌സ്. അതേസമയം ഇലക്ട്രിക് സ്റ്റാർ‍ട്ട് വേരിയന്റിൽ‍ പ്രീമിയം 3ഡി ബാഡ്‍ജുകളുണ്ട്. 

ബൈക്കിന്‍റെ മെക്കാനിക്കൽ‍ ഫീച്ചേഴ്‌സിൽ‍ മാറ്റമില്ല. 346 സിസി സിംഗിൾ‍ സിലിണ്ടർ‍ എയർ‍കൂൾ‍ഡ് കാർ‍ബുറേറ്റഡ് എന്‍ജിൻ 19 ബി.എച്ച്.പി പവറും 28 എൻ.എം ടോർ‍ക്കും സൃഷ്‍ടിക്കും. 5 സ്പീഡ് ഗിയർ‍ബോക്‌സാണ് ട്രാൻസ്‍മിഷൻ. സുരക്ഷയ്ക്കായി മുന്നിൽ‍ ഡിസ്‌കും പിന്നിൽ‍ ഡ്രം ബ്രേക്കുമാണ്. സിംഗിൾ‍ ചാനൽ‍ എ.ബി.എസ്, റിയർ‍ വീൽ‍ ലിഫ്റ്റ്−ഓഫ് പ്രൊട്ടക്ഷൻ (ആർ‍.എൽ.‍പി) എന്നിവ സുരക്ഷാ ഫീച്ചറുകളാണ്.  മുന്നിൽ ടെലിസ്കോപിക് ഫോർക്കും പിന്നിൽ ഇരട്ട ഷോക് അബ്സോബറുമാണു സസ്പെൻഷൻ.

ബുള്ളറ്റിന്റെ പുതു വകഭേദം അവതരിപ്പിച്ചതിനു പുറമെ രാജ്യത്ത് 250 റീട്ടെയ്ൽ സ്റ്റുഡിയോ സ്റ്റോറുകളും റോയൽ എൻഫീൽഡ് തുറന്നു. കരസേനയിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥരായിരുന്നു പുതുതായി ആരംഭിച്ച ടച് പോയിന്റുകളുടെയെല്ലാം ഉദ്ഘാടകർ. കൂടാതെ അടുത്ത മൂന്നു മാസത്തിനിടെ 250 സ്റ്റുഡിയോ സ്റ്റോറുകൾ കൂടി തുറക്കാനും റോയൽ എൻഫീൽഡിനു പദ്ധതിയുണ്ട്.

You might also like

Most Viewed